Connect with us

Kerala

കേരളത്തിലെ ഹോം നഴ്‌സിങ് രംഗത്തെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും: മന്ത്രി വീണാ ജോര്‍ജ്

സമ്പൂര്‍ണ സാന്ത്വന പരിചരണ സംസ്ഥാനം ആകുകയാണ് കേരളത്തിന്റെ ലക്ഷ്യം.

Published

|

Last Updated

പത്തനംതിട്ട |  കേരളത്തിലെ ഹോം നഴ്‌സിങ് രംഗത്തെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കേരള വനിതാ കമ്മിഷന്‍ പത്തനംതിട്ടയില്‍ സംഘടിപ്പിച്ച പബ്ലിക് ഹിയറിങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.സാന്ത്വന പരിചരണ നയം ആദ്യമായി ആവിഷ്‌കരിച്ച സംസ്ഥാനം കേരളമാണ്. സമ്പൂര്‍ണ സാന്ത്വന പരിചരണ സംസ്ഥാനം ആകുകയാണ് കേരളത്തിന്റെ ലക്ഷ്യം.

കേരളത്തില്‍ ആയുര്‍ദൈര്‍ഘ്യം കൂടുതലാണ്. ജീവിക്കുന്ന കാലയളവില്‍ ക്വാളിറ്റി ലൈഫ് ഉണ്ടാകണം. പൊതു സമൂഹത്തിനും സര്‍ക്കാരിനും ഇക്കാര്യത്തില്‍ ഉത്തരവാദിത്തമുണ്ട്. ഹോം നഴ്‌സിങ്, സാന്ത്വന പരിചരണ മേഖലകള്‍ വലിയ പ്രാധാന്യമുള്ളവയാണ്. ബഹുഭൂരിപക്ഷവും സ്ത്രീകള്‍ ജോലി ചെയ്യുന്ന മേഖലയാണ് ഇത്. അതുകൊണ്ട് തന്നെ നല്ല തൊഴില്‍ സാഹചര്യം സൃഷ്ടിക്കുക, ചൂഷണങ്ങള്‍ അവസാനിപ്പിക്കുക എന്നത് ഏറെ പ്രധാനമാണ്. ഇതു കണക്കിലെടുത്ത് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സാന്ത്വന പരിചരണ മേഖലയില്‍ പ്രത്യേക പരിശീലനം നല്‍കുന്നുണ്ട്.

സംതൃപ്തിയോടെ ജോലി ചെയ്യാന്‍ ഈ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്ക് സാധിക്കണം. പബ്ലിക് ഹിയറിംഗിന്റെ അടിസ്ഥാനത്തില്‍ വനിതാ കമ്മിഷന്‍ നല്‍കുന്ന ശിപാര്‍ശകള്‍ ഗൗരവത്തോടെ പരിഗണിച്ച് സര്‍ക്കാര്‍ ഇടപെടല്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു. കേരള വനിതാ കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ അഡ്വ. പി. സതീദേവി അധ്യക്ഷത വഹിച്ചു. കേരള വനിതാ കമ്മിഷന്‍ അംഗങ്ങളായ അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, വി.ആര്‍. മഹിളാമണി, ഡയറക്ടര്‍ ഷാജി സുഗുണന്‍, ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ യു അബ്ദുള്‍ ബാരി, പ്രോജക്ട് ഓഫീസര്‍ എന്‍ ദിവ്യ പങ്കെടുത്തു. കേരളത്തിലെ ഹോം നഴ്‌സിംഗ് മേഖലയിലെ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ച റിസര്‍ച്ച് ഓഫീസര്‍ എ ആര്‍ അര്‍ച്ചന നയിച്ചു.

 

Latest