Kerala
നേതാക്കളുടെ പരസ്യ പ്രസ്താവനകള്‍ ഗൗരവമായി ചര്‍ച്ച ചെയ്യും: ജിഫ്‌രി തങ്ങള്‍
കെ ഉമര്‍ ഫൈസി മുക്കം സി പി എം സെമിനാറില്‍ നടത്തിയ പ്രസംഗം മുശാവറ ഗൗരവപൂര്‍വം പരിശോധിക്കും.
കോഴിക്കോട് | ഇ കെ വിഭാഗം സമസ്തയുടെയും പോഷക സംഘടനകളുടെയും ചില നേതാക്കള്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരസ്യ പ്രസ്താവനകളും പ്രതികരണങ്ങളും മുശാവറ ഗൗരവമായി ചര്‍ച്ച ചെയ്യുമെന്ന് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പ്രസ്താവനയില്‍ പറഞ്ഞു. കെ ഉമര്‍ ഫൈസി മുക്കം സി പി എം സെമിനാറില്‍ നടത്തിയ പ്രസംഗം മുശാവറ ഗൗരവപൂര്‍വം പരിശോധിക്കും.
നേതാക്കള്‍ സംഘടനാ അച്ചടക്കത്തിനും നിലപാടുകള്‍ക്കും നിരക്കാത്തവിധം പരസ്യ പ്രസ്താവനകളും പ്രതികരണങ്ങളും നടത്തുന്നത് തീര്‍ത്തും ഒഴിവാക്കേണ്ടതാണ്. ഇത്തരം പ്രസ്താവനകള്‍ ഔദ്യോഗിക നയമോ നിലപാടോ അല്ല. അതില്‍ ആരും വഞ്ചിതരാകരുത്. നിലപാടുകളും തീരുമാനങ്ങളും മുശാവറ യോഗം ചേര്‍ന്ന് തീരുമാനിക്കുന്നതാണെന്നും ഉത്തരവാദപ്പെട്ടവര്‍ ഇതുസംബന്ധിച്ച് വിശദീകരിക്കുമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
വഖ്ഫ് ബോര്‍ഡ്: ഇ കെ സമസ്ത ലീഗ് അനുകൂല വിഭാഗം വിശദീകരണ സമ്മേളനത്തിന്
കോഴിക്കോട് | വഖ്ഫ് ബോര്‍ഡ് വിഷയത്തില്‍ ഇ കെ സമസ്തയിലെ ലീഗ് അനുകൂല വിഭാഗം വഖ്ഫ് വിശദീകരണ സമ്മേളനത്തിന്. ബോര്‍ഡ് അംഗവും ഇ കെ സമസ്ത നേതാവുമായ ഉമര്‍ ഫൈസി മുക്കത്തിനെതിരെ രംഗത്തു വന്നതിന് പിന്നാലെയാണ് ലീഗനുകൂല വിഭാഗം വിശദീകരണ സമ്മേളനം നടത്തുന്നത്. അടുത്തമാസം 11ന് മലപ്പുറത്ത് വഖ്ഫ് വിശദീകരണം യോഗം നടത്തുമെന്നും പരിപാടിയില്‍ കുഞ്ഞാലിക്കുട്ടി പങ്കെടുക്കുമെന്നും ലീഗ് അനുകൂല വിഭാഗം നേതാവ് നാസര്‍ ഫൈസി കൂടത്തായി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഉമര്‍ ഫൈസി ഉണ്ടാക്കിയത് ആവശ്യമില്ലാത്ത വിവാദമാണെന്നും വഖ്ഫ് ബോര്‍ഡില്‍ ആര്‍ എസ് എസുകാരനെ നിയമിക്കുമെന്ന് സര്‍ക്കാര്‍ എവിടെയും പറഞ്ഞിട്ടില്ലെന്നും കൂടത്തായി പറഞ്ഞു. പാസ്സാക്കിയ ഒരു നിയമം നടപ്പാക്കില്ലെന്ന് പറയാനാകില്ല. കോടതിയുടെ അന്തിമതീരുമാനം വരെ കാത്തിരിക്കാമെന്നാണ് സര്‍ക്കാര്‍ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. അമുസ്‌ലിം അംഗങ്ങളെ നിയമിക്കാമെന്നാണ് ഉമര്‍ ഫൈസി കോടതിയെ അറിയിച്ചത്.
ബോര്‍ഡ് പുനസ്സംഘടിപ്പിക്കാന്‍ സര്‍ക്കാറിന് അധികാരമുണ്ട്. കള്ളന്മാര്‍ സ്വയം കള്ളന്‍ എന്ന് വിളിക്കുന്നത് പോലെയാണ് ഉമര്‍ ഫൈസിയുടെ പ്രസംഗമെന്നും അദ്ദേഹത്തിന് കോടതിയില്‍ ഒന്നും പുറത്ത് വേറെയും നിലപാടാണെന്നും നാസര്‍ ഫൈസി പറഞ്ഞു. ഷോണ്‍ ജോര്‍ജിന്റെ ഹരജി തള്ളണമെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. സമസ്തയുടെ പേരില്‍ രാഷ്ട്രീയ പ്രചാരണം നടത്തുന്നത് ശരിയല്ല. സമസ്തയുടെ സത്‌പേരിന് കളങ്കമുണ്ടാക്കിയെന്നും നാസര്‍ ഫൈസി ആരോപിച്ചു. സി പി എം ചട്ടുകമായി സമസ്ത അംഗം പ്രവര്‍ത്തിക്കാന്‍ പാടില്ല. സമസ്തയില്‍ ഭിന്നത ഉണ്ടാക്കാനാണ് സി പി എം ശ്രമം. ബി ജെ പി കൊണ്ടുവന്ന നിയമത്തിലെ അപകടം ചര്‍ച്ചയാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Content Highlights:
EK Samastha President Jifri Thangal stated that recent public statements made by organization leaders will be taken seriously. The issue will be evaluated in the upcoming meeting to maintain discipline. He emphasized that internal matters should be discussed within organizational forums.


