Connect with us

തെളിയോളം

ആടാത്ത ജീവിതം വേണോ?

നമ്മൾ ആഗ്രഹിക്കുന്ന രീതിയിലാവണം ജീവിതം എന്നുണ്ടെങ്കിൽ, യഥാർഥത്തിൽ നമ്മൾ എന്ത് ആഗ്രഹിക്കുന്നു എന്നതിൽ വ്യക്തത വേണം.നിങ്ങളുടെ ശരീരം, കുടുംബം, ബന്ധങ്ങൾ, വീട്, യോഗ്യതകൾ, മറ്റു സമ്പാദ്യങ്ങൾ എല്ലാം ഒന്നു മനസ്സിലേക്ക് കൊണ്ടുവരൂ. ഇനി നിങ്ങൾ സ്വയം അഭിനന്ദിക്കൂ. അതിനെല്ലാം നന്ദിയുള്ളവരായിരിക്കുക എന്നതിനൊപ്പം "ഇവയാണ് എൻ്റെ സ്വത്തുക്കൾ" എന്ന തിരിച്ചറിവോടെ അവ മാനസികമായി മാറ്റിവെക്കുക. കാരണം നിങ്ങൾ ശേഖരിക്കുന്നത് എല്ലാം നിങ്ങളുടേതായിരിക്കാമെങ്കിലും അവയ്ക്കൊന്നും നിങ്ങളാകാൻ കഴിയില്ല. ഈ വ്യക്തതയോടെ ജീവിക്കുമ്പോൾ അത് നമ്മൾ ആഗ്രഹിച്ച ജീവിതമായി മാറും.

Published

|

Last Updated

ത്മവിശ്വാസം എന്നത് പലരും തെറ്റിദ്ധരിച്ച ഒരു വാക്കാണ്. ആഗ്രഹിക്കുന്നതു പോലെ ജീവിക്കാൻ ആത്മവിശ്വാസം ഉണ്ടായാൽ മതി എന്ന് പലരും പറയാറുണ്ട്. അത് പൂർണാർഥത്തിൽ ശരിയല്ല. കണ്ണടച്ചു കൊണ്ട് പരിചയമില്ലാത്ത ദുർഘട പാതയിലൂടെ എനിക്ക് സഞ്ചരിക്കാൻ കഴിയും എന്ന് പറയുന്നതു പോലെയാണത്. ചില ധൈര്യങ്ങൾ നമുക്ക് ചിലപ്പോൾ വിജയം തന്നേക്കാം. പക്ഷെ എല്ലായ്പോഴും അത് സാധ്യമാണ് എന്ന് പറയാനാവില്ല.

വ്യക്തതയാണ് ഏത് വിജയത്തിന്റെയും നിദാനം. വ്യക്തത കൈവന്നവർക്ക് എന്തിലും നൂറു ശതമാനം ഉറപ്പ് ഉണ്ടാകും. അവർക്ക് തീരുമാനമെടുക്കുന്നതിൽ ചാഞ്ചാട്ടം ഉണ്ടാവില്ല. രാഷ്ട്രീയക്കാരെ ശ്രദ്ധിച്ചു നോക്കൂ. അവരിൽ ചിലർക്ക് ഒരു ആട്ടം ഉണ്ടാകും. അങ്ങോട്ടോ ഇങ്ങോട്ടോ എന്ന മട്ടിൽ. നിൽക്കുന്നിടത്ത് വ്യക്തതയില്ലാത്തതിന്റെ പ്രശ്നമാണത്. മതവിശ്വാസത്തിൻ്റെ കാര്യത്തിലും ഇത് തന്നെയാണ് കാര്യം. വ്യക്തത ഇല്ലാത്തവൻ പല തോണികളിൽ കാലിട്ടങ്ങനെ നിൽക്കും.

പ്രവചനം നടത്തുന്നവരുടെ കാര്യം നോക്കൂ. എന്താണ് അവരുടെ വിജയം. ചില കാര്യങ്ങൾ തറപ്പിച്ചു പറയാനുള്ള കഴിവാണ്. അത് വ്യക്തതയല്ല, ആത്മവിശ്വാസമാണ്. നിങ്ങളുടെ ജീവിതത്തിൽ, പ്രൊഫഷണലായതോ കുടുംബപരമായതോ ആയ വലിയ തീരുമാനങ്ങൾ എടുക്കേണ്ടി വരുമ്പോൾ നിങ്ങൾ ഒരു കോയിൻ എടുത്ത് ടോസ് ചെയ്തു നോക്കുമോ? അമ്പതു ശതമാനം വിജയമേ പ്രതീക്ഷിക്കുന്നുള്ളുവെങ്കിൽ അതു മതിയാകും. നടക്കാനും നടക്കാതിരിക്കാനും സാധ്യതയുണ്ട്.

