Connect with us

First Gear

യുവതിയുടെ മരണം കൊലപാതകം; തെളിഞ്ഞത് ശാസ്ത്രീയാന്വേഷണത്തിനൊടുവില്‍, പ്രതി അറസ്റ്റില്‍

Published

|

Last Updated

പത്തനംതിട്ട | യുവതിയുടെ മരണം ജില്ലാ ക്രൈം ബ്രാഞ്ചിന്റെ രണ്ട് വര്‍ഷത്തെ അന്വേഷണത്തിന് ശേഷം കൊലപാതകമാണെന്ന് തെളിഞ്ഞു. മല്ലപ്പള്ളി കൊട്ടാങ്ങല്‍ പുല്ലാഞ്ഞിപ്പാറ കണയങ്കല്‍ വീട്ടില്‍ ടിഞ്ചു മൈക്കിള്‍ (26) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മല്ലപ്പള്ളി കൊട്ടാങ്ങല്‍ പുളിമൂട്ടില്‍ വീട്ടില്‍ നെയ്മോന്‍ എന്ന് വിളിക്കുന്ന നസീര്‍ (39)നെ ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി. ജെ ഉമേഷ് കുമാര്‍ അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

വീട്ടിനുള്ളില്‍ തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു ടിഞ്ചു മൈക്കിളിന്റെ മൃതദേഹം കാണപ്പെട്ടത്. തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് പെരുമ്പെട്ടി പോലീസ് 2019 ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് വഴിത്തിരിവുണ്ടായിരിക്കുന്നത്. സംഭവം ക്രൂരമായ കൊലപാതകമായിരുന്നുവെന്ന് അന്വേഷണത്തില്‍ തെളിയുകയായിരുന്നു. 2019 ഡിസംബര്‍ 15 നായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടിലെ കിടപ്പുമുറിയില്‍ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്താന്‍ ശ്രമിക്കവേ കട്ടിലില്‍ തല ഇടിച്ചതിനെ തുടര്‍ന്ന് അബോധാവസ്ഥയിലായ ടിഞ്ചുവിനെ ക്രൂരമായി ബലാത്സംഗം ചെയ്ത പ്രതി തുടര്‍ന്ന് മുറിയുടെ മേല്‍ക്കൂരയിലെ ഇരുമ്പ് ഹൂക്കില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഭര്‍ത്താവിനെ ഉപേക്ഷിച്ച് ആറു മാസമായി കാമുകനായ ടിജിന്‍ ജോസഫിനൊപ്പം ഈ വീട്ടില്‍ താമസിച്ചുവരികയായിരുന്നു ടിഞ്ചു. സംഭവ ദിവസം കാമുകനും അയാളുടെ പിതാവും പുറത്തു പോയിരുന്നു. ടിഞ്ചു മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാവിലെ ഒമ്പതേ മുക്കാലിനും വൈകിട്ട് 4.30 നുമിടയിലുള്ള സമയത്താണ് മരണം സംഭവിച്ചുവെന്നാണ് കേസ് ഷീറ്റിലുണ്ടായിരുന്നത്. പ്രാഥമികാന്വേഷണം നടത്തിയ ലോക്കല്‍ പോലീസ് തൂങ്ങിമരണം എന്ന നിഗമനത്തിലാണ് എത്തിച്ചേര്‍ന്നത്. മൃതദേഹം മല്ലപ്പള്ളി തഹസില്‍ദാറുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റിനു ശേഷം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടവും നടത്തി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ 53 മുറിവുകള്‍ യുവതിയുടെ ശരീരത്തില്‍ ഉള്ളതായി കണ്ടെത്തിയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിനിടെ ടിഞ്ചുവിന്റെ ഡയറി ഉള്‍പ്പെടെയുള്ളവ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. പരാതിക്കാരനായ കാമുകന്റെയും ഒപ്പം താമസിക്കുന്ന പിതാവിന്റെയും രക്ത സാമ്പിളുകളും ശാസ്ത്രീയ പരിശോധനക്ക് ശേഖരിച്ചിരുന്നു.

