Connect with us

women safety

നിയമങ്ങളുണ്ട്, പക്ഷേ അവള്‍ അരക്ഷിതയാണ്‌

സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 15.3 ശതമാനം വര്‍ധനവ് രേഖപ്പെടുത്തുന്നു. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളിലുള്ള ഈ വര്‍ധന ഏറെ ഗൗരവതരമായി തന്നെ കാണേണ്ടതുണ്ട്.

Published

|

Last Updated

പൗരന്മാരുടെ ആത്മാഭിമാനത്തെ കൈയേറ്റം ചെയ്യുന്ന പ്രവര്‍ത്തനങ്ങളും സാഹോദര്യത്തെ ശിഥിലീകരിക്കുന്ന അക്രമങ്ങളും രാജ്യത്ത് നിരന്തരം നടക്കുന്നുണ്ടെന്നത് നഗ്നസത്യമാണ്. സമീപ ദിവസങ്ങളിലായി നാഷനല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ പുറത്തുവിട്ട കണക്കുകള്‍ അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. 2021ല്‍ 29,272 കൊലപാതകങ്ങളും സ്ത്രീകള്‍ക്കെതിരായി 4,28,278 അക്രമങ്ങളുമാണ് നടന്നത്. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 15.3 ശതമാനം വര്‍ധനവ് രേഖപ്പെടുത്തുന്നു. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളിലുള്ള ഈ വര്‍ധന ഏറെ ഗൗരവതരമായി തന്നെ കാണേണ്ടതുണ്ട്. 2018ല്‍ തോംസണ്‍ റോയിട്ടേഴ്സ് ഫൗണ്ടേഷന്‍ നടത്തിയ സര്‍വേ പ്രകാരം, സ്ത്രീകള്‍ക്ക് ഏറ്റവും അപകടകരമായ ജീവിത സാഹചര്യങ്ങളുള്ള രാജ്യമാണ് ഇന്ത്യ. സ്ത്രീകളുടെ പുരോഗതിയും സുരക്ഷയും എത്രത്തോളമുണ്ടെന്ന് നോക്കി വേണം സാമൂഹിക പുരോഗതി വിലയിരുത്താന്‍ എന്ന അംബേദ്കറുടെ നിരീക്ഷണത്തെ കൂടി ഇതിനോട് ചേര്‍ത്തുവായിക്കാം.

റഫീഖ് – സ്റ്റേറ്റ് എന്ന പ്രസിദ്ധമായ കേസില്‍ “ഒരു കൊലപാതകി ശരീരത്തെ കൊല്ലുന്നു, എന്നാല്‍ ഒരു ബലാത്സംഗി ആത്മാവിനെയാണ് കൊല്ലുന്നതെന്ന’ ജസ്റ്റിസ് കൃഷണയ്യരുടെ പ്രസക്തമായ നിരീക്ഷണമുണ്ട്. 2021ല്‍ ഓരോ 74 സെക്കന്‍ഡിലും രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. ഓരോ ദിവസവും പ്രായപൂര്‍ത്തിയാകാത്ത 90ലേറെ പെണ്‍കുട്ടികള്‍ രാജ്യത്ത് പീഡിപ്പിക്കപ്പെടുന്നു. നാഷനല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം, കഴിഞ്ഞ വര്‍ഷം 33,186 പെണ്‍കുട്ടികളായിരുന്നു ബലാത്സംഗത്തിന് ഇരകളായത്. ഇതില്‍ മധ്യപ്രദേശിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടത്. മഹാരാഷ്ട്രയും തമിഴ്‌നാടുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്ന സംസ്ഥാനം അസം ആണ്. അസമിലെ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ നിരക്ക് 168.3 ശതമാനമാണ്. കുറ്റകൃത്യങ്ങളെ പോലെ തന്നെ കുറ്റവാളികളെ കുറിച്ചും ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ ലഭ്യമാണ്. മുന്‍ വര്‍ഷങ്ങളിലെ നാഷനല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ തന്നെ കണക്കുകള്‍ പ്രകാരം 92.5 ശതമാനം ബലാത്സംഗ കേസുകളിലെയും പ്രതികള്‍ അതിജീവിതക്ക് അറിയാവുന്നവരായിരുന്നു. ഇതില്‍ അയല്‍വാസികളും അടുത്ത കുടുംബക്കാരും ഉള്‍പ്പെടുന്നു.