സോപ്പിന്റെയും ഡിറ്റർജന്റുകളുടെയുമൊക്കെ പരസ്യം കണ്ടിട്ടില്ലേ. അത് 90 ശതമാനവും കറ കളയും. പാടുകൾ നീക്കും എന്നൊക്കെയാണ് പറയുക. അങ്ങാടിയിൽ മരുന്നു വിൽക്കുന്നവരെ നോക്കൂ. ഒറ്റ മരുന്നു കൊണ്ട് എത്ര തരം രോഗങ്ങൾക്കാണ് അവർ പരിഹാരം പറയുന്നത്! കിട്ടിയാൽ കിട്ടി എന്ന മട്ടിൽ വാങ്ങാനല്ലാതെ വല്ല ഉറപ്പും അവയ്ക്കുണ്ടെന്നു പറയാമോ? വാങ്ങുന്നവരിൽ പ്രവർത്തിക്കുന്നത് വെറും ആത്മവിശ്വാസമാണ്, അത് വ്യക്തതയല്ല. പാമ്പു കടിയേറ്റാൽ ആകാശത്തേക്ക് നോക്കി ‘ഡാമ് ഡീമ് ടാ’ എന്ന് പത്ത് പ്രാവശ്യം ഉരുവിട്ടാൽ വിഷമിറങ്ങും എന്ന് പറയുന്നത് പോലെയാണ് ഈ ‘തൊണ്ണൂറ് ശതമാനം’ സാധ്യതകളെ കാണാനാവൂ.

നമ്മൾ ആഗ്രഹിക്കുന്ന രീതിയിലാവണം ജീവിതം എന്നുണ്ടെങ്കിൽ, യഥാർഥത്തിൽ നമ്മൾ എന്ത് ആഗ്രഹിക്കുന്നു എന്നതിൽ വ്യക്തത വേണം. നിങ്ങളുടെ ശരീരം, കുടുംബം, ബന്ധങ്ങൾ, വീട്, യോഗ്യതകൾ, മറ്റു സമ്പാദ്യങ്ങൾ എല്ലാം ഒന്നു മനസ്സിലേക്ക് കൊണ്ടുവരൂ. ഇനി നിങ്ങൾ സ്വയം അഭിനന്ദിക്കൂ. അതിനെല്ലാം നന്ദിയുള്ളവരായിരിക്കുക എന്നതിനൊപ്പം “ഇവയാണ് എന്റെ സ്വത്തുക്കൾ” എന്ന തിരിച്ചറിവോടെ അവ മാനസികമായി മാറ്റിവെക്കുക. കാരണം നിങ്ങൾ ശേഖരിക്കുന്നത് എല്ലാം നിങ്ങളുടേതായിരിക്കാമെങ്കിലും അവയ്ക്കൊന്നും നിങ്ങളാകാൻ കഴിയില്ല. ഈ വ്യക്തതയോടെ ജീവിക്കുമ്പോൾ അത് നമ്മൾ ആഗ്രഹിച്ച ജീവിതമായി മാറും.
ആഗ്രഹിക്കുന്ന ജീവിതത്തിന് ആദ്യം വേണ്ടത് ആടി നിൽക്കുന്ന അവസ്ഥയിൽ നിന്ന് മുക്തരാവുകയാണ്.

ട്രിപ്പീസു കളിക്കാരന് കയറിൽ കയറി അഭ്യാസം കാണിക്കാൻ സാധിക്കുന്നത് വെറും ആത്മവിശ്വാസം കൊണ്ടല്ല. ആ വിദ്യയിൽ അയാൾക്ക് കൈവന്ന വ്യക്തത കൊണ്ടാണ്. ഒരു പണ്ഡിതന് മുന്നിലെത്തുന്ന ഒരാളുടെ ശങ്കയകറ്റാൻ പ്രാപ്തി നൽകുന്ന വിധം ജ്ഞാനം പകരാൻ കഴിയുക ആത്മവിശ്വാസം കൊണ്ടല്ല, ജ്ഞാനമേഖലയിൽ അദ്ദേഹത്തിന് വ്യക്തത ഉണ്ടാകുമ്പോഴാണ്.

ജീവിതം എന്തെന്ന വ്യക്തതയുണ്ടോ നിങ്ങൾക്ക്?! എങ്കിൽ നിങ്ങൾ ആഗ്രഹിക്കുന്നത് പോലെയുള്ള ജീവിതമായിരിക്കും നിങ്ങളിപ്പോൾ നയിക്കുന്നത്, നാളെ നിങ്ങൾക്ക് ലഭിക്കുന്നതും.

---- facebook comment plugin here -----

Latest