Connect with us

Sports

ഡബിളടിച്ച് ധോണി

Published

|

Last Updated

DHONIചെന്നൈ: 22 ഫോറുകള്‍…അഞ്ച് സിക്‌സറുകള്‍…243 പന്തില്‍ 206 റണ്‍സുമായി മഹേന്ദ്ര സിംഗ് ധോണി പുറത്താകാതെ നില്‍ക്കുന്നു…ആസ്‌ത്രേലിയന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച് ക്യാപ്റ്റന്‍ കൂള്‍ ധോണി കരിയറിലെ ആദ്യ ഇരട്ടസെഞ്ച്വറിയിലേക്ക് കുതിച്ചപ്പോള്‍ 135 റണ്‍സിന്റെ ലീഡായി ഇന്ത്യക്ക്. മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 515. ആസ്‌ത്രേലിയ ഒന്നാമിന്നിംഗ്‌സില്‍ 380ന് പുറത്തായിരുന്നു.
ധോണിക്കൊപ്പം ക്രീസിലുളള 16 റണ്‍സെടുത്ത ഭുവനേശ്വര്‍ കുമാറാണ്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 81 റണ്‍സിന് പുറത്തായപ്പോള്‍ വിരാട് കോഹ്‌ലി തന്റെ നാലാം ടെസ്റ്റ് സെഞ്ച്വറിയോടെ തിളങ്ങി. 206 പന്തില്‍ 107 റണ്‍സെടുത്ത കോഹ്‌ലി സ്പിന്നര്‍ നഥാന്‍ ലിയോണിനെ സിക്‌സറിന് ശ്രമിക്കവെ മിഡ് ഓണില്‍ മിച്ചല്‍ സ്റ്റാര്‍ചിന് ക്യാച്ചായി. പതിനഞ്ച് ഫോറുകള്‍ നേടിയ കോഹ്‌ലി ഒരു സിക്‌സറും പറത്തി. രണ്ടാം ദിനം ഇന്ത്യയെ കരകയറ്റിയ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇന്നലെ ബാറ്റിംഗ് പുനരാരംഭിക്കുമ്പോള്‍ വ്യക്തിഗത സ്‌കോര്‍ 71. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ മറ്റൊരു സെഞ്ച്വറിയിലേക്ക് കുതിക്കുന്നത് കാണാന്‍ അവധി ദിവസമായ ഞായറാഴ്ച വന്‍ ജനമാണ് എം എ ചിദംബരം സ്റ്റേഡിയത്തിലേക്കൊഴുകിയത്. എന്നാല്‍, ആദ്യ സെഷനില്‍ തന്നെ സച്ചിന്‍ മടങ്ങി. പത്ത് റണ്‍സ് കൂടി ചേര്‍ത്ത സച്ചിന്‍ 81 ല്‍ പുറത്തായി. സ്പിന്നര്‍ നഥാന്‍ ലിയോണ്‍ സച്ചിന്റെ കുറ്റിയിളക്കി. 159 പന്തുകള്‍ നേരിട്ട സച്ചിന്‍ ഏഴ് ബൗണ്ടറികള്‍ നേടിയിരുന്നു. ടീം സ്‌കോര്‍ ഇരുനൂറിലെത്താന്‍ നാല് റണ്‍സ് പിറകില്‍ നില്‍ക്കുമ്പോഴാണ് സച്ചിന്റെ മടക്കം (4-196). ഇതിഹാസ താരത്തിന്റെ പുറത്താകല്‍ ആസ്‌ത്രേലിയന്‍ ബൗളര്‍മാര്‍ക്ക് പുത്തനുണര്‍വേകി. എന്നാല്‍, ലിയോണിന് പിന്തുണ നല്‍കാന്‍ മറ്റൊരു സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ ടീമില്‍ ഇല്ലാതെ പോയത് ഓസീസിന് തിരിച്ചടിയായി.
