Connect with us

editorial

വന്യജീവികളുടെ എണ്ണപ്പെരുപ്പം നിയന്ത്രിക്കണം

മനുഷ്യ ജീവനേക്കാള്‍ മൃഗങ്ങളുടെ ജീവന് പ്രാമുഖ്യം കല്‍പ്പിക്കുന്ന 1972ലെ വന്യജീവി സംരക്ഷണ നിയമ ഭേദഗതിക്കായി സംസ്ഥാന സര്‍ക്കാറും എം പിമാരും കേന്ദ്രത്തില്‍ ശക്തമായ സമ്മര്‍ദം ചെലുത്തേണ്ടതുണ്ട്. വഴങ്ങുന്നില്ലെങ്കില്‍ കോടതിയെ സമീപിക്കണം. ഐ പി സി 100, 103 വകുപ്പുകളുടെ ലംഘനമാണ് 1972ലെ നിയമമെന്ന് വിദഗ്ധര്‍ പറയുന്നു.

Published

|

Last Updated

മനുഷ്യ- വന്യജീവി സംഘര്‍ഷം പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്നലത്തെ മന്ത്രിസഭാ യോഗം. വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് മുഖ്യമന്ത്രി അധ്യക്ഷനായി ഉന്നതതല സമിതിയും രൂപവത്കരിച്ചു. നിയമപ്രകാരം വന്യജീവി ആക്രമണങ്ങളില്‍ ഇടപെടുന്നതിന് സര്‍ക്കാറിനും പ്രാദേശിക ഭരണകൂടങ്ങള്‍ക്കും പരിമിതികളുണ്ട്. ഇതിന് പരിഹാരമെന്ന നിലയില്‍ പെട്ടെന്ന് തീരുമാനമെടുക്കാനുള്ള സംവിധാനമെന്ന നിലയിലാണ് ഉന്നതാധികാര സമിതിയെന്നാണ് വിശദീകരണം. മറ്റു സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച് പെട്ടെന്ന് തീരുമാനമെടുക്കുക, നഷ്ടപരിഹാരം സംബന്ധിച്ച് കൃത്യമായ മാര്‍ഗരേഖയുണ്ടാക്കുക, അത് വേഗത്തില്‍ കൊടുത്തു തീര്‍ക്കാന്‍ നടപടിയെടുക്കുക തുടങ്ങിയവയാണ് സമിതിയുടെ ലക്ഷ്യങ്ങളായി പറയപ്പെടുന്നത്.

വന്യജീവി ആക്രമണ പ്രതിരോധ പദ്ധതികള്‍ക്കുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ അന്തര്‍ദേശീയ-ദേശീയ വിദഗ്ധരെ ഉള്‍പ്പെടുത്തി വിദഗ്ധ സമിതി രൂപവത്കരണവും ഇന്നലത്തെ മന്ത്രിസഭാ തീരുമാനത്തില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ഇതേ ലക്ഷ്യത്തില്‍ വനം മുന്‍ മുഖ്യ മേധാവി പി കേശവന്റെ നേതൃത്വത്തില്‍ ഒരു സമിതിയെ സര്‍ക്കാര്‍ നേരത്തേ നിയോഗിച്ചിരുന്നു. സമിതി 1,155 കോടി രൂപ ചെലവ് വരുന്ന പത്ത് വര്‍ഷ കാലയളവിലേക്കുള്ള പദ്ധതി സമര്‍പ്പിക്കുകയും ചെയ്തു. ഓരോ പ്രദേശത്തെയും ഭൂപ്രകൃതിക്ക് അനുസൃതമായും വന്യമൃഗങ്ങളുടെ സ്വാഭാവിക സഞ്ചാരത്തിന് തടസ്സം വരാതെയും വേലികളും കിടങ്ങുകളും നിര്‍മിക്കുക, പ്രശ്നക്കാരായ വന്യമൃഗങ്ങളെ മറ്റിടങ്ങളിലേക്ക് മാറ്റുക, റേഡിയോ കോളറിംഗ് ഏര്‍പ്പെടുത്തുക, മലയോര നിവാസികള്‍ക്ക് വിള ഇന്‍ഷ്വറന്‍സും ലൈഫ് ഇന്‍ഷ്വറന്‍സും ഏര്‍പ്പെടുത്തുക തുടങ്ങിയവയാണ് സമിതിയുടെ നിര്‍ദേശങ്ങള്‍. ഈ പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ അഞ്ച് വര്‍ഷക്കാലയളവിലേക്കുള്ള 620 കോടി രൂപയുടെ പദ്ധതി തയ്യാറാക്കി സാമ്പത്തിക സഹായത്തിനായി കേന്ദ്രത്തിന് സമര്‍പ്പിക്കുകയും ചെയ്തു. കേന്ദ്രസഹായം ഇതുവരെ ലഭിച്ചില്ലെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ലഭ്യമായ ഫണ്ട് ഉപയോഗിച്ച് പദ്ധതി നടപ്പാക്കി വരുന്നുണ്ടെന്നാണ് വനം മന്ത്രി പറയുന്നത്. എന്നാല്‍ ഒച്ചിന്റെ വേഗത്തിലാണ് ഇതിന്റെ പ്രവൃത്തികള്‍ നീങ്ങുന്നത്. കേന്ദ്രം നിഷേധാത്മക നയം തുടരുകയാണെങ്കിലും ഏത് വിധേനയെങ്കിലും ഫണ്ട് കണ്ടെത്തി പദ്ധതി പ്രവര്‍ത്തനം ഊര്‍ജിതമാക്കേണ്ടതുണ്ട്.