കേസ് 2020 ഫെബ്രുവരിയില്‍ ജില്ലാ ക്രൈം ബ്രാഞ്ചിനെ ഏല്‍പ്പിച്ചുകൊണ്ട് ജില്ലാ പോലീസ് മേധാവി ഉത്തരവായി. ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തില്‍ ടിഞ്ചു ക്രൂരമായ ലൈംഗികാതിക്രമങ്ങള്‍ക്കും ശാരീരിക പീഡനത്തിനും വിധേയമായി എന്ന് വെളിവായി. ജില്ലാ പോലീസ് മേധാവി ആര്‍ നിശാന്തിനി മേല്‍നോട്ടം വഹിച്ച കേസില്‍ ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പിയായിരുന്ന ആര്‍ പ്രതാപന്‍ നായര്‍ നടത്തിയ ശാസ്ത്രീയാന്വേഷണത്തിലാണ് ലൈംഗിക പീഡനം നടന്നതായും പിന്നീട് യുവതിയുടെ കൊലപാതകം നടന്നുവെന്നുമുള്ള നിഗമനത്തില്‍ പോലീസിനെ എത്തിച്ചത്. തുടര്‍ന്ന് ഡി വൈ എസ് പി. വി ജെ ജോഫി നടത്തിയ അന്വേഷണം മരണം സംഭവിക്കുന്നതിനു മുമ്പ് ടിഞ്ചുവിന്റെ വീടിന് സമീപം സന്നിഹിതരായിരുന്നുവെന്ന് സംശയിക്കപ്പെട്ട മൂന്നുപേരില്‍ കേന്ദ്രീകരിക്കുകയും അവരെ തുടര്‍ച്ചയായി ചോദ്യം ചെയ്യലിന് വിധേയമാക്കുകയും ചെയ്തു.

ടിഞ്ചുവിന്റെ കൈവിരലുകളിലെ നഖങ്ങളില്‍ കണ്ടെത്തിയ ഡി എന്‍ എക്ക് നസീറിന്റെ രക്തസാമ്പിളിലെ ഡി എന്‍ എയുമായി സാമ്യമുണ്ടെന്ന് ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്തിയതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. അന്വേഷണത്തിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവിയും അഡീഷണല്‍ എസ് പി. എന്‍ രാജനും സംഭവസ്ഥലം സന്ദര്‍ശിക്കുകയും, ഡമ്മി പരീക്ഷണം നടത്തി തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു. പരാതിക്കാരനായ കാമുകനും അയാളുടെ പിതാവും വീട്ടില്‍ നിന്നും രാവിലെ പുറത്തുപോയ ശേഷം അവിടെയെത്തിയ താന്‍ വീട്ടില്‍ കടന്ന് ടിഞ്ചുവിനെ ലൈംഗിക പീഡനത്തിന് വിധേയയാക്കുകയാണുണ്ടായതെന്ന് പ്രതിയും തടിക്കച്ചവടക്കാരനുമായ നസീര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ദൃക്സാക്ഷികള്‍ ആരുമില്ലാതിരുന്ന കേസില്‍, ശാസ്ത്രീയ തെളിവുകളിലൂടെ തുമ്പുണ്ടാക്കിയ അന്വേഷണസംഘം കുറ്റമറ്റതും ഉയര്‍ന്ന തലത്തിലുള്ളതുമായി പ്രൊഫഷണലിസമാണ് കാണിച്ചതെന്ന് ജില്ലാ പോലീസ് മേധാവി ആര്‍ നിശാന്തിനി പറഞ്ഞു. ഡി വൈ എസ് പി മാരായ ആര്‍ സുധാകരന്‍ പിള്ള, ആര്‍ പ്രതാപന്‍ നായര്‍, വി ജേ ജോഫി, ജെ ഉമേഷ്‌കുമാര്‍, എസ് ഐ മാരായ സുജാതന്‍ പിള്ള, അനില്‍കുമാര്‍, ശ്യാംലാല്‍, എ എസ് ഐ. അന്‍സുദ്ദീന്‍, എസ് സി പി ഒമാരായ സന്തോഷ്, യൂസുഫ് കുട്ടി തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Latest