Connect with us

Kerala

ട്രാന്‍സിറ്റ് റിമാന്‍ഡിന് മുമ്പ് പ്രതിയുടെ ബന്ധുക്കളെ കാരണം അറിയിക്കണം: ഹൈക്കോടതി

ഇത് പാലിക്കാത്തപക്ഷം അറസ്റ്റ് നടപടികള്‍ നിയമവിരുദ്ധമാകും.

Published

|

Last Updated

കൊച്ചി | അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തിയെ ട്രാന്‍സിറ്റ് റിമാന്‍ഡിനായി ആദ്യമായി അടുത്തുള്ള മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുമ്പോള്‍, അറസ്റ്റിനുള്ള കാരണങ്ങള്‍ പ്രതിയെയും അദ്ദേഹത്തിന്റെ ബന്ധുവിനെയോ സുഹൃത്തിനെയോ നിര്‍ബന്ധമായും അറിയിച്ചിരിക്കണമെന്ന് ഹൈക്കോടതി. ഇത് പാലിക്കാത്തപക്ഷം അറസ്റ്റ് നടപടികള്‍ നിയമവിരുദ്ധമാകുമെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് വ്യക്തമാക്കി.

എന്‍ ഡി പി എസ് കേസില്‍ ഡല്‍ഹിയില്‍ നിന്ന് അറസ്റ്റ് ചെയ്ത് പട്യാല ഹൗസ് കോടതിയില്‍ നിന്ന് ട്രാന്‍സിറ്റ് വാറന്റ് വാങ്ങി കേരളത്തില്‍ എത്തിച്ച പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി. ഡല്‍ഹിയില്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്നതിന് മുമ്പ് അറസ്റ്റ് വിവരങ്ങള്‍ ബന്ധുക്കളെ കൃത്യസമയത്ത് അറിയിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഹരജിക്കാര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഭരണഘടനയുടെ അനുച്ഛേദം 22(1), ഭാരതീയ നാഗരിക് സുരക്ഷാ സംഹിത സെക്ഷനുകള്‍ 47, 48 എന്നിവ പ്രകാരമുള്ള മൗലികാവകാശ സംരക്ഷണം, ട്രാന്‍സിറ്റ് റിമാന്‍ഡിനായി ഹാജരാക്കുമ്പോള്‍ തന്നെ ഉറപ്പാക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

പ്രദേശിക അധികാരപരിധിയില്ലാത്ത മജിസ്ട്രേറ്റിന് മുന്നിലാണ് ഹാജരാക്കുന്നതെങ്കിലും അറസ്റ്റിന്റെ നിയമസാധുത പരിശോധിച്ച് ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്. ട്രാന്‍സിറ്റ് റിമാന്‍ഡ് എന്നത് പോലീസിന്റെ കസ്റ്റഡി നല്‍കല്‍ തന്നെയാണെന്നും കോടതി വിശദീകരിച്ചു.

Content Highlights:
The Kerala High Court ruled that police must inform an arrested individual’s relatives of the reasons prior to securing a transit remand. The court emphasized protecting fundamental rights during legal proceedings. This direction aims to prevent unauthorized detentions and ensure legal transparency.

 

Latest