പൂര്‍വോപരി വര്‍ധിച്ചിരിക്കുകയാണ് സംസ്ഥാനത്ത് വന്യജീവി ആക്രമണം. വനയോര മേഖലയാകെ കടുത്ത ഭീതിയിലും പരിഭ്രാന്തിയിലുമാണ്. രണ്ട് മാസത്തിനകം എട്ട് പേരാണ് വന്യജീവി ആക്രമണത്തില്‍ സംസ്ഥാനത്ത് മരിച്ചത്. ചൊവ്വാഴ്ച മാത്രം രണ്ട് മരണം. 1,500ലേറെ വരും കഴിഞ്ഞ പതിനാല് വര്‍ഷത്തിനിടെ ഈയിനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം. മനുഷ്യന്‍ കാടുകളിലേക്ക് അതിക്രമിച്ചു കയറിയതു കൊണ്ടല്ല, വന്യ ജീവികള്‍ കാടിറങ്ങി ജനവാസ കേന്ദ്രങ്ങളിലെത്തിയാണ് മനുഷ്യനെ ആക്രമിക്കുന്നത്. സമീപ കാലത്തെ വന്യജീവി ആക്രമണങ്ങളില്‍ 90 ശതമാനവും കാടിന് പുറത്തായിരുന്നുവെന്നാണ് കണക്ക്. ഇതിനൊരു ശാശ്വത പരിഹാരമാണ് ജനങ്ങള്‍ക്കാവശ്യം. മനുഷ്യ ജീവനേക്കാള്‍ മൃഗങ്ങളുടെ ജീവന് പ്രാമുഖ്യം കല്‍പ്പിക്കുന്ന 1972ലെ വന്യജീവി സംരക്ഷണ നിയമ ഭേദഗതിക്കായി സംസ്ഥാന സര്‍ക്കാറും എം പിമാരും കേന്ദ്രത്തില്‍ ശക്തമായ സമ്മര്‍ദം ചെലുത്തേണ്ടതുണ്ട്. വഴങ്ങുന്നില്ലെങ്കില്‍ കോടതിയെ സമീപിക്കണം. ഐ പി സി 100, 103 വകുപ്പുകളുടെ ലംഘനമാണ് 1972ലെ നിയമമെന്ന് വിദഗ്ധര്‍ പറയുന്നു. മൃഗസ്നേഹം വേണ്ടതു തന്നെ. എങ്കിലും മനുഷ്യനേക്കാളും പ്രാധാന്യം നല്‍കരുത് മൃഗങ്ങള്‍ക്ക്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ചതരശ്ര കിലോമീറ്ററിന് 859 ആണ് കേരളത്തിലെ ജനസാന്ദ്രത. തമിഴ്നാട് 555, കര്‍ണാടക 319, ആന്ധ്ര 308 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങിലെ ജനസാന്ദ്രത. അതേസമയം കേരളത്തിന്റെ വനവിസ്തൃതിയും കാട്ടുമൃഗങ്ങളുടെ വളര്‍ച്ചാ നിരക്കും മറ്റു സംസ്ഥാനങ്ങളേക്കാള്‍ കൂടുതലുമാണ്. 29.11 ശതമാനമാണ് കേരളത്തിന്റെ വനവിസ്തൃതി. 13.5, 11.8, 14.9 എന്നിങ്ങനെയാണ് യഥാക്രമം തമിഴ്നാടിന്റെയും കര്‍ണാടകയുടെയും ആന്ധ്രയുടെയും വനവിസ്തൃതി. 1993-2017 കാലത്തെ കണക്കെടുത്താല്‍ കാട്ടാനയുടെ വളര്‍ച്ച കേരളത്തിലാണ് ഏറ്റവും കൂടുതല്‍. 63 ശതമാനം. 20, 10, 3.5 എന്നിങ്ങനെയാണ് തമിഴ്നാട്, കര്‍ണാടക, ആന്ധ്ര സംസ്ഥാനങ്ങളിലെ വളര്‍ച്ചാ നിരക്ക്. ഇതനുസരിച്ച് കാട്ടുമൃഗങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന വനം അഥവാ വാഹകശേഷി കേരളത്തില്‍ നന്നേ കുറവാണ്. ശരാശരി 1.70 ചതുരശ്ര കിലോമീറ്ററാണ് ഒരു കാട്ടാനക്ക് സംസ്ഥാനത്തെ വനത്തില്‍ ലഭ്യമാകുന്ന വിസ്തൃതി. തമിഴ്നാട്ടില്‍ ഇത് 6.35 കിലോമീറ്ററും കര്‍ണാടകയില്‍ 3.73 കിലോമീറ്ററും വരും. മറ്റു വന്യമൃഗങ്ങള്‍ക്ക് ലഭ്യമാകുന്ന വനവിസ്തൃതിയും കുറവാണ് കേരളത്തില്‍. ഇത് കൂടിയാണ് മൃഗങ്ങളുടെ ജനവാസ കേന്ദ്രത്തിലേക്കുള്ള ഇറക്കത്തിന്റെ കാരണം.

