എം എല്‍ എക്കെതിരായ പ്രചാരണം അടിസ്ഥാന രഹിതം

Posted on: February 19, 2013 9:47 am | Last updated: February 19, 2013 at 9:47 am

പട്ടാമ്പി: കൊപ്പം ഗ്രാമപഞ്ചായത്ത് നാലാംവാര്‍ഡിലേക്ക് അനുവദിച്ച കുടിവെള്ള വിതരണ പദ്ധതിയുമായി ബന്ധപ്പെട്ട് നാലാം വാര്‍ഡ് അംഗം കെ വി ഷംസുദ്ദീനെ സി പി മുഹമ്മദ് എം എല്‍ എ ഫോണില്‍ വിളിച്ച് അധിക്ഷേപിച്ചുവെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് കൊപ്പം പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റി ചെയര്‍മാന്‍, ടി അബ്ദുസമദ്, കണ്‍വീനര്‍ സതീഷ് പുതുപ്പറമ്പില്‍ എന്നിവര്‍ അറിയിച്ചു.
നാലാം വാര്‍ഡിലെ ഉള്ളാട്ട് പള്ളിയാല്‍ ഭാഗത്തെ കുടിവെള്ളം ക്ഷാമം പരിഹരിക്കുന്നതിനായി നേരത്തെ എം എല്‍ എ യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് കുഴല്‍കിണര്‍ കുഴിച്ചിരുന്നു. കുഴല്‍ കിണറില്‍ നിന്നും വേണ്ടത്ര വെള്ളം ലഭ്യമായില്ല. പ്രദേശത്തുകാരുടെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് എം എല്‍ എ സര്‍ക്കാറിന്റെ വരള്‍ച്ചാ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും മിനി കുടിവെള്ള പദ്ധതിക്കായി നാലരലക്ഷം രൂപ കലക്ടര്‍ മുഖേന അനുവദിച്ചത്.
ഉള്ളാട്ടുപള്ളിയാര്‍ ഭാഗത്തെ റോഡിനും എം എല്‍ എയുടെ ശ്രമഫലമായി ഫണ്ട് അനുവദിച്ചിട്ടുണ്ട്. വസ്തുത ഇതായിരിക്കെ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് സി പി എമ്മും വാര്‍ഡ് മെമ്പറും നടത്തുന്നത് കള്ള പ്രചരണമാണ്. പഞ്ചായത്ത് ബോര്‍ഡ് യേഗത്തില്‍ സ്ഥിരമായി പ്രശ്‌നങ്ങളുണ്ടാക്കുന്ന അംഗം യു ഡി എഫ് ഭരണസമിതിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെക്കുകയാണ്. പഞ്ചായത്തംഗത്തിന്റെയും സി പിഎമ്മിന്റെയും എം എല്‍ എ ക്കെതിരെയുള്ള പ്രചരണ വേല വിലപ്പോകില്ലെന്നും യു ഡി എഫ് നേതാക്കള്‍ പറഞ്ഞു.