Kerala
ചെന്നിത്തലയില്‍ എട്ടാം ക്ലാസ്സ് വിദ്യാര്‍ഥിക്ക് നേരെ റാഗിംഗ്; ആക്രമിച്ചവര്‍ക്ക് സസ്‌പെന്‍ഷന്‍
ഹോസ്റ്റല്‍ റൂമില്‍ വെച്ച് സീനിയര്‍ വിദ്യാര്‍ഥികള്‍ ഓരോ ചോദ്യങ്ങള്‍ ചോദിക്കുകയും തുടര്‍ന്ന് മര്‍ദിക്കുകയായിരുന്നെന്ന് മര്‍ദനമേറ്റ വിദ്യാര്‍ഥി

ആലപ്പുഴ | ചെന്നിത്തലയില്‍ എട്ടാം ക്ലാസ്സ് വിദ്യാര്‍ഥിക്ക് നേരെ പ്ലസ് വണ്‍ വിദ്യാര്‍ഥികളുടെ റാഗിംഗ്. ചെന്നിത്തല നവോദയ വിദ്യാലയത്തിലെ എട്ടാം ക്ലാസുകാരനെയാണ് രാത്രി ഹോസ്റ്റലില്‍ വെച്ച് ആറ് പ്ലസ് വണ്‍ വിദ്യര്‍ഥികള്‍ ചോദ്യം ചെയ്തതിന് ശേഷം മര്‍ദിച്ചത്. കുട്ടിയുടെ പിതാവ് മാന്നാര്‍ പോലീസില്‍ പരാതി നല്‍കി. മര്‍ദിച്ച കുട്ടികളെ സസ്‌പെന്‍ഡ് ചെയ്‌തെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.
പത്താം ക്ലാസ്സില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ഥിയാണ് ആക്രമണം നടത്തിയവരുടെ അടുത്തേക്ക് കൊണ്ടുപോയതെന്ന് മര്‍ദനമേറ്റ കുട്ടി പറഞ്ഞു. ഹോസ്റ്റല്‍ റൂമില്‍ വെച്ച് സീനിയര്‍ വിദ്യാര്‍ഥികള്‍ ഓരോ ചോദ്യങ്ങള്‍ ചോദിക്കുകയും തുടര്‍ന്ന് മര്‍ദിക്കുകയായിരുന്നു. മുമ്പും സ്‌കൂളില്‍ റാഗിംഗ് നടന്നിട്ടുണ്ടെന്നും തന്റെ കൂട്ടുകാരെയും ഇത്തരത്തില്‍ മര്‍ദിച്ചിട്ടുണ്ടെന്നും എട്ടാം ക്ലാസ്സുകാരന്‍ വെളിപ്പെടുത്തി.
പ്ലസ് വണ്‍ വിദ്യാര്‍ഥികളുടെ മര്‍ദനത്തില്‍ കുട്ടി ബോധരഹിതനായെന്നും സ്‌കൂള്‍ അധികൃതര്‍ കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ തയ്യാറായില്ലെന്നും മര്‍ദനമേറ്റ കുട്ടിയുടെ പിതാവ് ആരോപിച്ചു. തുടര്‍ന്ന് മാന്നാര്‍ പോലീസില്‍ പരാതി നല്‍കുകയും ചൈല്‍ഡ് ലൈനിനെ വിവരം അറിയിക്കുകയായിരുന്നെന്ന് പിതാവ് വ്യക്തമാക്കി.