Union Budget 2026
കേന്ദ്ര ബജറ്റ്: വിവിധ സംസ്ഥാനങ്ങൾക്ക് എന്തു കിട്ടി?
ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, തമിഴ്നാട്, അസം തുടങ്ങിയ സംസ്ഥാനങ്ങൾക്ക് അടിസ്ഥാന സൗകര്യ വികസനം, സാങ്കേതിക വിദ്യ, കൃഷി എന്നീ മേഖലകളിൽ പ്രത്യേക പരിഗണന ലഭിച്ചു
ന്യൂഡൽഹി | കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച 2026 ലെ യൂണിയൻ ബജറ്റിൽ വിവിധ സംസ്ഥാനങ്ങളുടെ വികസനത്തിനായി വൻ പദ്ധതികൾ പ്രഖ്യാപിച്ചു. ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, തമിഴ്നാട്, അസം തുടങ്ങിയ സംസ്ഥാനങ്ങൾക്ക് അടിസ്ഥാന സൗകര്യ വികസനം, സാങ്കേതിക വിദ്യ, കൃഷി എന്നീ മേഖലകളിൽ പ്രത്യേക പരിഗണന ലഭിച്ചു. കേരളത്തിന് കാര്യമായ പരിഗണന ലഭിച്ചിട്ടില്ല.
ഉത്തർപ്രദേശ്
ഏറ്റവും വലിയ പദ്ധതികൾ പ്രഖ്യാപിക്കപ്പെട്ട സംസ്ഥാനങ്ങളിലൊന്നാണ് ഉത്തർപ്രദേശ്. വാരണാസിയിൽ കപ്പൽ റിപ്പയർ ഇക്കോസിസ്റ്റം, റിങ് റോഡ് ഹൈബ്രിഡ് റെയിൽ കോറിഡോർ, ഡൽഹി – വാരണാസി അതിവേഗ റെയിൽ പാത എന്നിവയാണ് പ്രധാന പ്രഖ്യാപനങ്ങൾ. ലക്നൗവിൽ എ ഐ സിറ്റിയും രാജ്യത്തെ ആദ്യ സെമികണ്ടക്ടർ ഡിസൈൻ ആൻഡ് മാനുഫാക്ചറിങ് പാർക്കും സ്ഥാപിക്കും. സ്ത്രീകൾക്കായി ‘ശ്രീ മാർട്ട്’, ഹോസ്റ്റൽ സൗകര്യങ്ങൾ എന്നിവയും പ്രഖ്യാപിച്ചു.
പശ്ചിമ ബംഗാൾ
പശ്ചിമ ബംഗാളിലെ ചരക്ക് നീക്കം സുഗമമാക്കുന്നതിനായി കിഴക്കൻ മേഖലയിലെ ദൻകുനിയെയും പടിഞ്ഞാറൻ മേഖലയിലെ സൂറത്തിനെയും ബന്ധിപ്പിച്ചു കൊണ്ട് പുതിയ ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ വരും. വാരണാസിയിൽ നിന്ന് സിലിഗുരിയിലേക്ക് പുതിയ അതിവേഗ റെയിൽ പാതയും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ദുർഗാപൂരിൽ ഈസ്റ്റ് കോസ്റ്റ് ഇൻഡസ്ട്രിയൽ കോറിഡോറിന്റെ പ്രധാന നോഡ് സ്ഥാപിച്ച് വ്യാവസായിക വളർച്ച വേഗത്തിലാക്കും.
തമിഴ്നാട്, കേരളം, ആന്ധ്രാപ്രദേശ്
അപൂർവ ധാതുക്കളുടെ ഖനനവും സംസ്കരണവും ലക്ഷ്യമിട്ടുള്ള റേർ എർത്ത് കോറിഡോറുകൾ തമിഴ്നാട്, കേരളം, ആന്ധ്രാപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ സ്ഥാപിക്കും. കേരളത്തിനും തമിഴ്നാടിനും തീരദേശ കൃഷിയായ നാളികേരം, കശുവണ്ടി, കൊക്കോ എന്നിവയുടെ ഉൽപാദനം വർധിപ്പിക്കാൻ പ്രത്യേക സഹായം ലഭിക്കും. കേരളത്തിൽ കടലാമകളുടെ സംരക്ഷണത്തിനായി പുതിയ ‘ടർട്ടിൽ ട്രയൽസ്’ പദ്ധതിയും തമിഴ്നാട്ടിലെ പുലിക്കാട്ട് തടാകത്തിൽ പക്ഷി നിരീക്ഷണ പാതകളും ഒരുക്കും. എങ്കിലും അതിവേഗ റെയിൽ കോറിഡോറുകളിൽ കേരളത്തെ ഉൾപ്പെടുത്തിയില്ല. എയിംസ് അടക്കം വർഷങ്ങളായുള്ള കേരളത്തിന്റെ ആവശ്യങ്ങളും നിരാകരിക്കപ്പെട്ടു.
അസം
അസമിലെ തേജ്പൂരിൽ മാനസികാരോഗ്യ പരിരക്ഷയ്ക്കായി നിംഹാൻസ് 2 സ്ഥാപിക്കും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി അസം, അരുണാചൽ പ്രദേശ്, സിക്കിം, മണിപ്പൂർ തുടങ്ങിയ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തി ബുദ്ധിസ്റ്റ് സർക്യൂട്ട്സ് വികസന പദ്ധതിയും നടപ്പിലാക്കും.
ഒഡീഷ
ഒഡീഷയിൽ 20 പുതിയ ഉൾനാടൻ ജലപാതകൾ പ്രവർത്തനസജ്ജമാക്കും. ടൂറിസം, പുരാവസ്തു സംരക്ഷണം എന്നിവയ്ക്ക് പുറമെ റേർ എർത്ത് കോറിഡോറിന്റെ ഭാഗമായുള്ള നിക്ഷേപങ്ങളും സംസ്ഥാനത്തെ വികസനത്തിന് ആക്കം കൂട്ടും.
ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ഞായറാഴ്ച കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്.