ബലാത്സംഗ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുക എന്ന ലക്ഷ്യത്തില്‍ പലപ്പോഴായി പല നിയമ വ്യവസ്ഥകളും ഭേദഗതി ചെയ്തെങ്കിലും കുറ്റകൃത്യങ്ങള്‍ തടയാന്‍ പര്യാപ്തമല്ലാത്തൊരു നിയമ വ്യവസ്ഥയാണ് ഇപ്പോഴുമുള്ളത്. ഇതോടൊപ്പം തന്നെ അക്രമിക്കപ്പെട്ടവര്‍ക്ക് നീതിയും സുരക്ഷയും ഉറപ്പുവരുത്തേണ്ട സ്ഥാപനങ്ങളെയും അവയുടെ കാര്യക്ഷമതയെയും കൂടി വിലയിരുത്തപ്പെടണം. റോയിട്ടേയ്‌സ് ഫൗണ്ടേഷന്‍ ഇന്ത്യയിലെ 319 ജില്ലകളില്‍ നിന്നായി 24,000ത്തിലേറെ പ്രതികരണങ്ങള്‍ സ്വീകരിച്ച് നടത്തിയ സര്‍വേ പ്രകാരം 15 ശതമാനത്തോളം സ്ത്രീകള്‍ പരാതി സമര്‍പ്പിച്ചിട്ട് പോലും പോലീസ് നടപടി സ്വീകരിക്കാന്‍ തയ്യാറായില്ല എന്നാണ് വ്യക്തമാകുന്നത്. അക്രമിക്കപ്പെട്ടവരില്‍ കേവലം 23 ശതമാനം പേര്‍ മാത്രമായിരുന്നു നടപടിക്രമങ്ങളുമായി മുന്നോട്ടുപോയത്. വലിയൊരു ശതമാനം സ്ത്രീകള്‍ ഭയം മൂലം അക്രമം നടന്നത് വെളിപ്പെടുത്താന്‍ പോലും തയ്യാറായിരുന്നില്ല. ഇനി കേസുകളുമായി മുന്നോട്ട് പോയാലും പ്രതികളുടെ സ്വാധീനം മൂലവും പണക്കൊഴുപ്പ് കൊണ്ടും കുറ്റവാളികള്‍ രക്ഷപ്പെടുന്ന കാഴ്ച നിരവധിയാണ്.

നിലവിലുള്ള ഈ സാഹചര്യം മാറണമെങ്കില്‍ ശിക്ഷാ നിയമങ്ങളില്‍ ഗൗരവമായ മാറ്റങ്ങളും കുറ്റവാളിക്ക് രക്ഷപ്പെടാനാകാത്ത വിധമുള്ള വിചാരണാ നടപടികളും സ്വീകരിക്കപ്പെടേണ്ടതുണ്ട്. എന്നാല്‍ നിരവധി കേസുകള്‍ കെട്ടിക്കിടക്കുന്ന നമ്മുടെ കോടതികള്‍ക്ക് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ക്ക് അര്‍ഹമായ ശ്രദ്ധ നല്‍കാന്‍ പലപ്പോഴും കഴിയാറില്ല എന്നതാണ് വാസ്തവം. അതുകൊണ്ട് തന്നെയാണ് ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യാന്‍ അതിവേഗ കോടതികള്‍ക്ക് രൂപം കൊടുക്കേണ്ടതുണ്ടെന്ന് നാഷനല്‍ കമ്മീഷന്‍ ഫോര്‍ വുമണിന്റെ മുന്‍ ചെയര്‍പേഴ്‌സൻ ആയിരുന്ന ഗിരിജാ വ്യാസ് ആവശ്യപ്പെട്ടിരുന്നത്. സമാനമായ ആവശ്യങ്ങള്‍ ബൃന്ദാ കാരാട്ട് പലതവണ പാര്‍ലിമെന്റില്‍ ഉയര്‍ത്തിയിരുന്നെങ്കിലും മതിയായ ശ്രദ്ധയോ പരിഗണനയോ അവക്കൊന്നും ലഭിച്ചില്ല. ദുര്‍ബലമായ നിയമ വ്യവസ്ഥയും നിയമപാലകരുടെ അനാസ്ഥയും അതിജീവിതയെ വീര്‍പ്പുമുട്ടിക്കുകയും കൂടുതല്‍ തളര്‍ത്തുകയും ചെയ്യുന്ന നടപടിക്രമങ്ങളുമാണ് നമ്മുടെ രാജ്യത്തുള്ളത്.

