Connect with us

Kerala

ഗണേഷിനെ മാറ്റണമെന്നാവശ്യപ്പെട്ട് നേതാക്കള്‍ പാണക്കാട്ട്‌

Published

|

Last Updated

മലപ്പുറം: മന്ത്രി കെ ബി ഗണേഷ്‌കുമാറിനെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റുന്നതിന് സമ്മര്‍ദം ചെലുത്തണമെന്നാവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് (ബി) നേതാക്കള്‍ ലീഗ് നേതാക്കളുമായി ചര്‍ച്ച നടത്തി. ഇന്നലെ രാവിലെ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെയും പി കെ കുഞ്ഞാലിക്കുട്ടിയുടെയും വീടുകളിലെത്തിയാണ് ചര്‍ച്ച നടത്തിയത്. ഈ മാസം 21ന് ചേരുന്ന യു ഡി എഫ് യോഗത്തില്‍ ഗണേഷിനെ പുറത്താക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
ഗണേഷിനെ മാറ്റണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി നേതാക്കള്‍ നേരത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കത്ത് നല്‍കിയിരുന്നു. പാര്‍ട്ടിയെ അവഗണിച്ച് ഏകപക്ഷീയമായ രീതിയില്‍ മുന്നോട്ട് പോകുന്ന പശ്ചാത്തലത്തില്‍ മന്ത്രിയെ മാറ്റണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരുന്നത്. കഴിഞ്ഞ യൂ ഡി എഫ് യോഗത്തില്‍ ഈ വിഷയം പാര്‍ട്ടി നേതാക്കള്‍ ഉന്നയിച്ചിരുന്നെങ്കിലും രേഖാമൂലം മുഖ്യമന്ത്രിക്ക് കത്ത് നല്‍കാന്‍ അന്ന് യു ഡി എഫ് നേതൃത്വം നിര്‍ദേശം നല്‍കിയതിന്റെ ഭാഗമായിരുന്നു ഇത്. ഗണേഷിനെതിരെ മാണി വിഭാഗവും കഴിഞ്ഞ യു ഡി എഫ് യോഗത്തില്‍ ശക്തമായി രംഗത്ത് വന്നിരുന്നു. വൈസ് ചെയര്‍മാന്‍മാരായ അഡ്വ. പോള്‍ ജോസഫ്, ജന. സെക്രട്ടറിമാരായ സി വേണുഗോപാലന്‍ നായര്‍, നജീബ് പാലക്കണ്ടി കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.