Connect with us

Editorial

കെ എം ബഷീര്‍ കേസിലെ ഉന്നതതല കളി അവസാനിപ്പിക്കണം

കെ എം ബഷീറിന്റെ കുടുംബത്തിന് നീതി ലഭിച്ചേ തീരൂ. കേസില്‍ ദുരൂഹമായ നിയമനങ്ങളും സംശയാസ്പദമായ നടപടികളും ഒഴിവാക്കണം.

Published

|

Last Updated

കെ എം ബഷീര്‍ കൊലക്കേസില്‍ ആഗസ്റ്റ് ഒന്നിന് വിചാരണ ആരംഭിക്കാനിരിക്കെ പ്രോസിക്യൂട്ടറുടെ മാറ്റം ആശങ്ക ഉണര്‍ത്തുന്നു. കേസ് കൃത്യമായി പഠിച്ച് മുന്നോട്ടു കൊണ്ടുപോയ മുതിര്‍ന്ന പ്രോസിക്യൂട്ടര്‍ ആര്‍ പ്രവീണിനെ മാറ്റി, പകരം പ്രമാദമായ കേസുകളില്‍ ഹാജരായി പരിചയമില്ലാത്ത, താരതമ്യേന ജൂനിയറായ ബി എസ് രാജേഷിനെയാണ് ചുമതലപ്പെടുത്തിയത്. ഇത് കേവലം ഭരണപരമായ തീരുമാനമല്ല, പ്രതിയെ രക്ഷപ്പെടുത്താനുള്ള ഉന്നതതല ഗൂഢാലോചനയുടെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

കേസുകളില്‍ സര്‍ക്കാറിന്റെ ഒരു പ്രതിനിധി മാത്രമല്ല പ്രോസിക്യൂട്ടര്‍; സത്യം ബോധ്യപ്പെടുത്താന്‍ കോടതിയെ സഹായിക്കുന്ന നിയമ ഉദ്യോഗസ്ഥനാണ്. ഇക്കാര്യം സുപ്രീം കോടതി പലതവണ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പ്രമാദമായ കേസുകളില്‍ പ്രോസിക്യൂട്ടര്‍മാരെ നിയമിക്കുമ്പോള്‍ അനുഭവ പരിചയവും കേസിന്റെ സങ്കീര്‍ണത കൈകാര്യം ചെയ്യാനുള്ള കഴിവും പരിഗണിക്കേണ്ടതുണ്ട്. തുടക്കം മുതല്‍ ഒടുക്കം വരെ ഒരു പ്രോസിക്യൂട്ടര്‍ തന്നെ കേസുകള്‍ ചെയ്യുമ്പോഴാണ് ഉത്തരവാദിത്വം ശരിയായി നിര്‍വഹിക്കാനാകുക. കെ എം ബഷീര്‍ വധക്കേസ് സാധാരണ റോഡപകട കേസല്ല. മെഡിക്കല്‍ എവിഡന്‍സ്, ഫോറന്‍സിക് വിശദാംശങ്ങള്‍ തുടങ്ങി ശാസ്ത്രീയ തെളിവുകളും സി സി ടി വി, മൊബൈല്‍ ലൊക്കേഷന്‍ തുടങ്ങി ഡിജിറ്റല്‍ തെളിവുകളും കൈകാര്യം ചെയ്യേണ്ട, ഭരണതലത്തില്‍ സ്വാധീനമുള്ള ഐ എ എസ് ഉദ്യോഗസ്ഥന്‍ പ്രതിയായ കേസാണ്. പ്രതിഭാഗത്ത് പരിചയ സമ്പന്നരായ മുതിര്‍ന്ന അഭിഭാഷകര്‍ അണിനിരക്കുമ്പോള്‍ പ്രോസിക്യൂഷന്‍ ഭാഗത്ത് കാര്യക്ഷമമായി വാദിക്കാനും തെളിവുകള്‍ ക്രമീകരിക്കാനും പ്രതിഭാഗത്തിന്റെ വാദങ്ങളെ പൊളിച്ചടുക്കാനും അനുഭവസമ്പത്തുള്ള പ്രോസിക്യൂട്ടര്‍ തന്നെ വേണം. ജൂനിയറായ ഒരു പ്രോസിക്യൂട്ടര്‍ക്ക് ഇത്തരം സങ്കീര്‍ണമായ നിയമതര്‍ക്കങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പരിമിതികളുണ്ടാകും.

