മാവോയിസ്റ്റ് ഭീഷണി: കേരള-തമിഴ്‌നാട് വനമേഖലയില്‍ പരിശോധന

Posted on: February 24, 2013 10:54 am | Last updated: March 7, 2013 at 3:14 pm

ഗൂഡല്ലൂര്‍: മാവോയിസ്റ്റ് ഭീഷണി നീലഗിരി ജില്ലാ പോലീസ് സൂപ്രണ്ട് ശെന്തില്‍കുമാറിന്റെ നേതൃത്വത്തില്‍ കേരള-തമിഴ്‌നാട് വനമേഖലയില്‍ പരിശോധന നടത്തി. ഇരുപത് പേരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. വനപാലകരും സംഘത്തോടൊപ്പം ചേര്‍ന്നിരുന്നു.
മുതുമല വന്യജീവി സങ്കേതത്തിലെ വിവിധ ഭാഗങ്ങളിലെ വനമേഖലകളിലും മുതുമല വന്യജീവി സങ്കേതത്തിലെ കാര്‍ക്കുടി മുതല്‍ ബെണ്ണ, നെല്ലാക്കോട്ട, പാട്ടവയല്‍ തുടങ്ങിയ മേഖലകളിലാണ് തിരച്ചില്‍ നടത്തിയത്. കേരള അതിര്‍ത്തി പ്രദേശമായ മുത്തങ്ങ ട്രൈജംഗ്ഷന്‍വരെയായിരുന്നു തിരച്ചില്‍.
കേരള വനത്തില്‍ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചതോടെയാണ് കേരളത്തിനോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന തമിഴ്‌നാട്ടിലും തിരച്ചില്‍ തുടങ്ങിയിരുന്നത്. ഇതിന് മുമ്പ് എസ് ടി എഫിന്റെയും വനംവകുപ്പിന്റെയും നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിയിരുന്നു. നീലഗിരി വനമേഖലയില്‍ നടത്തിയ പരിശോധനയില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടില്ല. ഓവാലി പഞ്ചായത്തിലെ അബ്ലിമല, സീഫോര്‍ത്ത്, പുലികുന്താ ഭാഗങ്ങളിലെ വനമേഖലകളില്‍ ദൗത്യസേന എസ് പി കന്തസ്വാമിയുടെ നേതൃത്വത്തിലും ഇന്നലെ പരിശോധന നടത്തി. നാടുകാണി കേരള അതിര്‍ത്തിവരെയായിരുന്നു പരിശോധന.
സ്‌പെഷ്യല്‍ ബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ ചന്ദ്രമോഹന്‍ ഉള്‍പ്പെടെ ഇരുപത് പേര്‍ സംഘത്തിലുണ്ടായിരുന്നു. പരിശോധനയില്‍ ജനങ്ങളുമായി പ്രത്യേകം ആശയവിനിമയങ്ങളും നടത്തിയിരുന്നു. വനമേഖലകളില്‍ അപരിചിതരെ കണ്ടാല്‍ ഉടനെ പോലീസിനെ വിവരമറിയിക്കണമെന്ന് എസ് പി ശെന്തില്‍കുമാര്‍ അറിയിച്ചു.