Connect with us

Story

മൂന്നാമത്തെ അബോർഷൻ

രണ്ടാഴ്ചക്കുള്ളിൽ ഇത് മൂന്നാമത്തെ പാറാവാണ്. കൊറോണാ ഡ്യൂട്ടിയും സ്റ്റേഷൻ ഡ്യൂട്ടിയുമൊക്കെ ചേർന്ന് ആകെ അസ്വസ്ഥത മാത്രമാണ്. നേരെചൊവ്വേ വീട്ടിൽ പോയിട്ട് തന്നെ ഇപ്പോൾ എത്ര ദിവസമായി…

Published

|

Last Updated

രണ്ടാഴ്ചക്കുള്ളിൽ ഇത് മൂന്നാമത്തെ പാറാവാണ്. കൊറോണാ ഡ്യൂട്ടിയും സ്റ്റേഷൻ ഡ്യൂട്ടിയുമൊക്കെ ചേർന്ന് ആകെ അസ്വസ്ഥത മാത്രമാണ്. നേരെചൊവ്വേ വീട്ടിൽ പോയിട്ട് തന്നെ ഇപ്പോൾ എത്ര ദിവസമായി… രാജൻ പിറുപിറുത്തുകൊണ്ട് ഡ്യൂട്ടിക്കിടയിൽ തന്റെ ബെൽറ്റ് ശരിയാക്കി അസ്വസ്ഥനായി നിന്നു. ഡ്യൂട്ടിക്ക് ആളു കുറവായതിനാൽ റസ്റ്റ് നേരത്തും ജീപ്പിൽ പോകേണ്ടിവരും. ഒന്നു തലചായ്ക്കാമെന്നുവെച്ചാൽ ആ നേരം ആകുമ്പോഴേക്കും വിളി വരും…

നാളെയാണ് അവളെ ആശുപത്രിയിൽ കൊണ്ടുപോകേണ്ടത്. ആദ്യത്തെ രണ്ടും അലസിയതിനാൽ അവൾ നന്നേ ക്ഷീണിതയാണ്‌. അവളെയും കൊണ്ട് ആശുപത്രിയിൽ പോകാൻ വേണ്ടി മാത്രമാണ് ഇന്ന് പാറാവ് ഡ്യൂട്ടി ഇട്ടിട്ടും എതിരൊന്നും പറയാതെ കേറിയത്. റെസ്റ്റ് സമയത്ത് ഒന്ന് വിശ്രമിക്കാം എന്ന് പറയുമ്പോഴേക്കും നാരായണൻ സാറിന്റെ വിളിയെത്തി… രാജാ ഒന്ന് പെട്ടെന്ന് വാ നമുക്ക് ഒരു സ്ഥലം വരെ പോകാനുണ്ട്.
ഊരിയിട്ട ബെൽറ്റും ഷൂസും ഇട്ടു രാജൻ പെട്ടെന്ന് തന്നെ വണ്ടിയിലേക്ക് കയറി. പെട്ടെന്നു തന്നെ വണ്ടി പുറപ്പെടുകയും ചെയ്തു. വണ്ടി കുറേ ദൂരം മുന്നോട്ട് പോയിട്ടും

രാജൻ ഒന്നും സംസാരിക്കുന്നില്ല. സാധാരണ രാജന്റെ പ്രകൃതം അങ്ങനെയല്ല; നാരായണൻ ഓർത്തു, എന്തെങ്കിലുമൊക്കെ പറഞ്ഞുകൊണ്ടിരിക്കും. എന്താണ് ഒന്നും മിണ്ടാത്തത്? നാരായണൻ സാർ ചോദിച്ചു. ഒന്നുമില്ല… രാജൻ മറുപടി പറഞ്ഞു.

അതൊന്നുമല്ലെടോ, എനിക്ക് നിന്നെ അറിയില്ലേ. എന്താ കാര്യം…? നാരായണൻ സാർ രാജനോട് വീണ്ടും ചോദിച്ചു. ഈ സ്ഥിതിയാണെങ്കിൽ നാളെ ഡ്യൂട്ടി ഇറങ്ങിയിട്ടും വീട്ടിൽ പോകാൻ കഴിയും എന്ന് തോന്നുന്നില്ല. നാളെയാണെങ്കിൽ ഭാര്യയേയും കൊണ്ട് ആശുപത്രിയിൽ പോകേണ്ട ദിവസമാണ്. രണ്ടുവട്ടം അബോർഷൻ ആയതിൽ പിന്നെ അവൾ ആകെ വല്ലാത്ത ഒരു അവസ്ഥയിലാണ്. എന്തു പറഞ്ഞാണ് ഞാൻ അവളെ ആശ്വസിപ്പിക്കുക…
“എന്തെങ്കിലും വഴിയുണ്ടാകും’ നാരായണൻ സാർ പറഞ്ഞു… കുറച്ചു സമയത്തെ നിശബ്ദതക്കു ശേഷം രാജൻ തുടർന്നു, എങ്ങോട്ടേക്കാണ് നമ്മൾ പോകുന്നത്? ഒരു മിസ്സിംഗ് കേസ് ഉണ്ട്, മിസ്സിംഗ് എന്നൊന്നും പറഞ്ഞുകൂടാ മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ കാണുന്നില്ല. കുറച്ചു നേരത്തെയാണ് സ്റ്റേഷനിൽ വിളിവന്നത് .

എന്ത് മൂന്ന് ദിവസം ആയ കുഞ്ഞോ?

രാജൻ അത്ഭുതത്തോടെയും സങ്കടത്തോടെയും ചോദിച്ചു.

