feature
ശ്രവണശേഷിയില്ലാത്തവരെ ഇങ്ങനെ ചേര്‍ത്തുനിര്‍ത്താം
സംസാരിക്കാൻ കഴിയാത്തവരെന്നും കേൾവി ഇല്ലാത്തവരെന്നുമുള്ള മുദ്ര നൽകി മാറ്റി നിർത്തപ്പെടേണ്ടവരല്ല ഇവർ എന്ന് സമൂഹത്തിന് മുന്നിൽ പ്രവർത്തനത്തിലൂടെ കാണിച്ചു കൊടുക്കുകയാണ് നീലഗിരിയിലെ പാക്കണ സ്വദേശിയായ അബ്ദുൽ ഗഫൂർ സഖാഫി.
സംസാരശേഷിയില്ലാത്ത ഒരു യുവാവിന്റെ വിവാഹച്ചടങ്ങായിരുന്നു അത്. നികാഹിന് കാർമികത്വം വഹിക്കേണ്ട ഉസ്താദ് എത്തി സംസാരശേഷിയും ശ്രവണശേഷിയും ഇല്ലാത്ത വരന് എങ്ങനെ നികാഹിന്റെ വാചകം ചൊല്ലിക്കൊടുക്കും എന്നത് ഉസ്താദിനെ കുഴക്കി. അനിശ്ചിത്വം നിലനിൽക്കുമ്പോഴാണ് വരന്റെ ഗുരുനാഥനായ അബ്ദുൽ ഗഫൂർ സഖാഫി ആ വേദിയിൽ എത്തുന്നത്. അബ്ദുൽ ഗഫൂർ സഖാഫി ഈ നികാഹ് ഭംഗിയായി നടത്തി. ശേഷം ആംഗ്യഭാഷയിൽ ഒരു പ്രഭാഷണവും നടത്തി. വരനും കൂട്ടുകാർക്കുമുള്ള നല്ലൊരു ഉപദേശമായിരുന്നു അത്. എല്ലാവർക്കും സന്തോഷമായി. നികാഹിന് കാർമികത്വം വഹിക്കാൻ എത്തിയ ഉസ്താദിന് ഇത് പുതിയൊരനുഭവമായിരുന്നു. ഇത്തരത്തിലുള്ള നിരവധി ചടങ്ങുകൾക്ക് ഇന്ന് ഇദ്ദേഹം കാർമികത്വം വഹിക്കുന്നു.
ശ്രവണ ശേഷിയും സംസാര കഴിവും ഇല്ലാത്തവരെ ചേർത്തുപിടിക്കുന്നതിന്റെ നേർകാഴ്ചയാണിവിടെ. സംസാരിക്കാൻ കഴിയാത്തവരെന്നും കേൾവി ഇല്ലാത്തവരെന്നുമുള്ള മുദ്ര നൽകി മാറ്റി നിർത്തപ്പെടേണ്ടവരല്ല ഇവർ എന്ന് സമൂഹത്തിന് മുന്നിൽ പ്രവർത്തനത്തിലൂടെ കാണിച്ചു കൊടുക്കുകയാണ് നീലഗിരിയിലെ പാക്കണ സ്വദേശിയായ അബ്ദുൽ ഗഫൂർ സഖാഫി . ഇത്തരക്കാരോട് സംസാരിക്കുന്നതും ആശയവിനിമയം നടത്തുന്നതും ഇദ്ദേഹത്തിന് ഏറെ ഹരമാണ്. മനുഷ്യർക്കൊപ്പം എന്ന പ്രമേയത്തിൽ നടന്ന കേരള യാത്രയിലെ വേദികളിൽ നിറഞ്ഞുനിന്നിരുന്ന ഇദ്ദേഹത്തെ കുറിച്ച് പലരും കരുതിയിരുന്നത് ഇദ്ദേഹം സംസാരിക്കാത്ത ആളെന്നായിരുന്നു.
