Connect with us

കാര്‍ഷികം

ഇത് സൗഹൃദം വിളക്കിച്ചേര്‍ത്ത സംരംഭം

കൂണ്‍ കൃഷിയിലൂടെ വിജയഗാഥ രചിച്ച വനിതാ സംരംഭകരായ ഡോ. കെ ശ്രീജയും മിനി ഫെസിലും കൃഷിയനുഭവങ്ങൾ പങ്ക് വെക്കുന്നു.

Published

|

Last Updated

സ്ഥാപനങ്ങളും സംരംഭങ്ങളും ഒരു പ്രദേശത്ത് ചുരുങ്ങിയ കാലങ്ങളില്‍ വളര്‍ന്നുവരുന്നതിനെ കൂണുപോലെ മുളച്ചുപൊന്തിയെന്നു പറയുന്നത് പതിവാണ്. നല്ല അർഥത്തിലും അല്ലാതെയും ഇങ്ങനെ പരാമര്‍ശം വരാറുണ്ട്. അപ്പോള്‍ കൂണ്‍കൃഷിയില്‍ തന്നെ പുതിയൊരു സംരംഭം തുടങ്ങിയാലോ. ഇന്നത്തെ കാലത്ത് ആരും അതിനെ പ്രോത്സാഹിപ്പിക്കാതിരിക്കില്ല. ഇവിടെ കൂണ്‍ കൃഷിയിലൂടെ വിജയഗാഥ രചിച്ച രണ്ട് വനിതാസംരംഭകരെയാണ് പരിചയപ്പെടുന്നത്. ഡോ. കെ ശ്രീജയും മിനി ഫെസിലും ആണ് കൂണ്‍കൃഷിയുടെ പുതിയ സാധ്യതകള്‍ തേടിയ വനിതാ സംരംഭകര്‍.

ഹൈടെക് കൂണ്‍ കൃഷി

കാക്കൂര്‍ പാവണ്ടൂര്‍ സ്വദേശി ഡോ. കെ ശ്രീജയും കാരപ്പറമ്പ് ട്രാവന്‍കൂര്‍ ഹൈറ്റ്‌സ് ഫ്‌ളാറ്റില്‍ താമസിക്കുന്ന മിനി ഫെസിലും മൈക്രോ ബയോളജിയില്‍ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന സന്ദര്‍ഭത്തിലാണ് ഒരു കൂട്ടുസംരംഭത്തിന്റെ സാധ്യതയെപ്പറ്റി ആലോചിക്കുന്നത്. പഠിച്ച വിഷയവുമായി ബന്ധമുള്ള സംരംഭത്തെപ്പറ്റിയാണ് ആദ്യം ആലോചിച്ചത്. അങ്ങനെ മൂന്നുവര്‍ഷം മുമ്പ് അതായത് കൃത്യമായി പറഞ്ഞാല്‍ 2022 ജൂണ്‍ രണ്ടിന് ബയോടെക് എന്ന കൂണ്‍ വിത്ത് ഉത്പാദന കേന്ദ്രം തുടങ്ങി. പ്രതിദിനം 300കൂണ്‍ വിത്തുകളാണ് ഉത്പാദിപ്പിച്ചിരുന്നത്. കൃഷിവകുപ്പിന്റെ കൂണ്‍ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതുവഴി 700 വിത്തുകള്‍ വരെ ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞു.

കര്‍ഷകര്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വേണ്ട കൂണ്‍ വിത്തുകളാണ് ഇവിടെ നിന്നും കൊണ്ടുപോകുന്നത്്, ചെറിയ യൂനിറ്റ് മുതല്‍ ലക്ഷങ്ങള്‍ മുതല്‍ മുടക്കുള്ള ഹൈടെക് കൂണ്‍ കൃഷി വരെ കൂണ്‍ ഗ്രാമത്തിലുണ്ട്.
ഇന്‍സെല്‍ ബയോടെക്കിന് പുറമെ ഇന്‍സെല്‍ അഗ്രോടെക് എന്ന സ്ഥാപനവും ഇവരുടെ കീഴില്‍ പ്രവര്‍ത്തനം തുടങ്ങി. കൂണിലെ വിഷാംശം ഉണ്ടാകാതിരിക്കാന്‍ അതീവ ശ്രദ്ധയോടെ, ശാസ്ത്രീയമായാണ് നിര്‍മാണം. കാക്കൂര്‍ പറയോട്ടുമ്മല്‍ സതീഷ്‌കുമാറും കൂണ്‍ഗ്രാമവുമായി സഹകരിക്കുന്നുണ്ട്. സതീഷ്‌കുമാറിന്റെ കൂണ്‍കൃഷി ഷെഡ്ഡിനോട് ചേര്‍ന്ന് പാക്കിംഗ് കേന്ദ്രവും തുടങ്ങി. ഇതിന് കൃഷി വകുപ്പ് രണ്ട് ലക്ഷം രൂപ സഹായം നല്‍കിയിരുന്നു.
ചെറിയ യൂനിറ്റുകള്‍ മുതല്‍ ലക്ഷങ്ങള്‍ മുതല്‍മുടക്കുള്ള ഹൈടെക് കൂണ്‍കൃഷി വരെ ഇവിടെയുണ്ട്. ബന്ധുക്കളും പരിചയക്കാരും കൂണ്‍കൃഷിയിലേക്ക് ആകൃഷ്ടരാവുന്നതായി ഡോ. കെ ശ്രീജയും മിനി ഫെസിലും പറഞ്ഞു.