കേസിന്റെ നാള്‍വഴികളും തെളിവുകളും നന്നായി പഠിച്ച നിയമജ്ഞനാണ് മുന്‍ പ്രോസിക്യൂട്ടര്‍ ആര്‍ പ്രവീണ്‍. അവസാന നിമിഷം പകരം മറ്റൊരു പ്രോസിക്യൂട്ടര്‍ വന്നാല്‍ അദ്ദേഹത്തിന് ഫയലുകള്‍ സൂക്ഷ്മമായി പഠിക്കാനോ കൃത്യമായ തന്ത്രങ്ങള്‍ മെനയാനോ സാധിക്കില്ലെന്നു വ്യക്തം. പ്രമാദമായ കേസുകളില്‍ വാദിച്ച് പരിചയമില്ലാത്ത ഒരു ജൂനിയര്‍ അഭിഭാഷകന് ചുമതല നല്‍കിയത് എന്തിനാണെന്ന് വ്യക്തവും വിശ്വാസയോഗ്യവുമായ മറുപടി പറയേണ്ട ബാധ്യത സര്‍ക്കാറിനുണ്ട്. നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കേണ്ടത് കോടതികളുടെ മാത്രം ഉത്തരവാദിത്വമല്ല. അന്വേഷണവും പ്രോസിക്യൂഷനും ഉള്‍പ്പെടെ കേസുമായി ബന്ധപ്പെട്ട മുഴുവന്‍ സംവിധാനങ്ങളും അതില്‍ പങ്കാളികളാണ്.

2019 ആഗസ്റ്റ് മൂന്നിന് പുലര്‍ച്ചെയാണ് തിരുവനന്തപുരം മ്യൂസിയത്തിനു സമീപം സിറാജ് തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ എം ബഷീര്‍ കറിടിച്ചു മരിച്ചത്. മദ്യലഹരിയില്‍ അമിതവേഗത്തില്‍ കാറോടിച്ച ഐ എ എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനാണ് അപകടം സൃഷ്ടിച്ചതെന്ന് വ്യക്തമായ നിമിഷം മുതല്‍ തുടങ്ങിയതാണ് കേസ് അട്ടിമറിക്കാനുള്ള ഉന്നതതല നീക്കങ്ങള്‍. അപകടം കഴിഞ്ഞ് ഒമ്പത് മണിക്കൂര്‍ പിന്നിട്ട ശേഷമാണ് പോലീസ് പ്രതിയുടെ രക്തസാമ്പിള്‍ എടുത്തത്. രക്തത്തിലെ മദ്യത്തിന്റെ അംശം കുറയാന്‍ ബോധപൂര്‍വമാണ് ഈ കാലതാമസം വരുത്തിയതെന്നാണ് കരുതപ്പെടുന്നത്. ഒരു സാധാരണക്കാരനാണ് ഇത്തരമൊരു അപകടം വരുത്തിയതെങ്കില്‍ താമസംവിനാ രക്തപരിശോധനയും അറസ്റ്റ് നടപടികളും ഉണ്ടാകുമായിരുന്നു.

