National
സിജെപി പ്രതിഷേധത്തിനിടയിലെ പെല്ലറ്റ് ആക്രമണം; ഡല്‍ഹി പോലീസ് ഇന്ന് മൊഴിയെടുക്കും
മൊഴിയുടെ അടിസ്ഥാനത്തില്‍ ഡല്‍ഹി പോലീസ് കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കും.
ന്യൂഡല്‍ഹി|ഡല്‍ഹിയില്‍ സിജെപി പ്രതിഷേധത്തിനിടെ പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിയുടെ പരാതിയില്‍ പോലീസ് ഇന്ന് മൊഴി രേഖപ്പെടുത്തും. മൊഴിയുടെ അടിസ്ഥാനത്തില്‍ ഡല്‍ഹി പോലീസ് കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കും. വിഷയത്തില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ ആറ് മണിക്കൂര്‍ നീണ്ട കുത്തിയിരിപ്പ് സമരത്തിനൊടുവിലാണ് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. തിരിച്ചറിയാത്ത ആളുകള്‍ക്കെതിരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഡല്‍ഹി പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനു മുന്നിലായിരുന്നു രാഹുലിന്റെ പ്രതിഷേധം. മുന്‍ വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) നയിച്ച മാര്‍ച്ചില്‍ പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റ 19 കാരനായ സാഹില്‍ ലോച്ചബിനെയും കൂട്ടിയായിരുന്നു രാഹുല്‍ പോലീസ് സ്റ്റേഷനിലെത്തിയത്. പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് പരാതിക്കാരനായ സാഹില്‍ ലോച്ചബിനൊപ്പം ഡല്‍ഹി പോലീസ് സ്റ്റേഷന് പുറത്ത് രാഹുല്‍ ഗാന്ധി കുത്തിയിരിപ്പ് സമരം ചെയ്തു.
എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് വരെ അവിടെ നിന്ന് മാറാന്‍ അദ്ദേഹം വിസമ്മതിച്ചിരുന്നു.
‘എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ 30 ദിവസമോ ആറുമാസമോ വേണമെങ്കിലും ഞാന്‍ പോലീസ് സ്റ്റേഷന് പുറത്ത് ധര്‍ണയിരിക്കും,’ എന്ന് രാഹുല്‍ ഗാന്ധി പോലീസിന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. പരാതിക്കാരനില്‍ നിന്ന് മെഡിക്കല്‍ റിപോര്‍ട്ടും മറ്റ് അനുബന്ധ രേഖകളും പോലീസ് ശേഖരിക്കുകയും, അദ്ദേഹത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ തിരിച്ചറിയാത്ത വ്യക്തികള്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തതായി പോലീസ് അറിയിച്ചു. എഫ് ഐ ആറിന്റെ പകര്‍പ്പ് രാഹുല്‍ ഗാന്ധിക്ക് കൈമാറുകയും അദ്ദേഹം അത് ക്യാമറകള്‍ക്ക് മുന്നില്‍ ഉയര്‍ത്തിക്കാണിക്കുകയും ചെയ്തു.
വിദ്യാര്‍ഥി സമരത്തിനിടെ പോലീസും അര്‍ധസൈനിക വിഭാഗങ്ങളും അമിതമായ ബലം പ്രയോഗിച്ചെന്ന ആരോപണങ്ങള്‍ പരിശോധിക്കുന്നതിനായി സുപ്രീം കോടതി ഒരു ഉന്നതതല വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് ഡല്‍ഹി പോലീസ് രാഹുലിനെ അറിയിച്ചിരുന്നു. എന്നാല്‍, വിഷയത്തില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് രാഹുല്‍ പോലീസ് സ്റ്റേഷനു മുമ്പില്‍ കുത്തിയിരുന്നത്.
Content Highlights:
Rahul Gandhi staged a six-hour sit-in at Parliament Street police station following a pellet attack on student Sahil Lochab during a CJP protest. Delhi Police filed an FIR against unidentified persons after the protest. Police collected medical records as a Supreme Court panel probes the force.



