Connect with us

Education

വിദ്യാര്‍ത്ഥികള്‍ക്ക് എളുപ്പത്തില്‍ ഹിന്ദി പഠിക്കാന്‍ 'സുരീലി ഹിന്ദി' പദ്ധതി ആരംഭിച്ചു

വിദ്യാര്‍ത്ഥികള്‍ക്ക് ഹിന്ദി ഭാഷയോട് താല്‍പര്യം ഉണ്ടാക്കുക, അവരെ ഹിന്ദി ഭാഷയിലേക്ക് ആകര്‍ഷിച്ചുകൊണ്ട് എളുപ്പത്തില്‍ ഹിന്ദി പഠിക്കാനും പഠിപ്പിക്കാനുമുള്ള സാഹചര്യമൊരുക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി 2016- 17 കാലഘട്ടത്തില്‍ ആരംഭിച്ച പദ്ധതിയാണ് സുരീലി ഹിന്ദി.

Published

|

Last Updated

തിരുവനന്തപുരം| കഥകളും കവിതകളും നാടകങ്ങളും ഉള്‍പ്പെടുത്തി തയ്യാറാക്കിയ മൊഡ്യൂള്‍ പ്രകാരം ഈ അധ്യയന വര്‍ഷത്തെ ‘സുരീലി ഹിന്ദി’ പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിച്ചു. സമഗ്ര ശിക്ഷാ കേരളം ആണ് പദ്ധതി നടപ്പാക്കുന്നത്. കുട്ടികള്‍ക്ക് ഹിന്ദി ഭാഷയോട് താല്പര്യം ഉണ്ടാക്കുക, അവരെ ഹിന്ദി ഭാഷയിലേക്ക് ആകര്‍ഷിച്ചുകൊണ്ട് എളുപ്പത്തില്‍ ഹിന്ദി പഠിക്കാനും പഠിപ്പിക്കാനുമുള്ള സാഹചര്യമൊരുക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി 2016 – 17 കാലഘട്ടത്തില്‍ ആരംഭിച്ച പദ്ധതിയാണ് സുരീലി ഹിന്ദി.

ആദ്യവര്‍ഷം അധ്യാപകരെ ശാക്തീകരിക്കാന്‍ ആണ് പദ്ധതിയിലൂടെ ശ്രമിച്ചത്. തൊട്ടടുത്ത വര്‍ഷം ആറാം ക്ലാസിലെ കുട്ടികളെ കേന്ദ്രീകരിച്ചുള്ള പരിപാടിക്ക് രൂപം നല്‍കി. 2018 – 19 മുതല്‍ അഞ്ചുമുതല്‍ എട്ടുവരെ ക്ലാസുകളിലെ കുട്ടികളെ ലക്ഷ്യമിട്ടുള്ള പ്രത്യേക പരിപാടിയായി സുരീലി ഹിന്ദി.

കൊവിഡ് മഹാമാരിക്കാലത്തും കുട്ടികളെ ഭാഷാപഠന പാതയില്‍ നിലനിര്‍ത്താന്‍ പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്ന സമഗ്രശിക്ഷാ കേരളത്തിന് സാധിച്ചു. ‘സുരീലി ഹിന്ദി 2020’ എന്ന പദ്ധതിയിലൂടെ തെരഞ്ഞെടുത്ത കവിതകള്‍ ഈണമിട്ട് ഡിജിറ്റല്‍ വിഡിയോ കണ്ടന്റുകള്‍ വികസിപ്പിക്കുകയും അഞ്ചു മുതല്‍ എട്ടു വരെ ക്ലാസിലെ കുട്ടികള്‍ക്ക് ക്ലാസ് വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ വിതരണം ചെയ്ത് പ്രവര്‍ത്തനങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.

സുരീലി ഹിന്ദി 2021 – 22 പദ്ധതി, ഈ വര്‍ഷം 5 മുതല്‍ പ്ലസ് ടു വരെയുള്ള കുട്ടികള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ആനിമേഷനുകള്‍, തോല്‍പ്പാവക്കൂത്ത്, പിക്ചര്‍ ട്രാന്‍സിഷന്‍ തുടങ്ങിയവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴക്കൂട്ടം എം എല്‍ എ കടകമ്പള്ളി സുരേന്ദ്രന്‍ അധ്യക്ഷന്‍ ആയിരുന്നു. സമഗ്ര ശിക്ഷാ കേരളം സംസ്ഥാന പ്രൊജക്റ്റ് ഡയറക്ടര്‍ ഡോ. എ പി കുട്ടികൃഷ്ണന്‍ ചടങ്ങില്‍ പങ്കെടുത്തു.

 

Latest