Connect with us

prathivaram book review

പ്രതിരോധത്തിന്റെ വാക്ശരങ്ങൾ

പ്രതിഷേധത്തോടൊപ്പം പോരാട്ടത്തിന്റെ ആത്മവിശ്വാസം കൂടി പകരുന്ന ചെറിയ വാക്കുകളെ പ്രതിരോധത്തിന്റെ രാഷ്ട്രീയാസ്ത്രങ്ങളാക്കുന്ന രചനാരീതിയാണ്. പ്രകൃതിനാശവും ആവാസവ്യവസ്ഥകളെ തകർക്കുന്ന കോർപറേറ്റ് പരിഷ്കരണത്തെയും സ്ത്രീത്വത്തിനെതിരെയുള്ള കടന്നാക്രമണങ്ങളെയും മനുഷ്യരെ വേർതിരിക്കുന്ന ബീഭത്സതകളും വരികളിൽ കാണാം. കവിതകളുടെ സാങ്കേതിക മികവിന്റെ മാനദണ്ഡത്തിലല്ല കവിതകൾ ചർച്ച ചെയ്യപ്പെടേണ്ടത്. അതിലടങ്ങിയ സാമൂഹിക പ്രതിബദ്ധതയും പ്രതിരോധ സൂചകങ്ങളുമാണ് വായിച്ചെടുക്കേണ്ടത്.

Published

|

Last Updated

മൂഹത്തിൽ പടർന്നുപിടിച്ചിട്ടുള്ള പലതരം അസമത്വങ്ങൾക്കും അനീതികൾക്കുമെതിരെ അക്ഷരങ്ങൾ കൊണ്ടുള്ള ചാട്ടുളി പ്രയോഗങ്ങളായി പലപ്പോഴും മാറുന്നതാണ് “തീക്കൂട്ടിലെ കാക്കകൾ’. മുജീബുർറഹ്മാൻ കരുളായിയുടെ 30 കവിതകളടങ്ങിയ “തീക്കൂട്ടിലെ കാക്കകൾ’ 64 പേജുകളിലായി കുറിച്ചുവെച്ചിരുക്കുന്നത്, ജീർണതകൾക്കെതിരെയുള്ള പ്രതിരോധത്തിന്റെ വാക്കുകൾ കൊണ്ടുള്ള അസ്ത്രങ്ങളാണ്.

ഗദ്യത്തിനും പദ്യത്തിനുമിടയിൽ ആലാപന സാധ്യതകളുള്ള ഒരെഴുത്തു ശൈലിയാണ് രചയിതാവ് സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇതിലെ മൗലികത വേറിട്ടു നിൽക്കുന്നു. വർത്തമാനകാലത്തെ ഗ്രസിച്ചിരിക്കുന്ന കാലുഷ്യവും അരാജക പ്രവണതകളും ഒരു കവിമനസ്സിനെ അസ്വസ്ഥമാക്കുമ്പോൾ കവിയുടെ ധർമം കവിതയെ പരിചയാക്കി പ്രതിരോധം തീർക്കൽ തന്നെയാണ്. അങ്ങനെയാണ് കവിതകളുടെയൊക്കെ പൊതുസ്വഭാവം വിമർശനാത്മകമായ സാമൂഹിക പ്രതിബദ്ധതയുടെ പൊതു ലക്ഷ്യത്തിലേക്കെത്തുന്നത്.
ആദ്യ കവിതയായ ഖത്യോദ ദുഃഖത്തിൽ “കണ്ടൊരു പിഞ്ചിളം, മേനിയിലിഴയുന്ന, കരിനാഗക്കണ്ണുകൾ, നിണമാർന്ന നാവുകൾ ,

രാവിന്റെ മറവിലായ്, നക്കിത്തുടയ്ക്കുന്നു, തെരുവിലെപ്പേനായ് – ക്കളൊന്നായ്ക്കുരുന്നിനെ ‘ എന്ന വരികളിൽ മാറിയ നാടിന്റെ ജീർണതയും അരാജകാവസ്ഥയും പ്രതിഫലിക്കുന്നുണ്ട്.
മുറിവേറ്റ പ്രകൃതിയുടെ തേങ്ങലാകാം ” ആറ്റുമീനുകൾ പുളഞ്ഞുള്ളൊരു, ചോലയിന്നെവിടെ, ആറ്റുവഞ്ചിപ്പൂ മണത്തൊരു , തീരമെന്നെവിടെ.?’ യെന്ന ചോദ്യം (കവിത: കാട്ടുപൂക്കൾ)
വർഗീയതയുടെ ചെലവിൽ ഫാഷിസവും വംശീയതും നഗ്നതാണ്ഡവമാടുന്ന പുതിയകാലത്തിന്റെ നേർചിത്രങ്ങൾ അദ്ദേഹത്തിന്റെ കവിതകളിൽ വായിച്ചെടുക്കാവുന്നതാണ്.

“നമ്മളടരാടി നേടുമീ കാട്, ചാകുമീ കാടിനുവേണ്ടി, നമ്മളൊരുമയായ് നേടുമീകൂട്’ ( തീക്കൂട്ടിലെ കാക്കകൾ) പ്രതിഷേധത്തോടൊപ്പം പോരാട്ടത്തിന്റെ ആത്മവിശ്വാസം കൂടി പകരുന്ന ഇത്തരം ചെറിയ ചെറിയ വാക്കുകളെ പ്രതിരോധത്തിന്റെ രാഷ്ട്രീയാസ്ത്രങ്ങളാക്കുന്ന രചനാരീതികളാണിത്. പ്രകൃതിനാശവും ആവാസവ്യവസ്ഥകളെ തകർക്കുന്ന കോർപറേറ്റ് പരിഷ്കരണത്തെയും സ്ത്രീത്വത്തിനെതിരെയുള്ള കടന്നാക്രമണങ്ങളെയും ജാതി മതങ്ങൾ തീർക്കുന്ന മനുഷ്യരെ വേർതിരിക്കുന്ന ബീഭത്സതകളും… പ്രണയം ചോർന്നുപോകുന്ന യുവതയെ ഗ്രസിച്ചിരിക്കുന്ന അരാജക പ്രവണതകളെയുമെല്ലാം അതിനിശിതമായ വിചാരണക്ക് വിധേയമാക്കുന്നതോടൊപ്പം അക്ഷരങ്ങളെ അസ്ത്രങ്ങളാക്കി അതിനെ പ്രതിരോധിക്കേണ്ടതിന്റെയും രാഷ്ട്രീയം കവിതകളുടെ ആകെത്തുകയാണെന്ന് പറയാം.

കവിതകളുടെ സാങ്കേതിക മികവിന്റെ മാനദണ്ഡത്തിലല്ല ഈ കവിതകൾ ചർച്ച ചെയ്യപ്പെടേണ്ടത്. അതിലടങ്ങിയ സാമൂഹിക പ്രതിബദ്ധതയും പ്രതിരോധ സൂചകങ്ങളുമാണ് വായിച്ചെടുക്കേണ്ടത്. ആ അർഥത്തിൽ നമുക്ക് മേൽ ആധിപത്യം സ്ഥാപിക്കുന്ന വ്യവസ്ഥിതിയോടുള്ള ചോദ്യങ്ങളും അമർഷങ്ങളും അതേ സമയം ചില ഉൽബോധനങ്ങളുമാണ് “തീക്കൂട്ടിലെ കാക്കകൾ’ വ്യത്യസ്തമാകുന്നതെന്നു പറയാം. പ്രസാധകർ ചിത്രലക്ഷ്മി ബുക്സ്. വില നൂറ് രൂപ.

Latest