ഒരു കാലത്ത് കൂണ്‍ ഉപയോഗത്തെ സംശയത്തോടെയാണ് ആളുകള്‍ കണ്ടിരുന്നത്. അതിലെ വിഷാംശം പ്രശ്‌നമാകുമോ എന്നായിരുന്നു സംശയത്തിന് കാരണം. ഇന്നത് മാറി. സമീഹൃത ആഹാരം പ്ലാന്‍ ചെയ്യുന്നവര്‍ കൂണ്‍ വിഭവങ്ങളെ കൂടുതലായി ആശ്രയിക്കുന്നു. കാറ്ററിംഗ് സര്‍വീസുകാരും ഹോട്ടലുകളും സൂപ്പര്‍ മാര്‍ക്കറ്റുകളും കൂണ്‍വിഭവങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു. സിവില്‍ സ്റ്റേഷനില്‍ ഔട്ട്്ലെറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്.

പുതിയ ഉയരങ്ങളിലേക്ക്

രണ്ട് വര്‍ഷത്തിന് ശേഷം പച്ചക്കറി തൈകളുടെയും കുരുമുളക് ചെടികള്‍ക്കുമായി ഇന്‍സെല്‍ ഗ്രോ എന്ന പേരില്‍ സ്ഥാപനം ആരംഭിച്ചു. ഈ സംരംഭത്തിന് പങ്കാളിയായി കൂണ്‍ കൃഷിയില്‍ താത്പര്യമുള്ള എം എസ് സി ഫ്‌ളോറി കള്‍ച്ചറല്‍ ബിരുദധാരിയായ ഈസ്റ്റഹില്‍ സ്വദേശി രേവതിയും ചേര്‍ന്നു. ഇവര്‍ ഒരുമിച്ച് ഗവണ്‍മെന്റ് സബ്സിഡിയോട് കൂടി കേരള ഗ്രോ എന്ന പേരില്‍ ബ്രാന്‍ഡഡ് ഷോപ്പ് കൂടി ഇപ്പോള്‍ നടത്തി വരുന്നുണ്ട്. ഇവിടെ മില്ലറ്റുകള്‍, തേന്‍, മസാലപ്പൊടി തുടങ്ങി മറ്റ് കര്‍ഷരുടെ ഉത്പന്നങ്ങള്‍ കൂടി വില്‍പ്പനക്കായുണ്ട്. സിവില്‍ സ്റ്റേഷനിലും ഇതിന്റെ ബ്രാഞ്ച് പ്രവര്‍ത്തിക്കുന്നുണ്ട്.