അഞ്ച് വർഷം മലപ്പുറം മഅ്ദിന്റെ കീഴിലുള്ള സ്ഥാപനത്തിൽ അധ്യാപകനായിരുന്ന ഇദ്ദേഹം മർകസ് ശരീഅത്ത് കോളജിൽ പഠിക്കുമ്പോൾ വിദ്യാർഥി സമാജത്തിന് കീഴിലുള്ള ദഅവ പ്രവർത്തനത്തിന്റെ ഭാഗമായി ഭാഷകൾ പഠിക്കുന്ന കൂട്ടത്തിലാണ് ആംഗ്യഭാഷ പഠിക്കാനുള്ള പ്രചോനമുണ്ടായത്. തുടർന്ന് യാത്രക്കിടയിലും മറ്റും കണ്ടുമുട്ടുന്ന ശ്രവണശേഷിയില്ലാത്തവരുമായെല്ലാം ആശയവിനിമയം നടത്തിക്കൊണ്ടാണ് ഇക്കാര്യത്തിൽ കഴിവ് നേടിയത്. മർകസിലെ വിദ്യാർഥി സമാജത്തിന്റെ നേതൃത്വത്തിലുള്ള ദഅവാ സെല്ലിന് കീഴിൽ കോഴിക്കോട് മെഡിക്കൽ കോളജിന് അടുത്ത് പ്രവർത്തിക്കുന്ന ആശാ ഭവനിൽ ഇടക്കിലെ സന്ദർശനം നടത്തി അവിടത്തെ അന്തേവാസികളുമായി നിരന്തരം ഇടപഴകിയാണ് അവരുടെ ഭാഷ വശത്താക്കിയത്. ഇതേ കുറിച്ച് സംസാരിക്കുമ്പോഴാണ് ഇതിന്റെ ആഴങ്ങൾ അറിയുന്നത്.
അമേരിക്കൻ സൈൻ ലാംഗ്വേജ് എ എസ് എൽ, എന്ന പേരിലും ബ്രിട്ടീഷ് സൈൻ ലാംഗ്വേജ് ബി എസ് എൽ എന്ന പേരിലും ഇന്ത്യയിൽ ഐ എസ് എൽ ലാംഗ്വേജ് എന്ന പേരിലുമാണ് അറിയപ്പെടുന്നത്. ഒരോ രാജ്യങ്ങളിൽ വിവിധ സംസ്ഥാനങ്ങളിലെ ഭാഷകൾക്കനുസരിച്ചും പ്രാദേശിക ഭാഷകൾക്കനുസരിച്ചും ആംഗ്യഭാഷയിൽ വ്യത്യാസം കാണാവുന്നതാണെന്ന് ഇദ്ദേഹം പറയുന്നു. ഇത്തരക്കാരെ ബധിരരും മൂകരുമെന്ന പേര് നൽകി എല്ലാ രംഗത്തുനിന്നും പാർശ്വവത്കരിക്കുന്ന നിലപാടായിരുന്നു പൊതുവെ ഉണ്ടായിരുന്നത്. ശ്രവണ – സംസാരശേഷി ഇല്ലെങ്കിലും ബുദ്ധിയിലും മറ്റു പല കഴിവിലും ഇത്തരക്കാർ വളരെ മുന്നിലാണെന്നിരിക്കെ സാമൂഹിക രംഗത്തും വിദ്യാഭ്യാസ രംഗത്തും ഇവർ അവഗണിക്കപ്പെടുകയാണ് പതിവ്. രക്ഷിതാക്കളുടെയും കുടുംബത്തിന്റെയും അജ്ഞത മൂലം വിദ്യാലയങ്ങളിൽ പോകാൻ പോലും ഇവരിൽ പലർക്കും അവസരം ഉണ്ടായിരുന്നില്ല. ശാന്തമായ എന്തെങ്കിലും കൈത്തൊഴിലുകൾ പഠിച്ച് ആ ജോലി ചെയ്ത് കുടുംബം പോറ്റുന്നവർ ഇന്നും നിരവധിയാണ്. ഇവരെ ഉയർത്തിക്കൊണ്ടുവരുന്നതിന് സർക്കാർതലത്തിൽ സംരംഭങ്ങളുണ്ട്. കേരള സംസ്ഥാന സാമൂഹിക സുരക്ഷാ വിഭാഗത്തിന് കീഴിൽ വിവിധങ്ങളായ സംരംഭങ്ങളാണ് ഉള്ളത്.
