Connect with us

Kerala

ഹജ്ജ് വളണ്ടിയർമാരുടെ എണ്ണം കുറച്ചു; നിരീക്ഷണത്തിന് ഉന്നത ഉദ്യോഗസ്ഥൻ

100 ഹാജിമാർക്ക് ഒരു വളണ്ടിയറായി അനുപാതം ഉയർത്തണമെന്ന ആവശ്യം നിലനിൽക്കെ 300 ഹാജിമാർക്ക് ഒരു വളണ്ടിയർ എന്ന നിലയിലാക്കി ചുരുക്കി

Published

|

Last Updated

കോഴിക്കോട് | സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹജ്ജിന് പോകുന്നവരെ സഹായിക്കുന്ന വളണ്ടിയർമാരുടെ എണ്ണം പരിമിതപ്പെടുത്തി. 300 പേർക്ക് ഒരു വളണ്ടിയർ എന്ന നിലക്കാണ് അനുപാതം കുറച്ചിരിക്കുന്നത്. 2018 മുതൽ 2022 വരെയുള്ള ഹജ്ജ് നയപ്രകാരം 200 പേർക്ക് ഒരു വളണ്ടിയർ എന്നായിരുന്നു അനുപാതം.

എന്നാൽ, കൊവിഡിന് ശേഷം ഹജ്ജ് നടന്ന കഴിഞ്ഞ വർഷം മാത്രം 150ന് ഒന്നാക്കി വളണ്ടിയർമാരുടെ എണ്ണം ഉയർത്തിയിരുന്നു. അതേസമയം, പുതിയ ഹജ്ജ് നയപ്രകാരം വളണ്ടിയർമാരുടെ എണ്ണം വീണ്ടും കുറച്ചിരിക്കുകയാണ്. അടുത്ത അഞ്ച് വർഷം 300 ഹാജിമാർക്ക് ഒരു വളണ്ടിയർ എന്ന നിലയിൽ തുടരും. 100 ഹാജിമാർക്ക് ഒരു വളണ്ടിയർ എന്ന നിലയിൽ അനുപാതം ഉയർത്തണമെന്ന ആവശ്യം നിലനിൽക്കെയാണ് എണ്ണം പരിമിതപ്പെടുത്തിയിരിക്കുന്നത്.

അതേസമയം, ഓരോ സംസ്ഥാനത്ത് നിന്നും വളണ്ടിയർമാർക്ക് പുറമെ നിരീക്ഷണത്തിനായി ഡയറക്ടർ സ്ഥാനമുള്ള ഉദ്യോഗസ്ഥനെ കൂടി നിയമിക്കുമെന്ന് പുതിയ ഹജ്ജ് നയത്തിൽ പറയുന്നു.
ഹജ്ജ് വളണ്ടിയർമാർക്കും ഡയറക്ടർമാർക്കും നീക്കിവെച്ച ശേഷം ബാക്കിയുള്ള സീറ്റുകളാണ് വിവിധ സംസ്ഥാനങ്ങൾക്കായി കേന്ദ്ര ഹജ്ജ് കമ്മിറ്റി വീതം വെക്കുക. ഹജ്ജ് തീർഥാടനത്തിൻ്റെ വിവിധ മേഖലകളിൽ ഹാജിമാരെ സഹായിക്കുകയാണ് വളണ്ടിയർമാരുടെ ചുമതല.
ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് നിർദേശ പ്രകാരമാണ് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോ ഗസ്ഥർ പ്രവർത്തിക്കേണ്ടത്. സർക്കാർ ഉദ്യോഗസ്ഥരെയാണ് വളണ്ടിയർമാരായി തിരഞ്ഞെടുക്കുക.

എന്നാൽ, ഏതൊക്കെ ഉദ്യോ ഗസ്ഥരെയാണ് തിരഞ്ഞടുക്കേണ്ടത് എന്നത് സംബന്ധിച്ച് പുതിയ ഹജ്ജ് നയത്തിൽ വ്യക്തമാക്കിയിട്ടില്ല. പുറത്തുവരാനുള്ള ഹജ്ജ് മാർഗനിർദേശത്തിലാണ് ഇക്കാര്യമുണ്ടാകുക.

പരിമിതമായ ഹജ്ജ് ക്വാട്ട അനുവദിക്കപ്പെട്ട കഴിഞ്ഞ വർഷം 5,700 പേരാണ് സംസ്ഥാനത്ത് നിന്ന് ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോയത്. ഇവർക്ക് ആനുപാതികമായി 38 ഹജ്ജ് വളണ്ടിയർമാരുമുണ്ടായിരുന്നു.

സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ യാത്ര പോയ ഹാജിമാർക്ക് ഇതിനാൽ മികച്ച സേവനം ലഭിക്കുകയും ചെയ്തിരുന്നു. ഹജ്ജ് വളണ്ടിയർമാരുടെ ചെലവിൻ്റെ പകുതി കേന്ദ്ര ഹജ്ജ് കമ്മിറ്റിയും പകുതി സംസ്ഥാന ഹജ്ജ് കമ്മിറ്റിയുമാണ് വഹിക്കുക.
അതിനിടെ, ഹാജിമാരുടെ യാത്രാ ചെലവ് ഉൾപ്പെടെ ഹജ്ജിൻ്റെ വിശദമായ എല്ലാ കാര്യങ്ങളും ഉൾക്കൊള്ളുന്ന ഹജ്ജ് മാർഗനിർദേശങ്ങൾ ഉടൻ പുറത്തിറങ്ങും.