ബണ്ടി ചോറിനെ തൃശൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തി

Posted on: February 19, 2013 8:09 am | Last updated: February 19, 2013 at 8:09 am

തൃശൂര്‍:തൃശൂര്‍ കുരയച്ചിറ നെഹ്‌റു നഗറിലെ കാര്‍ മോഷ്ടിച്ച കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ തൃശൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഒല്ലൂര്‍ പോലിസ് റജിസ്റ്റര്‍ ചെയ്ത കേസിലെ തെളിവെടുപ്പിനായി ഞായറാഴ്ച വിയ്യൂര്‍ ജയിലിലെത്തിച്ചെങ്കിലും ഇന്നലെ ഒന്നാം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടതോടെയാണ് തെളിവെടുപ്പ് ആരംഭിച്ചത്. കനത്ത പോലിസ് ബന്തവസ്സിലാണ് വിവിധ സ്ഥലങ്ങളിലെത്തിച്ചത്. നെഹ്‌റു നഗറിലെ വീട്ടിലും ഇയാള്‍ താമസിച്ച ഹോട്ടലിലും തെളിവെടുപ്പ് നടത്തി.
തിരുവനന്തപുരത്ത് നടത്തിയ വന്‍ കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനായി സംഭവത്തിന്റെ ഏതാനും ദിവസം മുമ്പ് തൃശൂര്‍ നഗരത്തിലെത്തി പ്രമുഖ ഹോട്ടലില്‍ താമസിച്ചിരുന്നു. നെഹ്‌റു നഗറിലെ പൊന്തേക്കന്‍ വീട്ടില്‍ ജോസഫിന്റെ വീട്ടില്‍ നിന്ന് മോഷ്ടിച്ച കാറുമായി കോയമ്പത്തൂരിലേക്കാണ് ഇയാള്‍ രക്ഷപ്പെട്ടിരുന്നത്. പിന്നീടാണ് തിരുവനന്തപുരത്തെത്തി സംസ്ഥാനത്തെ ഞെട്ടിച്ച ഹൈടെക് മോഷണം നടത്തിയത്. ബണ്ടി ചോറിനെ കൊണ്ടുവരുന്നതറിഞ്ഞ് സ്ത്രീകളും കുട്ടികളും അട്ടക്കം നിരവധി ജനങ്ങള്‍ തെളിവെടുപ്പ് കേന്ദ്രങ്ങളില്‍ തടിച്ചു കൂടിയിരുന്നു.