Connect with us

From the print

വയനാട് ഉരുൾപൊട്ടൽ; ദുരന്താനന്തര ആവശ്യങ്ങൾ കണക്കാക്കുന്നതിന് സംഘം രൂപവത്കരിച്ച് സർക്കാർ

31 വരെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ സംഘം പരിശോധന നടത്തും.

Published

|

Last Updated

കൽപ്പറ്റ | ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വയനാട് ജില്ലയിൽ മേഖലാടിസ്ഥാനത്തിൽ ദുരന്താനന്തര ആവശ്യങ്ങൾ കണക്കാക്കുന്നതിന് സംഘം രൂപവത്കരിച്ച് സർക്കാർ. ഉരുൾപൊട്ടലിൽ നാശനഷ്ടങ്ങളുണ്ടായ മേഖലകളിലെ സാമ്പത്തിക ചെലവുകൾ കണക്കാക്കുക, വീണ്ടെടുക്കലിനും പുനർനിർമാണത്തിനുമുള്ള പ്രവർത്തനങ്ങൾക്ക് നിർദേശങ്ങൾ നൽകുക എന്നിവയാണ് സംഘത്തിന്റെ പ്രധാന ലക്ഷ്യം. 31 വരെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ സംഘം പരിശോധന നടത്തും.

മാർഗനിർദേശവും സാങ്കേതിക സഹായവും നൽകുന്നതിനായി ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ സംഘവും ജില്ലയിലുണ്ടാകും. പ്രിൻസിപ്പൽ സെക്രട്ടറി, ഡിസാസ്റ്റർ മാനേജ്മെന്റ് ആൻഡ് സ്റ്റേറ്റ് റിലീഫ് കമ്മീഷണർ പ്രിൻസിപ്പൽ സെക്രട്ടറി പ്രവർത്തങ്ങളുടെ മേൽനോട്ടം വഹിക്കും. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി സംസ്ഥാനതല ഓഫീസർമാരുടെ മേൽനോട്ടം വഹിക്കും. ജില്ലാ കലക്ടർ ജില്ലാ തല ഓഫീസർമാരുടെ ചുമതലയും നിർവഹിക്കും.

പാർപ്പിടവും അധിവാസ മേഖലയും, വിദ്യാഭ്യാസം, ആരോഗ്യവും പോഷകാഹാരവും, പൊതു കെട്ടിടവും പൗര സൗകര്യങ്ങളും, വാണിജ്യ അടിസ്ഥാന സൗകര്യങ്ങൾ, മാനസിക-സാമൂഹിക ക്ഷേമം, അടിസ്ഥാന സൗകര്യങ്ങൾ, കുടിവെള്ളവും ശുചിത്വവും, റോഡുകളും പാലങ്ങളും, ജലസേചനം, കൃഷിയും ഹോർട്ടികൾച്ചറും, മൃഗസംരക്ഷണവും കന്നുകാലികളും, ടൂറിസം, എം എസ് എം ഇ, ചെറുകിട, പ്രാദേശിക ബിസിനസ്സുകൾ, ഉപജീവനമാർഗങ്ങൾ, വനവും പരിസ്ഥിതിയും, ആദിവാസികൾ, പ്രായമായവർ, വൈകല്യമുള്ളവർ എന്നിവരുടെ സാമൂഹിക ഉൾപ്പെടുത്തൽ തുടങ്ങിയവയെ വിവിധ മേഖലകളായി തിരിച്ചാണ് വിദഗ്ധ സംഘം പ്രവർത്തിക്കുക.
വിവിധ മേഖലകളിൽ സംഭവിച്ച ആഘാതം, നാശനഷ്ടങ്ങൾ, അടിയന്തര ആവശ്യങ്ങൾ, പുനർനിർമാണ മാർഗങ്ങൾ എന്നിവ വിലയിരുത്തും. ദുരന്താനന്തര ആവശ്യങ്ങളുടെ വിലയിരുത്തൽ നടത്തുന്നതിന് ദേശീയ ദുരന്തനിവാരണ അതോറിറ്റി, സെൻട്രൽ ബിൽഡിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അർബൻ അഫയേഴ്‌സ് എന്നീ ഏജൻസികൾ പിന്തുണയ്ക്കും. വിവിധ ടീമുകൾക്കായി പരിശീലനവും നൽകും.

ഡി ഡി എം എ അംഗങ്ങൾ, ഡിപാർട്ട്മെന്റ് മേധാവികൾ, എക്സിക്യൂട്ടീവ് എൻജിനീയർമാർ, പി ഡബ്ല്യു ഡി, എൽ എസ് ജി ഡി എൻജിനീയറിംഗ്, മൈനർ ഇറിഗേഷൻ, വാട്ടർ അതോറിറ്റി വകുപ്പുകളിൽ നിന്നുള്ള അസ്സി. എക്‌സിക്യൂട്ടീവ് എൻജിനീയർമാർ, ഗ്രാമവികസനം, കുടുംബശ്രീ, പട്ടികജാതി-പട്ടികവർഗ വികസന വകുപ്പ്, മൈനിംഗ് ആൻഡ് ജിയോളജി, വനം-ടൂറിസം- വനിതാ ശിശു സാമൂഹികനീതി തുടങ്ങി വിവിധ വകുപ്പുകൾ ഉൾപ്പെടുന്ന ജില്ലാ ടീമിനെ ജില്ലാ കലക്ടർ ഡി ആർ മേഘശ്രീ നയിക്കും.

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ഡോ. ശേഖർ ലൂക്കോസ് കുര്യാക്കോസ്, സി ബി ആർ ഐ ഡയറക്ടർ പ്രൊഫ.ആർ പ്രദീപ്കുമാർ എന്നിവർ വിദഗ്ധ സംഘത്തിന്റെ ടീം ലീഡറായി പ്രവർത്തിക്കും. തുടർന്ന് വിശദമായ റിപോർട്ട് തയ്യാറാക്കി സംസ്ഥാന സർക്കാറിന് സമർപ്പിക്കും.