Connect with us

Kerala

മഅദിന്‍ അക്കാദമിയില്‍ ദ്വിദിന അന്താരാഷ്ട്ര കലിഗ്രഫി എക്സ്പോക്ക് പ്രൗഢമായ തുടക്കം

. പ്രശസ്ത അന്താരാഷ്ട്ര കലിഗ്രഫര്‍ മുഖ്താര്‍ അഹ്മദ് ബാംഗ്ലൂര്‍, മലയാളം കലിഗ്രഫിയുടെ പിതാവ് നാരായണ ഭട്ടതിരി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

Published

|

Last Updated

മലപ്പുറം |  അക്ഷരങ്ങള്‍ കൊണ്ട് വിസ്മയം തീര്‍ത്ത് അന്താരാഷ്ട്ര കലിഗ്രഫി എക്സ്പോക്ക് മഅ്ദിന്‍ അക്കാദമിയില്‍ പ്രൗഢമായ തുടക്കം. പ്രശസ്ത അന്താരാഷ്ട്ര കലിഗ്രഫര്‍ മുഖ്താര്‍ അഹ്മദ് ബാംഗ്ലൂര്‍, മലയാളം കലിഗ്രഫിയുടെ പിതാവ് നാരായണ ഭട്ടതിരി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ചു. മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അദ്ധ്യക്ഷത വഹിച്ചു.

തുര്‍ക്കി, യു എ ഇ, സൗദി അറേബ്യ, ബഹ്‌റൈന്‍, ഇന്ത്യ, ഇറാന്‍, ഇറാഖ്, ഇന്തോനേഷ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ പ്രമുഖ കലിഗ്രഫര്‍മാരുടെ സൃഷ്ടികളാണ് പ്രദര്‍ശിപ്പിക്കുന്നത്. കലിഗ്രഫി മേഖലയെ കേരളത്തില്‍ കൂടുതല്‍ ജനകീയമാക്കാനും പ്രോത്സാഹിപ്പിക്കാനുമാണ് മഅദിന്‍ അക്കാദമി എക്സ്പോ സംഘടിപ്പിക്കുന്നത്.

സുലുസ്, ദിവാനി, റുക്കഅ്, ഫാരിസി, മോഡേണ്‍ ആര്‍ട്ടായ സുമ്പുലി തുടങ്ങി കലിഗ്രഫിയുടെ നൂറുകണക്കിന് ഫ്രെയ്മുകളും ഹാന്‍ഡി ക്രാഫ്റ്റും അക്ഷര സ്നേഹികള്‍ക്ക് വിരുന്നായി മാറി. കലിഗ്രഫി രംഗത്തേക്ക് കടന്നു വരുന്ന പുതുമുഖങ്ങള്‍ക്കും ഈ രംഗത്ത് മുദ്ര പതിപ്പിക്കുകയും ചെയ്തവര്‍ക്ക് എക്‌സബിഷന്‍ വലിയൊരു പ്രചോദനമായി മാറി. ഇന്ന് വൈകുന്നേരം 6 വരെ എക്സ്പോ കാണുന്നതിന് അവസരമുണ്ട്.

പരിപാടിയില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ഇഫ്തികാര്‍ അഹ്മദ് ശരീഫ് ഡല്‍ഹി, കലിഗ്രഫര്‍മാരായ അമീറുല്‍ ഇസ്്ലാം ഹൈദരാബാദ്, അബ്ദുള്ള ഫൈസില്‍ ബാംഗ്ലൂര്‍, അബ്ദുസ്സത്താര്‍ ഹൈദരാബാദ്, മഅദിന്‍ കലിഗ്രഫി ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ അന്‍ഫസ് വണ്ടൂര്‍, ദുല്‍ഫുഖാര്‍ അലി സഖാഫി, നൌഫല്‍ കോഡൂര്‍, ജുനൈദ് അദനി പെരിന്തല്‍മണ്ണ എന്നിവര്‍ പ്രസംഗിച്ചു.

നാളെ രാവിലെ 10 ന് കലിഗ്രഫി& ആര്‍ട് സെന്റര്‍ ഉദ്ഘാടനം മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നിര്‍വ്വഹിക്കും. അറബിക് കലിഗ്രഫിയിലെ മൂന്ന് ലിപികള്‍, മലയാളം കലിഗ്രഫി, ഇംഗ്ലീഷ് കലിഗ്രഫി, ഇസ്ലാമിക് ഇല്ലുമുനേഷന്‍, റസിന്‍ ആര്‍ട്ട്, പെന്‍സില്‍ ഡ്രോയിംഗ്, പെയിന്റിംഗ്, ഗ്രാഫിക് ഡിസൈന്‍, ടൈപോഗ്രഫി, എംപ്രോയ്ഡറി വര്‍ക്കുകള്‍ തുടങ്ങിയ കോഴ്‌സുകളാണ് കലിഗ്രഫി ആര്‍ട് സെന്ററില്‍ ആരംഭിക്കുന്നത്.
ജര്‍മനിയിലെ സ്റ്റുട്ട്ഗാട്ട് , കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി എന്നിവിടങ്ങള്‍ ആസ്ഥാനമായുള്ള ഇസ്ലാമിക് മാന്യുസ്‌ക്രിപ്റ്റ് അസോസിയേഷന്‍ ഉള്‍പ്പെടെ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര കൂട്ടായ്മകളുടെ സഹകരണത്തോടെ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കാനാണ് പദ്ധതി.

Latest