പരാതിക്കാരിക്ക് പോലീസ് സ്റ്റേഷനില്‍ നിന്ന് നിയമപാലകര്‍ ചെയ്തു കൊടുക്കേണ്ട ഉത്തരവാദിത്വങ്ങളെ പറ്റി കൃത്യമായ നിര്‍ദേശങ്ങള്‍ സുപ്രീം കോടതി നല്‍കുന്നുണ്ട്. ബലാത്സംഗമുള്‍പ്പെടെയുള്ള ഏത് അക്രമം റിപോര്‍ട്ട് ചെയ്യാന്‍ പരാതിക്കാരിയെത്തിയാലും അവര്‍ക്ക് കൃത്യമായ നിയമ സഹായത്തിനുള്ള അവസരങ്ങള്‍ പോലീസ് സ്റ്റേഷനില്‍ നിന്നുണ്ടാകണമെന്നും നിയമ സഹായം പരാതിക്കാരിക്ക് ലഭ്യമാക്കാന്‍ ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്ന അഭിഭാഷകരുടെ ലിസ്റ്റ് സ്റ്റേഷനില്‍ സൂക്ഷിക്കണമെന്നും സുപ്രീം കോടതി വളരെ കൃത്യമായി തന്നെ പറഞ്ഞുവെക്കുന്നുണ്ട്. നമ്മുടെ രാജ്യത്തെ എത്ര പോലീസ് സ്റ്റേഷനുകള്‍ ഈ നിര്‍ദേശങ്ങളെല്ലാം പാലിക്കുന്നുണ്ട് എന്ന് കൂടി പരിശോധിക്കേണ്ടതുണ്ട്. പരാതിക്കാരിയുടെ മൊഴി പലപ്പോഴും ലേഡി കോണ്‍സ്റ്റബിള്‍ ആണ് രേഖപ്പെടുത്താറുള്ളതെങ്കിലും, ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യാനുള്ള ഒരു വനിതാ പോലീസ് സെല്ലിന്റെ അഭാവം പോലീസ് സ്റ്റേഷനുകളിലുണ്ട്. ബൃന്ദാ കാരാട്ട് ഉന്നയിച്ചത് പോലെ, പരാതിക്കാരിക്ക് അല്ലെങ്കില്‍ അതിജീവിതക്ക് താനാണോ കുറ്റവാളി എന്ന് തോന്നുന്ന രീതിയിലുള്ള അന്വേഷണ നടപടികള്‍ തികച്ചും നിര്‍ത്തലാക്കപ്പെടണം. ബലാത്സംഗ നിയമങ്ങളുടെ ശിക്ഷാ പരിധിയില്‍ മാറ്റങ്ങള്‍ വരുത്താനും അവ പരിഷ്‌കരിക്കാനും നിയമനിര്‍മാണ സഭ കൂടി തയ്യാറാകുമ്പോഴാണ് നിലവിലുള്ള അവസ്ഥകളില്‍ മാറ്റം വരുത്താന്‍ സാധിക്കുകയുള്ളൂ. മിക്ക കുറ്റവാളികളും ചെറിയ കാലത്തെ തടവോടെ രക്ഷപ്പെടുന്നു. ചില കേസുകളില്‍ കുറ്റാരോപിതന്‍ സ്വാധീന ശക്തിയുള്ളവനാണെങ്കില്‍ വളരെ നേരത്തേ തന്നെ പുറത്ത് വരാറുണ്ട്. ബലാത്സംഗ കുറ്റങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കുള്ള കുറഞ്ഞ ശിക്ഷ ജീവപര്യന്തമാക്കി പരിഷ്‌കരിക്കപ്പെടണം. അതിവേഗ കോടതികളിലൂടെയും കളങ്കമില്ലാത്ത നിയമ നടപടികളിലൂടെയും സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളെ തടയണം. അധികൃതരുടെ കൃത്യമായ ഇടപെടലുകളുണ്ടായാല്‍ മേല്‍ പറഞ്ഞ പരിഹാരങ്ങളൊന്നും അസാധ്യമല്ല. എല്ലാ മനുഷ്യരുടെയും ആത്മാഭിമാനവും അവകാശങ്ങളും സംരക്ഷിക്കാനും സാഹോദര്യം നിലനിര്‍ത്താനും അപരനോടുള്ള കരുതല്‍ സൂക്ഷിക്കാനും നാം ഓരോ പൗരന്മാരും ബാധ്യസ്ഥരാണ്. ആത്മാഭിമാനവും സഹോദാര്യവും പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞെങ്കില്‍ മാത്രമേ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളുള്‍പ്പെടെ ഈ രാജ്യത്ത് നിലനില്‍ക്കുന്ന കുറ്റകൃത്യങ്ങളെ തടയാന്‍ സാധിക്കുകയുള്ളൂ.

Latest