അവിടെ എത്തി ചോദിച്ചറിഞ്ഞാലേ എന്താണ് അവസ്ഥ എന്ന് മനസ്സിലാകൂ. നാരായണൻ സാർ തുടർന്നു.
കാര്യങ്ങൾ പറഞ്ഞു തീർന്നപ്പോഴേക്കും ആ വീടിന്റെ മുന്പിൽ എത്തിച്ചേർന്നു. അവിടെ വലിയ ആൾക്കൂട്ടത്തെയാണ് അവർ കണ്ടത്. പോലീസുകാരെ കണ്ടതോടെ അവർ കയർത്തു സംസാരിക്കാൻ തുടങ്ങി. സംഭവം നടന്ന് ഇത്ര സമയമായിട്ടും ഇപ്പോഴാണോ ഇങ്ങോട്ടേക്ക് വരുന്നത് എന്ന രീതിയിലുള്ള സംസാരങ്ങൾ. ആളെ തള്ളിമാറ്റി രണ്ടുപേരും വാതിൽക്കൽ വരെ എത്തി രാജനെ പുറത്തുനിർത്തി നാരായണൻ സാർ അകത്തേക്ക് കയറി.
കൊന്നതാ സാറേ ഓള് അതിനെ…ഓരോന്നിനെ പറ്റി പറഞ്ഞാലും മതിയാകില്ല…

ഇനി ഞാൻ പറഞ്ഞുതന്നു എന്ന് പറഞ്ഞിട്ട് വേണം നിങ്ങൾക്ക് എന്നെ ചോദ്യം ചെയ്യാൻ. ഞങ്ങൾ ഒന്നിനുമില്ലപ്പാ എന്നു പറഞ്ഞ് കൂടിനിന്നവർ രാജന്റെ അരികിൽ നിന്നും അകലേക്ക് പോയി.

കുഞ്ഞ് മരിച്ചു എന്ന രീതിയിൽ തന്നെയാണ് എല്ലാവരുടെയും സംസാരം. കൊന്നതാണെന്നാണ് അധികപേരും പറയുന്നത്, രാജൻ വല്ലാതെ അസ്വസ്ഥനായി…
പോക്കറ്റിൽ നിന്നും റിംഗ് ചെയ്ത ഫോണെടുത്ത് അറ്റൻഡ് ചെയ്തു. നാളെ ആശുപത്രിയിൽ പോകാൻ ഉണ്ടാകില്ലേ, എനിക്ക് ഒറ്റയ്ക്ക് പോകാൻ കഴിയില്ല, നിങ്ങൾ എങ്ങനെയെങ്കിലും വരണം. രാജന്റെ ഭാര്യ പറഞ്ഞുനിർത്തി. വരാമെന്ന് പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു, രാജൻ ഫോൺ കട്ട് ചെയ്തു.

അകത്തേക്ക് പോയ നാരായണൻ സാർ തിടുക്കത്തിൽ പുറത്തേക്ക് വന്നു. ഡ്രൈവറോട് വീടിന്റെ മുന്നിൽ നിൽക്കാൻ പറഞ്ഞ് രാജനെയും കൂട്ടി നടന്നു. രാജാ ആ കാണുന്ന വള്ളിക്കാട്ടിനുള്ളിൽ കുഞ്ഞിനെ ഉപേക്ഷിച്ചുവെന്നാണ് അവൾ പറയുന്നത്. ഇത് കേട്ടപാടെ രാജൻ ആകെ അസ്വസ്ഥനായി. സാറേ വേഗം വാ…നമുക്ക് പോയി നോക്കാം, ചിലപ്പോൾ ജീവനുണ്ടെങ്കിലോ?

പറഞ്ഞു തീരും മുന്പേ രാജൻ അങ്ങോട്ടോടി. വള്ളിക്കാടുകൾ വകഞ്ഞുമാറ്റി അകത്തേക്ക് കയറി, രാജന് പുറകിൽ തന്നെ നാരായണൻ സാർ ഉണ്ടായിരുന്നു. കുറച്ചു നേരത്തെ തിരച്ചിലിനൊടുവിൽ തോർത്തുമുണ്ടിൽ പൊതിഞ്ഞ് ഉപേക്ഷിച്ച കുഞ്ഞിനെ രാജൻ കണ്ടെത്തി, കുഞ്ഞിനെ വാരിയെടുത്ത് വള്ളിക്കാട്ടിനു പുറത്തേക്കോടി. ജീവനുണ്ടോ രാജാ…നാരായണൻ സാർ ചോദിച്ചു. ഉണ്ടാകും സാറേ നമുക്ക് ആശുപത്രിയിലേക്ക് പോകാം… രാജൻ പറഞ്ഞു. നാരായണൻ സർ രാജന്റെ കൈയിൽ നിന്നും കുഞ്ഞിനെ വാങ്ങുമ്പോൾ തന്നെ കാര്യം മനസ്സിലായിരുന്നു. എങ്ങോട്ട് കൊണ്ടുപോയിട്ടും കാര്യമില്ല. രാജാ… എന്നുപറഞ്ഞ് നാരായണൻ സാർ കുഞ്ഞിനെ രാജനു തന്നെ കൈമാറി. കുഞ്ഞിനെ ഏറ്റുവാങ്ങി ഒന്നും പറയാതെ അയാൾ മുന്നോട്ടു നീങ്ങി.. രണ്ട് തവണ ലേബർ റൂമിന് വെളിയിൽ നിന്ന് കരഞ്ഞുകലങ്ങിയ മനസ്സുമായി പടിയിറങ്ങിയ അതേ രാജനായി…

Latest