കൊച്ചി മെട്രോ: കരാറിന് അന്തിമ രൂപമായി

Posted on: February 23, 2013 11:29 am | Last updated: February 25, 2013 at 1:22 pm

Kochi-metro-cochin-metro-rail
കൊച്ചി: കൊച്ചി മെട്രോ റെയില്‍ നിര്‍മാണം സംബന്ധിച്ച് കൊച്ചി മെട്രൊ റെയില്‍ ലിമിറ്റഡും (കെ എം ആര്‍ എല്‍) ഡല്‍ഹി മെട്രൊ റെയില്‍ കോര്‍പറേഷനും (ഡി എം ആര്‍ സി) തമ്മിലുള്ള കരാറിന് കൊച്ചിയില്‍ നടന്ന ഉപസമിതി യോഗത്തില്‍ അന്തിമ രൂപമായി. മാര്‍ച്ച് പകുതിയോടെ കരാര്‍ ഒപ്പ് വെക്കാനാണ് ഇപ്പോള്‍ ധാരണയായിരിക്കുന്നത്. ഈ തീരുമാനങ്ങള്‍ മാര്‍ച്ച് ഏഴിന് ചേരുന്ന കെ എം ആര്‍ എല്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ സാങ്കേതികമായി അംഗീകരിക്കും.

ഇതിലുള്ള നിര്‍ദേശങ്ങള്‍ കേന്ദ്ര നഗരവികസന കാര്യ മന്ത്രാലയം, ഡല്‍ഹി സര്‍ക്കാര്‍, കേരള സര്‍ക്കാര്‍ എന്നിവര്‍ ചേര്‍ന്നാണ് രൂപപ്പെടുത്തിയിരിക്കുന്നത്. കെ എം ആര്‍ എല്‍. എം ഡി ഏലിയാസ് ജോര്‍ജ്, വി പി ജോയ്, ടി, ഡി പഹൂജ എന്നിവര്‍ ചേര്‍ന്ന സമിതിയാണ് കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നത്. മാര്‍ച്ച് ഏഴിന് സാങ്കേതികമായി അംഗീകാരം നല്‍കിയാല്‍ ഒരാഴ്ചക്കുള്ളില്‍ ധാരണാപത്രത്തില്‍ ഒപ്പ്‌വെക്കും.
കൊച്ചി മെട്രൊ റെയില്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് കരാര്‍ വ്യവസ്ഥകള്‍ക്ക് രൂപം നല്‍കുന്നതിലും ധാരണാപത്രം ഒപ്പിടുന്നതിലുമുണ്ടാകുന്ന കാലതാമസം പദ്ധതിയുടെ പൂര്‍ത്തീകരണം വൈകാനിടയാക്കുമെന്ന ആശങ്ക ഉയര്‍ന്നിരുന്നു. നിര്‍മാണം ആരംഭിക്കല്‍ വൈകുന്തോറും ദിവസവും ലക്ഷക്കണക്കിന് രൂപയുടെ അധികബാധ്യതയാണുണ്ടാകുക. കൊച്ചി മെട്രോ മൂന്ന് വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കാനാകുമെന്ന് ഇ ശ്രീധരന്‍ വ്യക്തമാക്കിയിരുന്നു. പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം കിട്ടിയതിന് ശേഷം പദ്ധതി നിര്‍വഹണത്തില്‍ ഡി എം ആര്‍ സിയുടെ പങ്ക് സംബന്ധിച്ച അവ്യക്തതകള്‍ നിര്‍മാണം ആരംഭിക്കല്‍ വൈകിക്കുകയായിരുന്നു. എന്നാല്‍, കരാറിന് അന്തിമ രൂപമായതോടെ മെട്രോയുടെ പ്രധാന ജോലികള്‍ ആരംഭിക്കും.

കൊച്ചി മെട്രോയുടെ ഭാഗമായുള്ള മുന്നൊരുക്കങ്ങള്‍ നല്ല രീതിയില്‍ തന്നെ പുരോഗമിക്കുന്നുണ്ട്. എറണാകുളം കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡിന് സമീപത്തെ സലീം രാജന്‍ റെയില്‍വേ മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം ഏപ്രിലില്‍ നടത്താനാകുമെന്നാണ് പ്രതീക്ഷ. നോര്‍ത്ത് ഓവര്‍ബ്രിഡ്ജിന്റെ ഇരുവശത്തുമുള്ള ചെറിയ പാലങ്ങള്‍ നിര്‍ദിഷ്ട സമയത്തിനകം പൂര്‍ത്തീകരിച്ച് ഗതാഗതത്തിനായി തുറന്ന് കൊടുത്തിട്ടുണ്ട്. പ്രധാന പാലത്തിന്റെ ജോലികള്‍ അതിവേഗം പുരോഗമിക്കുകയും ചെയ്യുന്നുണ്ട്.
അതേസമയം, കൊച്ചി മെട്രോയുടെ നിര്‍മാണത്തിന് ഫണ്ട് സ്വരൂപിക്കാന്‍ പൊതുമേഖലാ ബേങ്കുകളടക്കം പുതിയ സ്രോതസ്സുകള്‍ കണ്ടെത്താന്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് ശ്രമം ഊര്‍ജിതമാക്കി. രണ്ടാം ഘട്ടമായി പദ്ധതി കൂടുതല്‍ സ്ഥലങ്ങളിലേക്ക് നീട്ടണമെന്ന ആവശ്യം കൂടി ഉയര്‍ന്നതോടെ അടങ്കല്‍ തുക ഗണ്യമായി ഉയരുമെന്നതിനാല്‍ വായ്പയായി ലഭ്യമാക്കേണ്ട തുകയും ഉയരും. ഈ സാഹചര്യം നേരിടാനുള്ള വഴികളാണ് ഇപ്പോള്‍ പരിശോധിക്കുന്നത്. നേരത്തെ ജപ്പാന്‍ ഇന്റര്‍നാഷനല്‍ കോര്‍പറേഷന്‍ ഏജന്‍സി (ജൈക്ക)യില്‍ നിന്നും വായ്പ ലഭ്യമാക്കാനായിരുന്നു നീക്കം. ചര്‍ച്ചകള്‍ മുന്നോട്ട് പോവുകയും ജപ്പാനില്‍ നിന്നും ബേങ്ക് പ്രതിനിധികള്‍ കൊച്ചിയിലെത്തി മെട്രോ റെയില്‍ അധികൃതരുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ആഗോള ടെന്‍ഡര്‍ ഇല്ലെങ്കിലും വായ്പ നല്‍കാമെന്ന സൂചന ബേങ്ക് അധികൃതര്‍ നല്‍കിയിരുന്നു. ഇതുസംബന്ധിച്ച് അന്തിമ ധാരണയിലെത്തിയിട്ടില്ലെങ്കിലും ജൈക്കയില്‍ നിന്ന് വായ്പ ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. ജൈക്കയില്‍ നിന്ന് വായ്പ ലഭിക്കുന്നത് വൈകിയാല്‍ മറ്റ് വിദേശ ധനകാര്യ ഏജന്‍സികളെ സമീപിക്കേണ്ടി വരും. കേരളത്തിന്റെ സ്വപ്‌നപദ്ധതി എന്ന് വിശേഷിപ്പിക്കപ്പെടുന്ന കൊച്ചി മെട്രോക്ക് വായ്പ നല്‍കാന്‍ പൊതുമേഖലാ ബേങ്കുകള്‍ സന്നദ്ധമാകുമെന്നാണ് കണക്കുകൂട്ടല്‍.