അപകടത്തിനു ശേഷം പ്രതിയെ സാധാരണ നടപടി ക്രമങ്ങള്‍ പാലിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുന്നതിനു പകരം എല്ലാ സുഖസൗകര്യങ്ങളോടും ആനുകൂല്യങ്ങളോടും കൂടി നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് പ്രതിക്ക് തെളിവുകള്‍ നശിപ്പിക്കാനുള്ള സൗകര്യത്തിനായിരുന്നില്ലേ? വാഹനമോടിച്ചത് ആരാണെന്നറിയില്ലെന്നായിരുന്നു തുടക്കത്തില്‍ പോലീസ് എഫ് ഐ ആറില്‍ ചേര്‍ത്തത്. ദൃക്സാക്ഷികളും മാധ്യമപ്രവര്‍ത്തകരും ഇടപെട്ടതോടെയാണ് ശ്രീറാം വെങ്കിട്ടറാമിനെ ഒന്നാം പ്രതിയാക്കിയത്.

സസ്പെന്‍ഷനു ശേഷം ശ്രീറാമിന് ആരോഗ്യ വകുപ്പില്‍ പുനര്‍നിയമനം നല്‍കിയ നടപടിയും തുടക്കത്തിലേയുള്ള കേസ് അട്ടിമറി ശ്രത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്. അപകടത്തില്‍ ശ്രീറാമിനു സംഭവിച്ച പരുക്ക്, അമിത വേഗത്തില്‍ സഞ്ചരിക്കുമ്പോള്‍ ഡ്രൈവിംഗ് സീറ്റിലിരിക്കുന്ന വ്യക്തിക്ക് ഏല്‍ക്കാന്‍ സാധ്യതയുള്ളവയാണെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ന്യൂറോ വിഭാഗത്തിന്റെ റിപോര്‍ട്ടുണ്ട്. പരിശോധനക്ക് രക്തം എടുക്കാന്‍ ശ്രീറാം വിസമ്മതിച്ചതായി സ്വകാര്യ ആശുപത്രിയിലെ നഴ്സും പോലീസിന് മൊഴി നല്‍കിയിരുന്നു. ഇത്തരം നിര്‍ണായക തെളിവുകള്‍ നിലനില്‍ക്കെ ആരോഗ്യ വകുപ്പിലെ ഉന്നത പദവിയില്‍, ജോയിന്റ് സെക്രട്ടറിയായി, നിയമിക്കപ്പെടുമ്പോള്‍ പ്രസ്തുത വകുപ്പിലെ കീഴുദ്യോഗസ്ഥരെയും സാക്ഷികളായ ഡോക്ടര്‍മാരെയും ആരോഗ്യ വകുപ്പ് ജീവനക്കാരെയും സ്വാധീനിക്കാന്‍ പ്രതിക്ക് സാധിക്കില്ലേ?

നീതിന്യായ വ്യവസ്ഥ ആവര്‍ത്തിച്ചു പറഞ്ഞ ഒരു തത്ത്വമുണ്ട്; ‘നീതി നടപ്പാകുക മാത്രമല്ല, അത് നടപ്പാകുന്നതായി ജനങ്ങള്‍ക്ക് ബോധ്യപ്പെടുകയും വേണം’. ഈ കേസിലും അതുതന്നെയാണ് പ്രധാനം. വിചാരണ ആരംഭിക്കുന്നതിനു മുമ്പുള്ള എല്ലാ നടപടികളും പൊതുജന വിശ്വാസം ആര്‍ജിക്കുന്നതാകണം. സംശയം വളര്‍ത്തുന്നതാകരുത്. കെ എം ബഷീറിന്റെ കുടുംബത്തിന് നീതി ലഭിച്ചേ തീരൂ. കേസില്‍ ദുരൂഹമായ നിയമനങ്ങളും സംശയാസ്പദമായ നടപടികളും ഒഴിവാക്കണം. നിയമത്തിനു മുമ്പില്‍ ഐ എ എസ് ഉദ്യോഗസ്ഥനെന്നും സാധാരണക്കാരനെന്നും ഭേദമില്ലെന്ന വസ്തുത സമൂഹത്തിന് ബോധ്യപ്പെടുത്തിക്കൊടുക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാറിനുണ്ട്.

 

---- facebook comment plugin here -----

Latest