അധിക്ഷേപിച്ചിട്ടില്ല, കാര്യങ്ങള്‍ സത്യസന്ധം: കമല്‍

Posted on: February 24, 2013 8:49 am | Last updated: February 24, 2013 at 8:49 am

തിരുവനന്തപുരം: സെല്ലുലോയ്ഡ് എന്ന ചിത്രത്തില്‍ മുന്‍ മുഖ്യമന്ത്രി കെ കരുണാകരനെയും സാഹിത്യകാരനും ഐ എ എസ് ഉദ്യോഗസ്ഥനുമായിരുന്ന മലയാറ്റൂര്‍ രാമകൃഷ്ണനെയും അധിക്ഷേപിച്ചിട്ടില്ലെന്ന് ചിത്രത്തിന്റെ സംവിധായകന്‍ കമല്‍. ഇതുസംബന്ധിച്ച കെ മുരളീധരന്‍ എം എല്‍ എയുടെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സിനിമാ ചരിത്രകാരന്‍ ചേലങ്ങാട് ഗോപാലകൃഷ്ണന്റെ പുസ്തകമാണ് ചിത്രത്തിന്റെ കഥക്കായി അവലംബിച്ചത്. ചേലങ്ങാടിന്റെ പുസ്തകത്തില്‍ കരുണാകരന്റെ പേര് പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും കരുണാകരനെയും മലയാറ്റൂരിനെയും ബഹുമാനിക്കുന്നയാളെന്ന നിലയില്‍ താന്‍ സിനിമയില്‍ നിന്ന് പേര് ഒഴിവാക്കുകയായിരുന്നു. എന്നാല്‍ സിനിമയെടുക്കുമ്പോള്‍ ചില സൂചനകള്‍ നല്‍കേണ്ടി വരുമെന്നാതിനാല്‍ അത്തരത്തില്‍ ചില സൂചനകള്‍ മാത്രമാണ് നല്‍കിയത്. ഇതിലൂടെ ആരെയെങ്കിലും അധിക്ഷേപിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. അതേസമയം ചിത്രത്തില്‍ ആവിഷ്‌കരിച്ച കാര്യങ്ങള്‍ സത്യസന്ധമാണ്. കരുണാകരനെയും മലയാറ്റൂര്‍ രാമകൃഷ്ണനെയും കുറിച്ച് സമാന ആരോപണങ്ങള്‍ ഉണ്ട്. ഇതുസംബന്ധിച്ച ചേലങ്ങാട് ഗോപാലന്‍ എഴുതിയത് ഇതുവരെ നിഷേധിക്കപ്പെട്ടിട്ടില്ല. അതിനാല്‍ ചേലങ്ങാട് ഗോപാലകൃഷ്ണന്‍ എഴുതിയത് ശരിയാണെന്ന് വിശ്വസിക്കുന്നു. കരുണാകരനുമായും മലയാറ്റൂരുമായും തനിക്ക് അടുപ്പമുണ്ടായിരുന്നു. അതിനാല്‍ തനിക്ക് ആശയക്കുഴപ്പമുണ്ടായിരുന്നു. എന്നാല്‍ ചലച്ചിത്രത്തോട് നീതി പുലര്‍ത്താനായിരുന്നു തീരുമാനമെന്നും കമല്‍ പറഞ്ഞു.