Connect with us

Acquaintance

സമര ശരീരം

സ്വന്തം ശരീരത്തിൽ പ്രതിഷേധത്തിന്റെ അഗ്നി ജ്വലിപ്പിച്ച് കാഴ്ചക്കാരിലേക്ക് പ്രതിരോധത്തിന്റെ ആശയങ്ങൾ പകർന്നു നൽകാൻ തുടങ്ങിയിട്ട് പത്ത് വർഷമാകുന്നു. എൻഡോസൾഫാൻ ദുരിത ബാധിതരെ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് 2013ൽ കാസർകോട്ടും പിന്നീട് തിരുവനന്തപുരത്തും സ്വന്തം ശരീരത്തെ സമരമുറയാക്കിയ സുരേന്ദ്രൻ കൂക്കാനം ഏറ്റവും ഒടുവിൽ പകർന്നാടിയത് വിശക്കുന്ന വയറുമായി മല കയറി വന്ന് കള്ളനെന്ന് മുദ്രകുത്തപ്പെട്ട് ആൾക്കൂട്ട കൊലപാതകത്തിന് ഇരയായ മധു എന്ന ആദിവാസി യുവാവായാണ്.

Published

|

Last Updated

ഒരാളുടെ ശരീരത്തിൽ ഒരോ കാര്യത്തിലും നീതിബോധത്തോടെയുള്ള വ്യക്തമായതും ഒറ്റയ്ക്കാണെങ്കിലും എവിടെയും നെഞ്ചുവിരിച്ച് പറയാനുള്ള ശക്തമായ അഭിപ്രായമുണ്ടെങ്കിൽ അത് നിരന്തരം കലഹിക്കുന്ന സമരങ്ങളായി പരിണമിക്കാൻ അധികകാലം വേണ്ടി വരില്ല. ശരീര രാഷ്ട്രീയമെന്നാൽ തെരുവിൽ സംഘടിച്ചു സമരം ചെയ്യുന്ന ശരീരങ്ങൾ എന്നതിനപ്പുറം സ്വന്തം ശരീരത്തെ തന്നെ ക്യാൻവാസാക്കി നിരന്തരം ശബ്ദിക്കുന്ന സമരമുറയായി തെരുവോരങ്ങളിൽ പ്രതിരോധത്തിന്റെ പുതിയ പാഠഭേദങ്ങൾ തീർക്കുന്ന ശിൽപ്പിയും പരിസ്ഥിതി സ്നേഹിയുമായ സുരേന്ദ്രൻ കൂക്കാനം എന്ന ഒറ്റയാൾ പോരാളിക്ക് ശരീര ഭാഷ തന്നെയാണ് സമരമുറ.

കണ്ണൂർ ജില്ലയിലെ കരിവെള്ളൂരിനടുത്ത കൂക്കാനം സ്വദേശിയായ സുരേന്ദ്രൻ കൂക്കാനം സ്വന്തം ശരീരത്തിൽ പ്രതിഷേധത്തിന്റെ അഗ്നി ജ്വലിപ്പിച്ച് കാഴ്ചക്കാരിലേക്ക് പ്രതിരോധത്തിന്റെ ആശയങ്ങൾ പകർന്നു നൽകുവാൻ തുടങ്ങിയിട്ട് പത്ത് വർഷമാകുന്നു. എൻഡോസൾഫാൻ ദുരിത ബാധിതരെ സർക്കാർ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് 2013ൽ കാസർകോട്ടും പിന്നീട് തിരുവനന്തപുരത്തും സ്വന്തം ശരീരത്തെ സമര മുറയാക്കിയ സുരേന്ദ്രൻ കൂക്കാനം ഏറ്റവും ഒടുവിൽ പകർന്നാടിയത് വിശക്കുന്ന വയറുമായി മല കയറി വന്ന് കള്ളനെന്ന് മുദ്രകുത്തി ആൾക്കുട്ട കൊലപാതകത്തിന് ഇരയായ മധു എന്ന ആദിവാസി യുവാവായാണ്.
കലാകാരന്റെ ജീവിതം പ്രകൃതിയും പോരാട്ടവുമാണെന്ന് വിശ്വസിക്കുന്ന സുരേന്ദ്രൻ കൂക്കാനം തന്റെ ചുറ്റുപാടുമുള്ള സമൂഹ അനീതികൾക്കെതിരെ ഒറ്റയാൾ പോരാട്ടത്തിനായി തന്റെ ജീവിതം തന്നെ മാറ്റിവെച്ചിരിക്കുകയാണ്.

