Connect with us

National

പിന്നില്‍ ഗൂഢാലോചന: ലാലു പ്രസാദ് യാദവ്‌

Published

|

Last Updated

ലാലുപ്രസാദ് യാദവ് (മുന്‍ റെയില്‍വേ മന്ത്രി): പുതിയ റെയില്‍വേ ബജറ്റിന് പിന്നില്‍ ചില ഗൂഢാലോചനകളുണ്ട്. സ്വകാര്യ മേഖലക്ക് റെയില്‍വേ കൈമാറാനുള്ള നീക്കമാണ് ഈ ഗൂഢാലോചനക്ക് പിന്നില്‍.
മുലായം സിംഗ് യാദവ് (സമാജ്‌വാദി പാര്‍ട്ടി നേതാവ്): പുതിയ റെയില്‍വേ ബജറ്റ് ജനവിരുദ്ധമാണ്. എന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഇത്രമാത്രം ജനവിരുദ്ധമായ ഒരു ബജറ്റ് കണ്ടിട്ടില്ല. ഇത് കോണ്‍ഗ്രസിന് വേണ്ടിയുള്ള ബജറ്റാണ്. റായ്ബറേലിയിലേക്ക് താങ്കള്‍ക്ക് പുതിയ ട്രെയിന്‍ അനുവദിക്കാം. പക്ഷേ അതിന്റെ പേരില്‍ ബണ്ഡേല്‍ഖണ്ഡിനെയും പൂര്‍വാഞ്ചലിനെയും അവഗണിക്കരുത്.
മായാവതി (ബി എസ് പി നേതാവ്): ബജറ്റ് തികച്ചും അസംതൃപ്തിയുളവാക്കുന്നതാണ്. പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും ഈ ബജറ്റ് കൊണ്ട് ഒരു നേട്ടവുമില്ല. പിന്‍വാതിലിലൂടെ നിരക്ക് വര്‍ധിപ്പിക്കുകയാണ് പുതിയ ബജറ്റ് ചെയ്യുന്നത്.
നിതീഷ് കുമാര്‍ (ബീഹാര്‍ മുഖ്യമന്ത്രി): പവന്‍ ബന്‍സലിന്റെ പ്രഥമ ബജറ്റ് ഭയാനകമാണ്. എന്തുകൊണ്ടാണ് ബീഹാര്‍ പോലുള്ള ദരിദ്ര സംസ്ഥാനം അവഗണിക്കപ്പെട്ടത്. പുതിയ ബജറ്റ് പ്രതീക്ഷകളൊന്നും നല്‍കുന്നില്ല. സര്‍ക്കാറിന് പ്രത്യേക ലക്ഷ്യമില്ലാത്തത് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. ഞാന്‍ അഞ്ച് തവണ റെയില്‍വേ ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്. ലക്ഷ്യങ്ങള്‍ എത്തിപ്പിടിക്കാനാവശ്യമായ ഫണ്ടിന് വേണ്ടി ഞാന്‍ പലപ്പോഴും ബുദ്ധിമുട്ടിയിട്ടുണ്ട്. പക്ഷേ, നിലവിലെ സര്‍ക്കാറിന് പണമുണ്ട്, ലക്ഷ്യങ്ങളില്ല. പുതിയ പദ്ധതികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ തീര്‍ച്ചയായും പണം ചെലവഴിക്കണം. പ്രത്യേകിച്ചും പൂര്‍ത്തിയാകാത്ത നിരവധി പദ്ധതികള്‍ ബാക്കി കിടക്കുമ്പോള്‍.
ജയലളിത (തമിഴ്‌നാട് മുഖ്യമന്ത്രി): പരോക്ഷമായ യാത്രാ നിരക്ക് വര്‍ധനവിലൂടെ പുതിയ റെയില്‍വേ ബജറ്റ് സാധാരണക്കാരുടെ പ്രയാസങ്ങള്‍ മുമ്പില്ലാത്ത വിധം വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇത് അവശ്യ സാധനങ്ങളുടെ വിലവര്‍ധനവിനിടയാക്കും. ധാന്യങ്ങള്‍, സിമന്റ്, കല്‍ക്കരി, ഇരുമ്പയിര് തുടങ്ങിയ അവശ്യവസ്തുക്കളുടെ വില വര്‍ധനവാണ് ഇതുമൂലം സംഭവിക്കാനിരിക്കുന്നത്.
പി ചിദംബരം (കേന്ദ്ര ധനമന്ത്രി): വളരെ ഉത്തരവാദിത്വപൂര്‍ണവും പ്രായോഗികവും നടപ്പാക്കാന്‍ കഴിയുന്നതുമായ ബജറ്റാണ് ഇത്. ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹം തുറന്നമനസ്സോടെ റെയില്‍വേയുടെ സാമ്പത്തിക നില തുറന്നുപറഞ്ഞു. ഇത് എടുത്തുപറയാവുന്ന ഒരു ബജറ്റാണ്.

Latest