വിരാട് കോഹ്‌ലിയും മഹേന്ദ്ര സിംഗ് ധോണിയും നിശ്ചയദാര്‍ഢ്യമള്ള ഇന്നിംഗ്‌സായിരുന്നു കാഴ്ചവെച്ചത്. പ്രത്യാക്രമണത്തിലൂടെ ധോണി സ്‌കോറിംഗിന് വേഗം കൂട്ടിയപ്പോള്‍ ആറാം ടെസ്റ്റ് സെഞ്ച്വറിക്ക് അധികം കാത്തിരിക്കേണ്ടി വന്നില്ല. 119 പന്തിലായിരുന്നു ധോണി ശതകം പൂര്‍ത്തിയാക്കിയത്. പതിമൂന്ന് ഫോറും ഒരു സിക്‌സറും ഉള്‍പ്പടെ സെഞ്ച്വറിയിലെ 58 റണ്‍സ് ബൗണ്ടറിയിലൂടെയാണ് ധോണി നേടിയത്. ഇത്, മത്സരഗതി മാറ്റിമറിക്കുന്നതായി. വിരാട് കോഹ്‌ലി 199 പന്തിലാണ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. സച്ചിനൊപ്പം ഇന്നിംഗ്‌സിന് അടിത്തറയിടുകയാണ് കോഹ്‌ലി ചെയ്തതെങ്കില്‍ ധോണി ടെസ്റ്റ് റിസള്‍ട്ട് ലക്ഷ്യമിട്ട് സ്‌കോറിംഗ് വേഗം ഉയര്‍ത്തുകയാണ് ചെയ്തത്. 185 പന്തില്‍ 150 റണ്‍സ് തികച്ച ധോണി ഇരട്ടശതകം തികച്ചത് 231 പന്തിലാണ്.
കോഹ്‌ലി പുറത്തായതിന് ശേഷം ധോണിക്ക് മികച്ചൊരു കൂട്ട് ലഭിച്ചില്ല. കൃത്യമായി ഇടവേളകളില്‍ വിക്കറ്റ് വീണു. രവിന്ദ്ര ജഡേജ (16), രവിചന്ദ്രന്‍ അശ്വിന്‍ (3), ഹര്‍ഭജന്‍ സിംഗ് (11) എന്നിവര്‍ക്ക് ചെറുത്തുനില്‍ക്കാനായില്ല. ജഡേജയെ പാറ്റിന്‍സന്‍ ക്ലീന്‍ ബൗള്‍ഡാക്കിയപ്പോള്‍ അശ്വിനെ ലിയോണും ഹര്‍ഭജന്‍ സിംഗിനെ ഹെന്റികസും സമാനരീതിയില്‍ പുറത്താക്കി. ഭുവനേശ്വറിനൊപ്പം ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ടില്‍ ധോണി അതിവേഗത്തില്‍ റണ്‍സടിച്ചു കൂട്ടാന്‍ ശ്രമിച്ചു. 109 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. 131 പന്തിലാണ് ഒമ്പതാം വിക്കറ്റ് സഖ്യം 100 റണ്‍സടിച്ചത്. ഇതില്‍ 79 റണ്‍സും ധോണിയാണ് നേടിയത്. ഭുവനേശ്വര്‍ പതിമൂന്ന് റണ്‍സടിച്ചപ്പോള്‍ എട്ട് റണ്‍സ് എക്‌സ്ട്രാ ലഭിച്ചു. ആസ്‌ത്രേലിയന്‍ പേസാക്രമണത്തില്‍ നിന്ന് ഭുവനേശ്വറിനെ സംരക്ഷിക്കാന്‍ ധോണി സ്‌ട്രൈക്ക് പരമാവധി വശപ്പെടുത്തി. പൊരിവെയിലത്ത് തളരാതെ പൊരുതിയ ധോണിയെ വീഴ്ത്താന്‍ പുതിയ തന്ത്രങ്ങള്‍ മൈക്കല്‍ ക്ലാര്‍ക്ക് പയറ്റിയപ്പോള്‍ ധോണി മറുപടി കൊടുത്തത് ബിഗ് ഹിറ്ററിലൂടെയാണ്. ടെസ്റ്റില്‍ നാലായിരം റണ്‍സെന്ന നാഴികക്കല്ലും ധോണി താണ്ടി.
ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ധോണി ഇരട്ടസെഞ്ച്വറിയോടെ പേരിലാക്കിയത്. 1964ല്‍ മദ്രാസ് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബുദി കുന്ദാരന്‍ നേടിയ 192 റണ്‍സിന്റെ റെക്കോര്‍ഡാണ് ഇന്നലെ തകര്‍ന്നത്. ഇംഗ്ലണ്ടിനെതിരെ നാഗ്പുര്‍ ടെസ്റ്റില്‍ 99 റണ്‍സിന് റണ്ണൗട്ടായിരുന്നു ധോണി. അന്ന് അര്‍ഹിച്ച സെഞ്ച്വറിയാണ് ക്യാപ്റ്റന് നഷ്ടമായത്. ചെന്നൈയില്‍ കന്നി ഡബിള്‍ സെഞ്ച്വറിയോടെ വിമര്‍ശകര്‍ക്ക് ചുട്ടമറുപടി കൂടി ധോണി നല്‍കിയിരിക്കുന്നു.
ഭുവനേശ്വര്‍ കുമാര്‍ ചെറുത്ത് നില്‍പ്പ് തുടര്‍ന്നാല്‍ ധോണി ഇന്ത്യയുടെ ലീഡ് ഇരുനൂറിന് മേല്‍ ഉയര്‍ത്തിയേക്കും. നാലാം ദിവസമായ ഇന്ന് കുറേക്കൂടി വേഗത്തില്‍ സ്‌കോര്‍ ചെയ്യാന്‍ ഇന്ത്യ ശ്രമിക്കും. അഞ്ചാം വിക്കറ്റില്‍ വിരാട് കോഹ്‌ലിക്കൊപ്പം 128 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയ ധോണി അവസാന വിക്കറ്റിലും മികച്ച കൂട്ടുകെട്ടുണ്ടാക്കിയാല്‍ അത്ഭുതപ്പെടേണ്ടതില്ല.
ഇന്നലെ ഉച്ചഭക്ഷണത്തിന് മുമ്പുള്ള സെഷനില്‍ ബൗളര്‍മാരെ സൂക്ഷിച്ച് നേരിട്ട ധോണി ആസ്‌ത്രേലിയ ന്യൂബോളെടുത്തതോടെ ആക്രമണത്തിലേക്ക് കടന്നു. ഷോട് പിച്ച് പന്തുകള്‍ ബൗളറുടെ തലക്ക് മുകളിലൂടെ ധോണി ബൗണ്ടറി കടത്തി. അതേ സമയം, കോഹ്‌ലി ലൂസ് ബോളിന് കാത്തു നിന്നു. പീറ്റര്‍ സിഡിലിനെ ഫൈന്‍ ലെഗിലേക്ക് ബൗണ്ടറി പായിച്ചാണ് ധോണി സെഞ്ച്വറി ആഘോഷിച്ചത്. ആദ്യ സെഞ്ച്വറി 119 പന്തിലായിരുന്നെങ്കില്‍ രണ്ടാം സെഞ്ച്വറി 112 പന്തിലായിരുന്നു ധോണി നേടിയത്. ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കും ഡേവിഡ് വാര്‍ണറും പാര്‍ട് ടൈം സ്പിന്നര്‍മാരായി രംഗത്തെത്തി. ഡേവിഡ് വാര്‍ണര്‍, ഷെയിന്‍ വോണിനെ അനുസ്മരിപ്പിക്കും വിധമാണ് പന്തെറിഞ്ഞത്. പക്ഷേ, അത് ആക്ഷനില്‍ മാത്രം. ഏറിന്റെ നിലവാരത്തില്‍ വോണിന്റെ അടുത്തെങ്ങുമില്ല വാര്‍ണര്‍.

Latest