കൃഷിവകുപ്പിന്റെ നേതൃത്വത്തിലുള്ള സംരംഭക സംഗമത്തില്‍ ചേര്‍ന്നതോടെ ആത്മവിശ്വാസം വര്‍ധിച്ചു. പത്ത് ലക്ഷം രൂപ വായ്പയിലാണ് തുടക്കം. 15 ലക്ഷം രൂപയുടെ പദ്ധതിയായിരുന്നു മനസ്സില്‍. എന്നാല്‍, വ്യവസായ വകുപ്പിന്റെയും സര്‍ക്കാറിന്റെയും പിന്തുണ കിട്ടിയപ്പോള്‍ ആകെ ഉഷാറായി. കൂടുതല്‍ വിറ്റുവരവിന് സാധ്യത തെളിഞ്ഞു-ശ്രീജ പറഞ്ഞു. ഹോട്ടികള്‍ച്ചറല്‍ മിഷന്‍ 5.67 ലക്ഷം സബ്‌സിഡി നല്‍കി. കോഴിക്കോട് സംഘടിപ്പിച്ച എന്റെ കേരളം മേളയിലും സ്റ്റാള്‍ ലഭിച്ചു. കാര്‍ഷിക സംരംഭത്തിന് കരുത്തായത് പഠനകാലത്തെ അനുഭവങ്ങളാണെന്ന് ശ്രീജ പറയുന്നു. കുരുമുളകിലെ കീടനിയന്ത്രണത്തെക്കുറിച്ചുള്ള പഠനത്തിന് ഐ ഐ എസ് ആറില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ ഗവേഷകയാണ് ശ്രീജ. ഭര്‍ത്താവ്: ജ്യോതിഷ്.

ടിഷ്യു കള്‍ച്ചറല്‍ ലാബിനുവേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ദിവസം 200 പാക്കറ്റ് ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. 45 രൂപയാണ് 300 ഗ്രാം പാക്കറ്റിന്റെ വില. 300 ഗ്രാം പാക്കറ്റില്‍ നിന്ന് രണ്ട് കൂണ്‍ തടങ്ങള്‍ ഉണ്ടാക്കാം. രണ്ട് കിലോ കൂണ്‍ വരെ ലഭിക്കും. ചിപ്പിക്കൂണ്‍, എച്ച് യു, ഫ്‌ളോറിഡ ഇനങ്ങളും ആവശ്യത്തിനനുസരിച്ച് ഉത്പാദിപ്പിക്കാം. കോഴിക്കോടിന് പുറമെ സമീപ ജില്ലകളിലെ കര്‍ഷകരും കൂണ്‍വിത്തുകള്‍ക്കായി എത്തുന്നുണ്ടെന്ന് ഡോ. ശ്രീജയും മിനിയും പറഞ്ഞു. പത്ത്‌ലക്ഷം രൂപയുടെ നവീകരണ പദ്ധതി കൂടി ഇവര്‍ പ്ലാന്‍ ചെയ്യുന്നുണ്ട്. അതോടെ പ്രതിദിന ഉത്പാദനം 500 പായ്ക്കറ്റായി വര്‍ധിപ്പിക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷ.

നാരുകള്‍ ധാരാളമായി അടങ്ങിയ ഭക്ഷണപദാർഥമാണ് കൂണ്‍. അതുകൊണ്ടുതന്നെ കൂടുതല്‍ ആളുകള്‍ ഇത് തിരഞ്ഞെടുക്കുന്നു. കലോറി കുറഞ്ഞ ഭക്ഷണം എന്ന പ്രത്യേകതയും ഉണ്ട്. ബോഡി ഫിറ്റ്‌നസില്‍ ശ്രദ്ധിക്കുന്നവര്‍ കലോറി കുറഞ്ഞ ഭക്ഷണം തേടുമ്പോള്‍ ചെന്നെത്തുന്നത് കൂണ്‍ വിഭവങ്ങളിലാണ്. രോഗപ്രതിരോധം, ദഹനം എന്നിവക്ക് കൂണ്‍ വിഭവങ്ങള്‍ സഹായിക്കും. കൊളസ്‌ട്രോള്‍ കുറയ്ക്കാനും നല്ലതാണ്.
ഒരു ബഡ് ഒരുക്കാന്‍ കര്‍ഷകന് 100 രൂപ ചെലവ് വരും. ജോലികളെല്ലാം തനിയെ ചെയ്താല്‍ 70 രൂപയേ ചെലവ് വരു. ഒരു ബഡില്‍ നിന്ന് 500 രൂപ വരെ വരുമാനം കിട്ടും. 100 ബഡുകള്‍ കൃഷി ചെയ്യുന്ന കര്‍ഷകന് പ്രതിമാസം 15,000 രൂപ വരെ സമ്പാദിക്കാം. കര്‍ഷകരെ കൂണ്‍കൃഷിയുടെ പുതിയ മാതൃകകളിലേക്ക് ക്ഷണിക്കുകയാണ് ഡോ. ശ്രീജയും മിനിയും. വലിയ വിജയത്തിന്റെ കഥയാണ് അവര്‍ക്ക് പറയാനുള്ളത്. അത് എല്ലാവരെയും ആവേശഭരിതരാക്കുന്നു.

 

 

---- facebook comment plugin here -----

Latest