ഈയൊരു സാഹചര്യത്തില്‍ ഒരു നിശ്ചിത ശതമാനം മൃഗങ്ങളെ നിയമവിധേയമായി ഇല്ലാതാക്കി നിയന്ത്രണം വരുത്തുന്നതില്‍ എന്താണ് അപാകത? അല്ലെങ്കില്‍ വന്യമൃഗ വാഹകശേഷി വര്‍ധിച്ച വനങ്ങിലേക്ക് അവയെ മാറ്റാന്‍ നടപടി സ്വീകരിക്കണം. ഝാര്‍ഖണ്ഡിലെ വനങ്ങള്‍ക്ക് കേരളത്തേക്കാള്‍ ഇരുപത് മടങ്ങും ഒഡീഷ്യയിലെ വനങ്ങള്‍ക്ക് 13 മടങ്ങും വാഹകശേഷി കൂടുതലുണ്ട്. മനുഷ്യ ജീവനും സ്വത്തിനും ഭീഷണിയാകുന്ന മൃഗങ്ങളെ കൊല്ലാന്‍ പരിഷ്‌കൃത രാജ്യങ്ങളിലടക്കം അനുമതിയുണ്ട്. ചുരുങ്ങിയ പക്ഷം കാട്ടുപന്നി തുടങ്ങി കൃഷിനാശം വരുത്തുന്ന ജീവികളെയെങ്കിലും കൊല്ലാന്‍ മലയോര നിവാസികള്‍ക്കും കര്‍ഷകര്‍ക്കും അനുമതി നല്‍കിക്കൂടേ? 2022 ഏപ്രിലില്‍ കേന്ദ്രം വന്യജീവി നിയമത്തില്‍ ചില ഭേദഗതികള്‍ വരുത്തിയിരുന്നു. അന്ന് കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നത് സംബന്ധിച്ചും വനഭൂമിയോട് ചേര്‍ന്നുള്ള പ്രദേശം കൃഷിഭൂമിയായി ഉപയോഗിക്കുന്നതിന്റെ ദൂരപരിധി സംബന്ധിച്ചും കേരളത്തില്‍ നിന്നുള്ള എം പിമാര്‍ ചില നിര്‍ദേശങ്ങളും ഭേദഗതികളും നിര്‍ദേശങ്ങളും സമര്‍പ്പിച്ചെങ്കിലും സര്‍ക്കാര്‍ അത് നിരസിക്കുകയാണുണ്ടായത്.

 

 

 

---- facebook comment plugin here -----

Latest