Connect with us

Kerala

കേന്ദ്രം വളര്‍ത്തുന്നത് വന്‍കിടക്കാരെ: കെ സി വേണുഗോപാല്‍ എം പി

രാജ്യത്തെ ജി ഡി പിയുടെ പത്തു ശതമാനം സംഭാവന ചെയ്യുന്നത് വ്യാപാരികളാണ്. ഈ മേഖല ശക്തിപ്പെട്ടാലേ രാജ്യം നേരിടുന്ന രൂക്ഷമായ തൊഴിലില്ലായ്മ പരിഹരിക്കാനാവൂ.

Published

|

Last Updated

ന്യൂഡല്‍ഹി | ആയിരക്കണക്കിന് ചെറുകിട വ്യാപാരികളെ തകര്‍ത്തിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ വന്‍കിടക്കാരെ വളര്‍ത്തുന്നതെന്ന് കെ സി വേണുഗോപാല്‍ എം പി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പാര്‍ലിമെന്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ജി ഡി പിയുടെ പത്തു ശതമാനം സംഭാവന ചെയ്യുന്നത് വ്യാപാരികളാണ്. ഈ മേഖല ശക്തിപ്പെട്ടാലേ രാജ്യം നേരിടുന്ന രൂക്ഷമായ തൊഴിലില്ലായ്മ പരിഹരിക്കാനാവൂ. ഇതിനായി ചെറുകിടക്കാര്‍ക്കു പ്രോത്സാഹനം നല്‍കണം. എന്നാല്‍, കേന്ദ്രത്തിന്റെ കണ്ണില്‍ അഞ്ചാറ് കുത്തകകള്‍ മാത്രമേ ഉള്ളൂ. കോര്‍പ്പറേറ്റ് പ്രീണനം തിരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് വേണുഗോപാല്‍ ആവശ്യപ്പെട്ടു.

ഈ സമരം കേരളത്തെ മാത്രം രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയല്ല, മറിച്ച് രാജ്യത്തെ തന്നെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ച സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര പറഞ്ഞു.

നോട്ടു നിരോധനവും, ജി എസ് ടിയും ഉണ്ടാക്കിയ ബുദ്ധിമുട്ടുകളില്‍ നിന്നും കരകയറുന്നതിനു മുമ്പ് കൂടുതല്‍ വ്യാപാര വിരുദ്ധ നയങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ് കേന്ദ്ര സര്‍ക്കാരെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ഭാരതീയ ഉദ്യോഗ വ്യാപാര മണ്ഡല്‍ ദേശീയ പ്രസിഡന്റ് ബാബുലാല്‍ ഗുപ്ത പറഞ്ഞു. ഓണ്‍ലൈന്‍ വ്യാപാരത്തിന്മേല്‍ സെസ് ഏര്‍പ്പെടുത്തുക, ജി എസ് ടി കൗണ്‍സില്‍ തീരുമാനങ്ങള്‍ പാര്‍ലിമെന്റില്‍ ചര്‍ച്ച ചെയ്തതിനു ശേഷം മാത്രം നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ന്യായമാണെന്നും അതിനായി പാര്‍ലിമെന്റില്‍ ഇടപെടല്‍ നടത്തുമെന്നും ചടങ്ങില്‍ പങ്കെടുത്ത എന്‍ കെ പ്രേമചന്ദ്രനും കൊടിക്കുന്നില്‍ സുരേഷും പറഞ്ഞു. കെട്ടിട വാടകയ്ക്കു മേലുള്ള ജി എസ് ടി വ്യാപാരികളുടെ തലയില്‍ കെട്ടിവെച്ചതു കടുത്ത അനീതിയാണെന്നും ഇത് പൂര്‍ണമായും ഒഴിവാക്കുന്നതിനു വേണ്ടിവന്നാല്‍ സുപ്രീം കോടതിയില്‍ കേസ് നടത്തുമെന്ന് ഹാരിസ് ബീരാന്‍ എം പി ഉറപ്പു നല്‍കി.

വര്‍ക്കിംഗ് പ്രസിഡന്റ് പി കുഞ്ഞാവു ഹാജി, ജനറല്‍ സെക്രട്ടറി ദേവസ്യ മേച്ചേരി, ട്രഷറര്‍ എസ് ദേവരാജന്‍, സീനിയര്‍ വൈസ് പ്രസിഡന്റ് കെ വി അബ്ദുല്‍ ഹമീദ്, വൈസ് പ്രസിഡന്റുമാരായ എം കെ തോമസുകുട്ടി, പി സി ജേക്കബ്, എ ജെ ഷാജഹാന്‍, കെ അഹമ്മദ് ഷെരിഫ്, ബാബു കോട്ടയില്‍, സണ്ണി പൈമ്പിള്ളില്‍, ബാപ്പു ഹാജി എന്നിവരും സെക്രട്ടറിമാരായ വൈ വിജയന്‍, സി ധനീഷ് ചന്ദ്രന്‍, ജോജിന്‍ ടി ജോയ്, എ ജെ റിയാസ്, സെക്രട്ടേറിയറ്റ് മെമ്പര്‍ സലിം രാമനാട്ടുകര, വനിതാ വിങ് പ്രസിഡന്റ് ശ്രീജ ശിവദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

---- facebook comment plugin here -----

Latest