ഇതുമൂലം ഇവർക്ക് വലിയ തൊഴിൽ സാധ്യതകളും ഉണ്ട്. പക്ഷേ, അധികമാരും ഇത് അറിയുന്നില്ല. അതുകൊണ്ടുതന്നെ കൂടുതലാരും ഇതിലേക്ക് ഇറങ്ങിത്തിരിക്കാറില്ലത്രെ. ഇത്തരം കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും തുടക്കത്തിൽ തന്നെ ആവശ്യമായ അവബോധവും മാർഗനിർദേശങ്ങളും നൽകുകയാണാവശ്യം. അവരെ സമൂഹത്തിൽ നിന്ന് പിന്തള്ളി ഏതെങ്കിലും ചെറിയ തൊഴിലുകൾക്ക് വിടുന്നതിന് പകരം ഉന്നതവിദ്യാഭ്യാസം നൽകി ഉയർത്തിക്കൊണ്ടുവരികയാണ് നാം ചെയ്യേണ്ടതെന്നും അബ്ദുൽ ഗഫൂർ സഖാഫി പറയുന്നു.
ഇവരെ ചേർത്തുപിടിക്കുന്ന ഏറ്റവും ശ്രദ്ധേയമായ ഒരു സംരംഭമാണ് എസ് വൈ എസ് സംസ്ഥാന കമ്മിറ്റിക്ക് കീഴിൽ ആരംഭിച്ചിട്ടുള്ള ട്യൂൺ ഓഫ് സൈലന്റ്ഇസ്്ലാമിക് കോൺഫറൻസ്. ഇതിന്റെ ട്രൈനറാണ് ഇദ്ദേഹം. സംസ്ഥാനത്തെ എല്ലാ ജില്ലയിലും നീലഗിരിയിലും ഇവർക്കായി പ്രത്യേകം ക്ലാസ്സുകൾ നടന്നുവരുന്നു.
ചില ജില്ലകളിൽ ഇത് സോൺ തലങ്ങളിൽ തന്നെ നടക്കുന്നുണ്ട്. ഇവരുടെ ഭാഷയിൽ തന്നെ പ്രത്യേക പാഠ്യപദ്ധതികൾ തയ്യാറാക്കി മതപരമായ അറിവുകളും ആരാധനാ രീതികളും പകർന്നു നൽകുന്നതോടൊപ്പം ഇംഗ്ലീഷ്, സോഷ്യൽ സയൻസ്, ബയോളജി, കെമിസ്ട്രി തുടങ്ങിയ വിഷയങ്ങളിലും ഇവർക്ക് പരിശീലനം നൽകി വരുന്നു. എല്ലാ ജില്ലയിലുമുള്ള വാട്സാപ്പ് കൂട്ടായ്മകളുണ്ട്. അതിൽ നിന്ന് തിരഞ്ഞെടുത്ത അഞ്ച് പേരടങ്ങുന്ന കോ ഓഡിനേറ്റർമാരുടെ നേതൃത്വത്തിലാണ് ഇതിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
കേരള മുസ്‌ലിം ജമാഅത്തിന് കീഴിൽ കഴിഞ്ഞ ജനുവരി ഒന്ന് മുതൽ 16 വരേ നടന്ന കേരള യാത്രയിൽ മനുഷ്യർക്കൊപ്പമെന്ന ഇതിന്റെ പ്രമേയത്തെ പൂർണാർഥത്തിൽ അന്വർഥമാക്കി ഇവരെ ചേർത്തുപിടിച്ചത് ഏവരാലും പ്രശംസിക്കപ്പെട്ടതാണ്.
യാത്രയുടെ മുന്നോടിയായി നീലഗിരിയടക്കമുള്ള എല്ലാ ജില്ലകളിലും പ്രവർത്തനം നടത്തി ഇവരേയും അതാത് സ്വീകരണ സമ്മേളനത്തിലേക്ക് എത്തിക്കുന്നതിനുള്ള അവസരം ഒരുക്കി. വേദിക്ക് മുന്നിൽ തന്നെ ഇവർക്കായി ഇരിപ്പിടങ്ങളും തയ്യാർ ചെയ്തിരുന്നു.
