Connect with us

Editorial

പെരുമാറ്റച്ചട്ട ലംഘനം വ്യാപകം

ഭരണകക്ഷിയോട് വിധേയത്വം പ്രകടിപ്പിക്കാതെയും ഭരണ നേതൃത്വത്തെ ഭയപ്പെടാതെയും ആർജവത്തോടെ കടമ നിർവഹിക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷണർമാരാണ് രാജ്യത്തിനും ജനാധിപത്യത്തിനും ആവശ്യം.

Published

|

Last Updated

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ നിന്ന് കേന്ദ്രസർക്കാറിന് പ്രഹരം. വാർത്താ വിതരണ മന്ത്രാലയത്തിന്റെ കീഴിൽ ഫാക്ട് ചെക്ക് യൂനിറ്റ് സ്ഥാപിച്ച നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. കേന്ദ്രസർക്കാറുമായി ബന്ധപ്പെട്ട വാർത്തകൾ വ്യാജമാണോ എന്ന് പരിശോധിക്കാനാണ് തിരക്കിട്ടു പരിശോധനാ യൂനിറ്റ് സ്ഥാപിച്ചത്. ഇൻഫർമേഷൻ ബ്യൂറോയാണ് വാർത്തകളുടെ നിജസ്ഥിതി പരിശോധിക്കുക. എക്‌സ് (ട്വിറ്റർ), ഫേസ്ബുക്ക് തുടങ്ങി എല്ലാ സാമൂഹിക മാധ്യമങ്ങളും ഫാക്ട് യൂ്‌നിറ്റിന്റെ പരിധിയിൽ വരും. ഇൻഫർമേഷൻ ബ്യൂറോ വ്യാജമെന്നു വിധിയെഴുതിയാൽ ഇന്റർനെറ്റ് പ്ലാറ്റ്‌ഫോമുകളിൽ നിന്നു വാർത്ത നീക്കം ചെയ്യേണ്ടി വരും. അഭിപ്രായ സ്വാതന്ത്രത്തെ ബാധിച്ചേക്കുമെന്ന നിരീക്ഷണത്തിലാണ് ഫാക്ട് യൂനിറ്റ് സ്ഥാപിച്ചു കേന്ദ്ര വിജ്ഞാപനം വന്ന് ഇരുപത്തിനാല് മണിക്കൂറിനകം പ്രസ്തുത നടപടി കോടതി മരവിപ്പിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസിത് ഭാരത് സന്ദേശം വാട്‌സാപ്പ് വഴി വിതരണം ചെയ്യുന്നത് തടഞ്ഞു കൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ച ഉത്തരവ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു മോദിക്കും കേന്ദ്രത്തിനുമേറ്റ മറ്റൊരു തിരിച്ചടിയായിരുന്നു. സർക്കാറിന്റെ ഭരണനേട്ടങ്ങൾ വിശദീകരിക്കുന്ന പ്രധാനമന്ത്രിയുടെ കത്ത് ഉൾപ്പെടെയുള്ള വികസിത് ഭാരത് സന്ദേശം ഇലക്ട്രോണിക് മന്ത്രാലയമാണ് ജനങ്ങളുടെ വാട്‌സാപ്പ് നമ്പറുകളിലേക്ക് എത്തിച്ചിരുന്നത്. പ്രതിപക്ഷം ഇതിനെതിരെ രംഗത്തു വരികയും തിരഞ്ഞെടുപ്പ് ചട്ടം വന്നതിനു ശേഷവും ഈ വിധം സന്ദേശം അയക്കുന്നത് ചട്ടങ്ങളുടെ ലംഘനവും അധികാര ദുർവിനിയോഗവുമാണെന്നു ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് കമ്മീഷൻ പരിപാടിക്ക് വിലക്കേർപ്പെടുത്തിയത്.

കോയമ്പത്തൂരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ്‌ഷോയിൽ സ്‌കൂൾ വിദ്യാർഥികളെ പങ്കെടുപ്പിച്ച സംഭവവും വിവാദമായിരിക്കുകയാണ്. ഹനുമാന്റെ വേഷവും ബി ജെ പി ചിഹ്നമുള്ള കാവിഷാളും ധരിപ്പിച്ചു അമ്പതോളം വിദ്യാർഥികളെയാണ് ഷോയിൽ പങ്കെടുപ്പിച്ചത്. സുരക്ഷാ പ്രശ്‌നങ്ങളും സ്‌കൂൾ പരീക്ഷകളും ചൂണ്ടിക്കാട്ടി തമിഴ്‌നാട് ആഭ്യന്തര വകുപ്പ് റോഡ് ഷോക്ക് അനുമതി നിഷേധിച്ചിരുന്നു. സംസ്ഥാന ബി ജെ പി നേതൃത്വം ഹൈക്കോടതിയുടെ മധുര ബഞ്ചിനെ സമീപിച്ചു അനുമതി വാങ്ങുകയായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനു വിദ്യാർഥികളെ ഉപയോഗപ്പെടുത്തുന്നത് ചട്ടവിരുദ്ധമാണ്. പ്രധാനമന്ത്രിയെ കാണാനുള്ള താത്പര്യത്തിൽ വിദ്യാർഥികൾ സ്വമേധയാ ആണ് പരിപാടിയിൽ പങ്കെടുത്തതെന്നാണ് ബി ജെ പി നേതൃത്വത്തിന്റെ ന്യായീകരണം. അതേസമയം, സ്‌കൂൾ അധികൃതരുടെ നിർദേശ പ്രകാരമാണ് പരിപാടിയിൽ പങ്കെടുത്തതെന്നാണ് വിദ്യാർഥകൾ പറയുന്നത്. ചട്ടലംഘനത്തിനെതിരെ കോയമ്പത്തൂർ ജില്ലാ ഉപവരണാധികാരി, ബി ജെ പി ജില്ലാ പ്രസിഡന്റിനു നോട്ടീസ് നൽകിയിരിക്കുകയാണ്.

കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ഉയർന്നിട്ടുണ്ട് തിരഞ്ഞെടുപ്പ് മാതൃകാ ചട്ട ലംഘന പരാതി. മുഖ്യമന്ത്രിയുടെ നിയമസഭാ പ്രസംഗം പൊതുപണം ഉപയോഗിച്ചു അച്ചടിച്ചു തിരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിക്കുന്നത് മാതൃകാ ചട്ട ലംഘനമാണെന്നു യു ഡി എഫ് ആരോപിക്കുന്നു. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് പ്രസിദ്ധീകരിച്ച 16 പേജുള്ള മുഖ്യമന്ത്രിയുടെ നിയമസഭാപ്രസംഗം എൽ ഡി എഫ് പ്രവർത്തകരാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വീടുകളിൽ വിതരണം ചെയ്യുന്നത്. ഈ പ്രസിദ്ധീകരണം മുഴുവൻ കണ്ടുകെട്ടണമെന്നും പ്രസാധകർക്കും വിതരണം ചെയ്തവർക്കുമെതിരെ മാതൃകാ പെരുമാറ്റ ചട്ടലംഘനത്തിനു നടപടി കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരിക്കയാണ് കെ പി സി സി വർക്കിംഗ് പ്രസിഡന്റ് ടി എൻ പ്രതാപൻ.
തിരഞ്ഞെടുപ്പിന്റെ സ്വതന്ത്ര സ്വഭാവവും നിഷ്പക്ഷതയും ഉറപ്പാക്കാനാണ് മാതൃകാ പെരുമാറ്റ ചട്ടം നടപ്പാക്കുന്നത്. അത് കൃത്യമായി പാലിക്കണമെന്നും ഇല്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നറിയിപ്പുണ്ടെങ്കിലും രാഷ്ട്രീയ നേതൃത്വങ്ങൾ മുഖവിലക്കെടുക്കുന്നില്ല. വ്യാപകമായി ചട്ടങ്ങൾ ലംഘിക്കപ്പെടുന്നു. ഇതിനെതിരായ നിയമനടപടി പലപ്പോഴും കടലാസിൽ ഒതുങ്ങുകയാണ്. വിശിഷ്യാ പ്രധാനമന്ത്രി, മുഖ്യമന്ത്രി തുടങ്ങി ഉന്നത അധികാരികളുടെ കാര്യത്തിൽ അത് കണ്ടില്ലെന്നു നടിക്കുന്നു വരണാധികാരികൾ. അടുത്ത ദിവസം ഡൽഹിയിൽ നടന്ന പത്രസമ്മേളനത്തിൽ, വിദ്വേഷ പ്രസംഗങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷാക്കുമെതിരെ എന്തുകൊണ്ടാണ് കേസെടുക്കാത്തതെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ്കുമാർ ഉത്തരം നൽകാതെ ഒഴിഞ്ഞു മാറുകയായിരുന്നു. വരണാധികാരികൾ ഇക്കാര്യത്തിൽ നിസ്സഹായരാണ്. അല്ലെങ്കിൽ ഭരണകക്ഷിക്ക് വിധേയരായിരിക്കും.

ഭരണകക്ഷിയോട് വിധേയത്വം പ്രകടിപ്പിക്കാതെയും ഭരണ നേതൃത്വത്തെ ഭയപ്പെടാതെയും ആർജവത്തോടെ കടമ നിർവഹിക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷണർമാരാണ് രാജ്യത്തിനും ജനാധിപത്യത്തിനും ആവശ്യം. ടി എൻ ശേഷൻ അത്തരമൊരാളായിരുന്നുവെന്ന് പറയാം. കഴിഞ്ഞ വർഷം തിരഞ്ഞെടുപ്പ് കമ്മീഷണർ നിയമനവുമായി ബന്ധപ്പെട്ട ഹരജിയുടെ പരിഗണനാ വേളയിൽ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ച് തന്നെ ശേഷനെ അനുസ്മരിക്കുകയുണ്ടായി. “മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർമാർ നിരവധി പേർ ഉണ്ടായിട്ടുണ്ട്. പക്ഷേ ടി എൻ ശേഷനെ പോലുള്ളവർ വല്ലപ്പോഴുമേ സംഭവിക്കൂ’ എന്നായിരുന്നു ജസ്റ്റിസുമാരായ കെ എം ജോസഫ്, അജയ് റസ്‌തോഗി, അനിരുദ്ധ ബോസ്, ഋശികേഷ് റോയ്, സി ടി രവികുമാർ എന്നിവരങ്ങിയ ഭരണഘടനാ ബഞ്ചിന്റെ പ്രസ്താവം. “കഴിവിനു പുറമെ നല്ല വ്യക്തിത്വവും സ്വയം ബുൾഡോസ് ചെയ്യപ്പെടാൻ അനുവദിക്കാത്തയാളുമായിരിക്കണം, കമ്മീഷണറെന്നും ഭരണഘടനാ ബഞ്ച് കൂട്ടിച്ചേർത്തു.

---- facebook comment plugin here -----

Latest