നാറാണത്ത് വഴിയിൽ…

സ്വന്തം ശരീരം കാൻവാസാക്കാൻ ഒരു ചിത്രകാരൻ തുനിയണമെങ്കിൽ അയാളുടെ ഉള്ളിൽ അത്രയേറെ പ്രതിഷേധത്തിന്റെ അഗ്നി ജ്വലിക്കുന്നുണ്ടാകണം. എൻഡോ സൾഫാൻ ദുരിതബാധിതരോടുള്ള അവഗണനക്കെതിരെ കാസർകോട്ടും കണ്ണൂരും തിരുവനന്തപുരത്തും തന്റെ നഗ്ന ശരീരത്തിൽ കടും വർണങ്ങൾ ചാലിച്ച് പ്രതിഷേധിച്ച് പുതിയ സമരത്തിന് ജീവിതത്തിൽ തുടക്കമിട്ട സുരേന്ദ്രൻ പിന്നീട് നടന്നുനീങ്ങിയത് നാറാണത്ത് വഴിയിലൂടെ. സ്വന്തം ശരീരത്തിലൂടെ പ്രതിഷേധിക്കുന്നതോടൊപ്പം നിരവധി പ്രതിഷേധ ശിൽപ്പങ്ങൾ നിർമിച്ചും ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയും വ്യത്യസ്തനാണ്. എൻഡോസൾഫാൻ വിഷയത്തിനു പുറമെ പൗരത്വ ഭേദഗതി, മാധ്യമ വിലക്ക്, കർഷക സമരം, പെട്രോൾ വിലവർധനവ്, ദേശീയ പാതയിലെ കുഴിയിൽ വീണു മരിച്ചവരുടെ ആത്മാവിന് വേണ്ടിയുള്ള റോഡ് പൂജ, കുന്നിടിക്കൽ, വയൽ നികത്തൽ തുടങ്ങി നിരവധിയായ ജനകീയ പ്രശ്നങ്ങളിലാണ് ഒറ്റയാൾ പോരാട്ടം നടത്തിയിട്ടുള്ളത്. തെരുവ് നായ ശല്യം തടയുവാൻ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ കലക്ടറേറ്റിനു മുന്നിലെ മരത്തിൽ കയറി പ്രതിഷേധിച്ച സുരേന്ദ്രൻ, കരിവെള്ളൂരിൽ നിരവധി സ്കൂൾ വിദ്യാർഥിനികൾക്ക് തെരുവുനായയുടെ കടിയേറ്റതിൽ പ്രതിഷേധിച്ച് പ്രതീകാത്മകമായ തോക്കുമായി സമരം ചെയ്ത് വ്യത്യസ്തനായി.
അട്ടപ്പാടി ആദിവാസി യുവാവ് മധുവിനെ തല്ലിക്കൊന്ന കേസിൽ കൂറുമാറിയവർക്കെതിരെ ഒറ്റയാൾ പ്രകടനം നടത്തിയ സുരേന്ദ്രൻ കൂക്കാനം അവസാനം നടത്തിയ സമരം മധുവിന്റെ രക്തസാക്ഷിത്വത്തിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് മധുവായി ജീവിച്ചു കൊണ്ടു തന്നെയാണ്. മധുവിലേക്ക് പകർന്നാട്ടം നടത്തിയ സുരേന്ദ്രൻ കെട്ടിയിട്ട കൈകൾ ഉയർത്തി പ്രതിഷേധിച്ചത് ഏറെ ജനശ്രദ്ധയാകർഷിച്ചു.

കുറുവൻകുന്നിന് പുനർജനി

ചെറുപ്പത്തിൽ അവധിദിവസങ്ങളിൽ സൈക്കിളിന്റെ ടയറും ഉരുട്ടി ഞങ്ങൾ കുറുവൻകുന്നിന്‌ മുകളിൽ പോകും. അവിടെനിന്ന് നോക്കിയാൽ അറബിക്കടൽ കാണാം. പക്ഷികളെയും ചെറുമൃഗങ്ങളെയും ചിത്രശലഭങ്ങളെയും കാണാം. എന്നാൽ ഇന്ന് വികസനത്തിന്റെ മലവെള്ളപ്പാച്ചിലിൽ കുറുവൻകുന്ന് മുഴുവൻ ജെ സി ബിയുടെ കൈകൾ വിഴുങ്ങി. വർഷങ്ങളായി മനസ്സിൽ കൊണ്ടുനടക്കുന്ന ആഗ്രഹമായിരുന്നു കുറുവൻകുന്നിന്റെ പുനഃസൃഷ്ടി. അതിനാണ് ഇപ്പോൾ തുടക്കംകുറിച്ചിരിക്കുന്നത്.’ സുരേന്ദ്രൻ കൂക്കാനത്തിന്റെ വാക്കുകളിൽ പരിസ്ഥിതി കടന്നാക്രമണത്തിനെതിരേയുള്ള ഒറ്റയാൾ പ്രതിഷേധം.
കുളിപ്പാറയിലെ നിരവധി ചെറു കുന്നുകളിലൊന്നായിരുന്നു കുറുവൻകുന്ന്. കുറുക്കൻ കൂവുന്ന കുന്നാണ് പിന്നീട് കുറുവൻ കുന്നായി മാറിയത്. അപൂർവങ്ങളായ നിരവധി ഔഷധസസ്യങ്ങളുടെ കലവറയായിരുന്നു കുറുവൻകുന്ന്. പിന്നീട് കൂളിപ്പാറയിലെ മറ്റ് കുന്നുകളെ പോലെ കുറുവൻകുന്നും വികസനത്തിനുവേണ്ടി ഇടിച്ചുനിരത്തി.

