Connect with us

Kerala

വീഞ്ഞും കേക്കും പരാമര്‍ശം പിന്‍വലിക്കുന്നു; രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ല: മന്ത്രി സജി ചെറിയാന്‍

കേക്കിന്റെയും വീഞ്ഞിന്റെയും പ്രശ്‌നമല്ല ഉന്നയിച്ചത്.

Published

|

Last Updated

കൊച്ചി |  പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ക്കെതിരായ പരാമര്‍ശത്തില്‍ ഭാഗിക പിന്‍മാറ്റവുമായി മന്ത്രി സജി ചെറിയാന്‍. താന്‍ നടത്തിയ പ്രസംഗത്തിലെ വീഞ്ഞും കേക്കും പരാമര്‍ശം പിന്‍വലിക്കുന്നു, എന്നാല്‍ തന്റെ രാഷ്ട്രീയ നിലപാടില്‍ ഒരു മാറ്റവും ഇല്ലെന്നാണ് വിവാദ പരാമര്‍ശത്തില്‍ മന്ത്രിയുടെ വിശദീകരണം. പരാമര്‍ശങ്ങള്‍ക്കെതിരെ വൈദിക വിഭാഗത്തില്‍ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്. പരാമര്‍ശം പിന്‍വലിക്കുന്നതായി സജി ചെറിയാന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വിരുന്നിന്റെ ഭാഗമായി വീഞ്ഞും കേക്കും എന്നു പറഞ്ഞ ഭാഗം പ്രയാസമായി തോന്നിയിരിക്കാം. അങ്ങനെ തോന്നിയെങ്കില്‍ വീഞ്ഞിന്റെയും കേക്കിന്റെയും പരാമര്‍ശം പിന്‍വലിക്കുന്നു. എന്നാല്‍ കേക്കിന്റെയും വീഞ്ഞിന്റെയും പ്രശ്‌നമല്ല ഉന്നയിച്ചത്. മണിപ്പു വിഷയത്തില്‍ രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ല. എന്റെ വ്യക്തിപരമായ അഭിപ്രായമാണ് പറഞ്ഞത്- മന്ത്രി പറഞ്ഞു

എന്റെ നിലപാട് എന്റേതു മാത്രമായി കണ്ടാല്‍ മതി. ഖേദം പ്രകടിപ്പിക്കുന്നു. എല്ലാ ബിഷപ്പുമാരുമായും വ്യക്തിബന്ധമുണ്ട്. അവരെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല. ശ്രമിക്കില്ല. ആരെയെങ്കിലും ഭയപ്പെട്ട്, കീഴ്‌പ്പെട്ട് പോകാന്‍ സാധിക്കില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു.

വര്‍ത്തമാനകാല ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ തീവ്രമായ ആക്രമണങ്ങളും പ്രചാരണങ്ങളും അഴിച്ചുവിട്ട് ഹിന്ദുത്വ വര്‍ഗീയ ആധിപത്യത്തെ വളര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. ക്രിസ്ത്യന്‍ സംഘടനയുടെ കണക്ക് അനുസരിച്ച് കഴിഞ്ഞ വര്‍ഷം രാജ്യത്ത് 700 ഓളം വര്‍ഗീയ ആക്രമണങ്ങളാണ് ഉണ്ടായത്. ഒരുദിവസം ഏതാണ്ട് രണ്ടിടത്ത് ക്രിസ്ത്യന്‍ വിഭാഗത്തിന് നേരെ ആക്രണം ഉണ്ടാകുന്നതായാണ് റിപ്പോര്‍ട്ടില്‍ കാണിക്കുന്നത്, ഇതില്‍ 287 എണ്ണം യുപിയിലും 148 ഛത്തീസ്ഗഡിലും 49 എണ്ണം ഝാര്‍ഖണ്ഡിലും 47 എണ്ണം ഹരിയാനയിലും ആണ്. ഇവിടെയെല്ലം ഭരിക്കുന്നത് ബിജെപിയാണ്. ബിജെപിയുടെ 9 വര്‍ഷത്തെ ഭരണത്തില്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള ആക്രമണം വര്‍ധിക്കുകയാണെന്നും മന്ത്രി പറഞ്ഞു

Latest