Kerala
ആര്‍ എസ് എസ് ചിത്രം സര്‍ക്കാര്‍ പരിപാടിക്ക് ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ല: കൃഷിമന്ത്രി
ആര്‍ എസ് എസ് ഉപയോഗിക്കുന്ന ഭാരതാംബയുടെ ചിത്രത്തിലുള്ളത് യഥാര്‍ഥ ഇന്ത്യന്‍ ഭൂപടമല്ല. ഭരണഘടന ലംഘിച്ചുകൊണ്ടുള്ള പ്രവര്‍ത്തനം സര്‍ക്കാറിന് ചെയ്യാന്‍ സാധിക്കില്ല.

തിരുവനന്തപുരം | ആര്‍ എസ് എസ് ഇന്ത്യയില്‍ മാത്രം ഉപയോഗിക്കുന്ന ഭാരതാംബ ചിത്രം ഒരു സര്‍ക്കാര്‍ പരിപാടിയുടെ ഭാഗമാക്കുന്നത് ഭരണഘടനാപരമായി ശരിയല്ലെന്ന് കൃഷിമന്ത്രി പി പ്രസാദ്. ഭരണഘടന ലംഘിച്ചുകൊണ്ടുള്ള പ്രവര്‍ത്തനം സര്‍ക്കാറിന് ചെയ്യാന്‍ സാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തണമെന്ന രാജ്ഭവന്റെ ആവശ്യത്തിന് നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
സാധാരണ രീതിയിലെ ഭാരത മാതാവിന്റെ ചിത്രമാണെങ്കില്‍ പ്രയാസമില്ല. ആര്‍ എസ് എസ് ഉപയോഗിക്കുന്ന ഭാരതാംബയുടെ ചിത്രത്തിലുള്ളത് യഥാര്‍ഥ ഇന്ത്യന്‍ ഭൂപടമല്ല. സര്‍ക്കാര്‍ പരിപാടിയില്‍ അവ ഉപയോഗിക്കാന്‍ സാധിക്കില്ലെന്നതു കൊണ്ടാണ് പരിസ്ഥിതിദിന പരിപാടി മാറ്റിയതെന്നും കൃഷി മന്ത്രി പറഞ്ഞു.
നേരത്തെ, കേരളശ്രീ പുരസ്‌കാര വിതരണം നടക്കുന്ന ചടങ്ങില്‍ ആ ചിത്രം അവിടെയുണ്ടായിരുന്നില്ലെന്നും പെട്ടെന്ന് എവിടെ നിന്നാണ് അത് വന്നതെന്നും മന്ത്രി ചോദിച്ചു.’ബാഹ്യ ശക്തികള്‍ രാജ്ഭവനെ നിയന്ത്രിക്കുന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അപകടകരമായ അവസ്ഥയാണ് സൂചിപ്പിക്കുന്നത്. രാജ്ഭവന്‍ സങ്കുചിത രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് വേദിയാകാന്‍ പാടില്ലെന്നും രാജ്ഭവനില്‍ ഇരുന്നുകൊണ്ട് ഗവര്‍ണര്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പാടില്ലെന്നും മന്ത്രി പറഞ്ഞു.