മരങ്ങൾ ഇല്ലാതായിക്കൊണ്ടിരിക്കുമ്പോൾ പകരം നമ്മൾ വൃക്ഷത്തൈകൾ നടും. എന്നാൽ ഇല്ലാതായിക്കൊണ്ടിരിക്കുന്ന കുന്നുകൾക്ക് പകരമെന്ത് എന്ന ചിന്തയാണ് സുരേന്ദ്രനെ കുറുവൻകുന്നിന്റെ പുനഃസൃഷ്ടിയിലെത്തിച്ചത്.

കുടുംബ സ്വത്തിന്റെ ഭാഗമായി കിട്ടിയ 12 സെന്റ് സ്ഥലത്താണ് സുരേന്ദ്രൻ കുന്ന് നിർമിക്കാൻ തുടങ്ങിയത്. സ്വാതന്ത്ര്യസമര സേനാനികളുടെയും മഹാന്മാരുടെയും സ്മൃതിമണ്ഡപങ്ങളിൽനിന്നും ചരിത്രപ്രസിദ്ധമായ സ്ഥലങ്ങളിൽനിന്നും കൊണ്ടുവന്ന മണ്ണ് കൊണ്ടാണ് കുന്ന് നിർമാണം തുടങ്ങിയത്. വിഷ്ണു ഭാരതീയന്റെ സ്മൃതിമണ്ഡപത്തിൽനിന്നാണ് ആദ്യ മണ്ണ് ശേഖരം കൊണ്ടുവന്നത്. ഇന്ത്യ മുഴുവൻ സന്ദർശിച്ച് മണ്ണ് ശേഖരിക്കാനാണ് പരിപാടി. ആന്തമാൻ സന്ദർശിച്ച് ചരിത്രപ്രസിദ്ധമായ ജയിലിൽനിന്നുള്ള മണ്ണ് ശേഖരിക്കും. ഒപ്പം അസ്ഥികൂടം മാത്രമായ കരിവെള്ളൂരിലേയും പരിസരങ്ങളിലേയും പഴയ കുന്നുകളിലെ ശേഷിച്ച മണ്ണും ശേഖരിക്കും.
കുന്നിടിച്ച മണ്ണുകൊണ്ട് നികത്തിയ വയലുകളിലെ മണ്ണും തിരികെ പ്രതീകാത്മകമായി കുന്നിലെത്തിക്കുന്നുണ്ട്. പുതിയ കുറുവൻകുന്നിൽ പണ്ടുകാലത്തുണ്ടായതുപോലെ നിറയെ ഔഷധസസ്യങ്ങളും വെച്ചുപിടിപ്പിക്കാൻ പരിപാടിയുണ്ട്.

ഒന്നിലൊതുങ്ങാത്ത പോരാട്ട വീര്യം…

കർഷക സമരഭൂമിയായ കരിവെള്ളൂരിനടുത്ത് കൂക്കാനം ഗ്രാമത്തിൽ കണ്ടത്തിൽ അമ്പുവിന്റെയും നാരായണിയുടെയും നാല് മക്കളിൽ മൂന്നാമനാണ് സുരേന്ദ്രൻ. ചിത്രകലയിൽ ഡിപ്ലോമ നേടിയിട്ടുണ്ട്. നാട്ടുകാരനായ ബാലൻ പാലായിയോടൊപ്പം ചേർന്ന് നിരവധി ചലച്ചിത്രങ്ങളിൽ കലാ സംവിധാന സഹായിയായി പ്രവർത്തിച്ചു. കഴിഞ്ഞ 22 വർഷമായി മദ്യ വിരുദ്ധ പ്രസ്ഥാനവുമായി ചേർന്നു പ്രവർത്തിക്കുകയാണ്.
ഒറ്റയാൾ സമരത്തിനൊപ്പം നിരവധി പ്രതിഷേധ ശിൽപ്പങ്ങൾ ചെയ്തു. കണ്ണൂർ – കാസർകോട് ജില്ലകളിലെ ഒട്ടുമിക്ക സ്കൂൾ മുറ്റത്തും സുരേന്ദ്രന്റെ പ്രതിരോധ ശിൽപ്പങ്ങൾ കാണാം. മാടായി പാറയിലെ കാവൽ ശിൽപ്പവും എൻഡോസൾഫാൻ ശിൽപ്പവും പ്രസിദ്ധമാണ്. സാമൂഹിക വിഷയങ്ങൾ പ്രതിപാദിച്ചു കൊണ്ട് നിരവധി ഹ്രസ്വ ചിത്രങ്ങൾ ചെയ്തിട്ടുണ്ട്. കോവിഡ് കാലത്ത് 15 ഓളം പൊളളുന്ന വിഷയങ്ങളിൽ ഹ്രസ്വ ചിത്രങ്ങൾ ഒരുക്കി. ലഹരിക്കെതിരെ ഏകാങ്ക നാടകം അവതിരിപ്പിച്ച് ശ്രദ്ധ നേടി.

---- facebook comment plugin here -----