ആര്‍ക്കും ഭൂരിപക്ഷമില്ലാതെ ഇറ്റലി തിരഞ്ഞെടുപ്പ്‌

Posted on: February 27, 2013 7:19 am | Last updated: March 6, 2013 at 12:34 pm

റോം: സാമ്പത്തിക പ്രതിസന്ധികള്‍ക്കിടിയില്‍ ഇറ്റലിയില്‍ നടന്ന വാശിയേറിയെ തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ല. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ 29.5 ശതമാനം വോട്ടുകള്‍ നേടി മധ്യ ഇടതുപക്ഷ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് നേരിയ മുന്‍തൂക്കം ലഭിച്ചു. മുന്‍ പ്രസിഡന്റ് സില്‍വിയോ ബെര്‍ലുസ്‌കോണിയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടിക്ക് 29.2 ശതമാനം വോട്ടുകളാണ് ലഭിച്ചത്. സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം ലഭിച്ചിട്ടില്ല. ഇതോടെ ഇറ്റലിയിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുമെന്ന് തിരഞ്ഞെടുപ്പ് നിരീക്ഷകര്‍ വ്യക്തമാക്കി. അധോസഭയിലും ഉപരിസഭയിലും ഒരുപാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിട്ടില്ലെന്ന് വക്താക്കള്‍ അറിയിച്ചു.
അടുത്ത മാസം പത്തിന് ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നതിന് മുമ്പ് സഖ്യ സര്‍ക്കാറുണ്ടാക്കാന്‍ രാഷ്ട്രീയ നേതാക്കള്‍ നെട്ടോട്ടത്തിലാണ്. സഖ്യ സര്‍ക്കാറുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് ഇറ്റാലിയന്‍ പ്രസിഡന്റ് ജോര്‍ജിയോ നെപ്പോലിന്റാനോ രാഷ്ട്രീയ പാര്‍ട്ടികളുടെ അടിയന്തര ചര്‍ച്ച വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
തിരഞ്ഞെടുപ്പില്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ മോണ്ടിയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സാമ്പത്തിക പരിഷ്‌കരണം ഏര്‍പ്പെടുത്തിയതാണ് ഇദ്ദേഹത്തിന്റെ ജനപിന്തുണ ഇടിയാന്‍ കാരണമായതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫൈവ് സ്റ്റാര്‍ മൂവ്‌മെന്റ് പാര്‍ട്ടിയുടെ നേതാവും ഹാസ്യ താരവുമായ ബെപ്പെ ഗ്രില്ലോക്ക് തിരഞ്ഞെടുപ്പില്‍ ശക്തമായ മുന്നേറ്റമാണ് ഉണ്ടായത്.