എല്ലാ സ്വീകരണ സമ്മേളനത്തിലെയും നേതാക്കളുടെയും രാഷ്ട്രീയ സാംസ്കാരിക നായകർ അടക്കമുള്ള എല്ലാവരുടെയും പ്രസംഗങ്ങൾ ആംഗ്യഭാഷയിൽ വിവർത്തനം നടത്തിയിരുന്നു. സമ്മേളനങ്ങളുടെ ചരിത്രത്തിൽ തന്നെ മാതൃകാപരമായ പുതിയൊരു കാൽവെപ്പായിരുന്നു ഇത്. സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളേയും ചേർത്തുപിടിക്കുമെന്നത് ഇവിടെ പ്രാവർത്തികമാക്കുകയായിരുന്നു.
വാട്സാപ്പ് കൂട്ടായ്മയിലൂടെ കേരള യാത്രാ സ്വീകരണ വേദിയിലേക്ക് കടന്നെത്തിയവർ ഓരോ സദസ്സിലും നിറഞ്ഞുനിന്ന് നേതാക്കളുടെയും വിശിഷ്ടാഥിതികളുടെയും പ്രഭാഷണങ്ങൾ ഇവർക്ക് ആവോളം ആസ്വദിക്കാനും പരസ്പരം ആശയങ്ങൾ പങ്കുവെക്കാനുമായത് വേറിട്ടൊരനുഭവമായിരുന്നു എന്ന് ഇവർ പറയുന്നു. ചിലയിടങ്ങളിൽ അസ്്ലം സഖാഫി കമ്പളക്കാട് വിവർത്തനം ചെയ്തിട്ടുണ്ട്. പാക്കണയിലെ മുത്തളംപറ്റ വീരാന്റെയും ആമിനയുടെയും മകനായ അബ്ദുൽ ഗഫൂർ സഖാഫി പ്രാഥമിക പഠനത്തിന് ശേഷം പാടന്തറ മർകസ്, പുല്ലാളൂർ മച്ചക്കുളം ( കുറ്റിപ്പുറം പള്ളി), മലപ്പുറം മഅ്ദിൻ എന്നിവിടങ്ങളിൽ പഠനം നടത്തിയ ശേഷം കാരന്തൂർ മർകസിൽ നിന്ന് 2008ൽ സഖാഫി ബിരുദം കരസ്ഥമാക്കുകയായിരുന്നു.
കണ്ണൂർ ജില്ലയിലെ കണ്ണവം ഹയാത്തുൽ ഇസ്്ലാം മദ്റസാ പ്രധാനാധ്യാപകനും സ്ഥലം ഖത്വീബുമായ അബ്ദുൽ ഗഫൂർ സഖാഫി വിവിധ മഹല്ലുകളിൽ സംസാരശേഷിയില്ലാത്തവരുടെ നികാഹിന് കാർമിത്വം വഹിക്കാറുണ്ട്. ശ്രവണശേഷി ഇല്ലാത്തവരുടെ പഠനത്തിനും മറ്റുമായി എസ് വൈ എസ് സംസ്ഥാന കമ്മിറ്റിക്ക് കീഴിൽ ഈയിടെ പ്രവർത്തിച്ചു വരുന്ന ട്യൂൺ ഓഫ് സൈലന്റിന് കീഴിൽ സേവനം ചെയ്യുന്നു. ആംഗ്യഭാഷക്ക് പുറമെ മലയാളം, തമിഴ്, അറബി, ഉറുദു, ഇംഗീഷ് ഭാഷകൾ അറിയാം.
ശ്രവണശേഷി ഇല്ലാത്തവരെ സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്തുകയല്ല, അവരെ ചേർത്തു പിടിച്ച് കൂടെ കൂട്ടുകയാണ് വേണ്ടത്. ഇവരെ ഉയർത്തിക്കൊണ്ടുവരാൻ സർക്കാർ തലത്തിൽ പ്രത്യേക പദ്ധതികൾ നടപ്പിലാക്കണമെന്നും അബ്ദുൽ ഗഫൂർ സഖാഫി പറഞ്ഞു. ഭാര്യ: ശബ്ന. വിദ്യാർഥികളായ ഫാത്വിമ ശാനിബ , നഫീസത്തുൽ മിസ്‌രിയ്യ, മുഹമ്മദ് റംലി എന്നിവർ മക്കളാണ്.



