Connect with us

Kerala

സംസ്ഥാന ജി എസ് ടി വകുപ്പ് പുനഃസംഘടിപ്പിക്കും: മന്ത്രി ബാലഗോപാല്‍

വിലക്കയറ്റത്തിന് ഇടയാക്കുന്ന തരത്തില്‍ നികുതി ഏര്‍പ്പെടുത്താനാകില്ല

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാന ജി എസ് ടി വകുപ്പ് പുനഃസംഘടിപ്പിക്കുമെന്നും ഇതിനായി മന്ത്രിസഭയുടെ അനുമതി ലഭിച്ചതായും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച അനുമതി ലഭിച്ചത്. 2018ല്‍ രൂപവത്കരിച്ച ഉന്നത തല സമിതിയുടെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കും. നികുതി ദായക സേവനം, ഓഡിറ്റ്, ഇന്റലിജന്‍സ് & എന്‍ഫോഴ്സ്മെന്റ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങള്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് വിലക്കയറ്റത്തിന് ഇടയാക്കുന്ന തരത്തില്‍ നികുതി ഏര്‍പ്പെടുത്താനാകില്ല. സപ്ലൈകോ, ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ചില്ലറയായി വില്‍കുന്ന സാധനങ്ങള്‍ക്ക് അഞ്ച് ശതമാനം ജി എസ് ടിയില്ല. സ്റ്റോറുകളില്‍ ഇന്ന് നേരിട്ടെത്തി ബില്ലുകള്‍ പരിശോധിച്ച് താന്‍ ഉറപ്പ് വരുത്തിയിട്ടുണ്ട്. ചെറുകിട സംരംഭകരെ ജി എസ് ടിയുടെ അധിക ബാധ്യതയില്‍ നിന്ന് ഒഴിവാക്കാനാണ് ശ്രമിക്കുന്നത്. നിയപ്രശ്‌നങ്ങള്‍ ഉണ്ടായേക്കാമെന്നും മന്ത്രി വ്യക്തമാക്കി.

വിഷയം ജി എസ് ടി കൗണ്‍സിലുമായി ഇനിയും ചര്‍ച്ച നടത്തും. ജി എസ് ടി നടപ്പാക്കില്ലെന്ന് പറയുന്നതില്‍ പ്രായോഗിക പ്രശ്‌നങ്ങള്‍ ഇല്ല. കേന്ദ്രത്തിന്റെ വിജ്ഞാപനം അതേ പോലെ തന്നെയാണ് കേരളത്തിലും ഇറക്കിയത്. സാധാരണ കടകളില്‍ ജി എസ് ടിയുടെ പേരില്‍ വില കൂട്ടിയാല്‍ ജനങ്ങള്‍ക്ക് പരാതിപ്പെടാം. 40 ലക്ഷത്തിന് താഴെ വിറ്റുവരവുള്ള കടകള്‍ ജി എസ് ടി ചുമത്തിയാല്‍ ജനത്തിന് പരാതിപ്പെടാമെന്നും മന്ത്രി പറഞ്ഞു.