ആത്മായനം
അവിടുന്ന് ഹൃദയത്തിലുണ്ടെന്നാല്‍...
ഹൃദയത്തിൽ സൂക്ഷിക്കുന്ന സ്‌നേഹത്തെ നോവിക്കാൻ നമുക്കാകുമോ കൂട്ടരേ. ഇരുട്ടിലും വെളിച്ചത്തിലും വിജനതയിലും ആൾക്കൂട്ടത്തിലും കതക് തുറന്നാലും അടഞ്ഞാലും തിരുദൂതരെ നോവിക്കരുത്. അപ്പോഴാണല്ലോ നമ്മുടെ വിശ്വാസവും പൂർണമാകുന്നത്. സ്വന്തം ശരീരമടക്കം സർവതിനേക്കാളും ഞാൻ പ്രിയമാകാത്ത കാലത്തോളം നിങ്ങളുടെ ഈമാൻ പൂർത്തിയാവുകയില്ലയെന്നാണ് റസൂൽ(സ) നമുക്ക് തന്ന പാഠം.
ഹൃദയമേ… നിന്നിലേക്ക് തിരുവെളിച്ചത്തിന്റെ ഒരു കണികയെങ്കിലും പ്രവേശിച്ചിരിക്കുമോ?
ഈ വസന്തം നിന്നിൽ പൂവിടർത്തിയിട്ടുണ്ടോ. ആരംഭ പൂവായ പൊന്നു മുസ്‌തഫാ (സ) നിന്നിൽ നിറഞ്ഞിട്ടുണ്ടോ? അങ്ങനെയായാൽ നിന്റെ മിടിപ്പ് നിലയ്ക്കില്ല. ലൗകികാനുതാപങ്ങളുടെ കടച്ചിൽ നിന്നിലുണ്ടാകില്ല. മറിച്ച് നിന്നിൽ അനുരാഗ പൂക്കളായിരം വിരിയും. ഹബീബ് ജീവിക്കുന്ന ഹൃദയം ! ഹായ്..! എത്ര ഹാർദം..
നനവുള്ള, ആർദ്രതയുള്ള, തരളിതമായ, നിർമലമായ,
ഊർവരമായ, കനിവുള്ള, നന്മകളാൽ കമനീയമായ ഇടം.
ഹൃദയമേ.. അങ്ങനൊരു ഇടമായ് നീ മാറാനാണ് തിരു റബീഅ് വന്നത്. വർണ വിളക്കുകൾ തെരുവിലല്ല മിന്നിയത് നിന്റെ അകത്താണ്.
കൂട്ടരേ… സമയങ്ങൾ തീരുന്നു. ഹൃദയത്തിലുണ്ട് എന്റെ നബി എന്ന് നമുക്ക് പറയാനാകണം. എങ്കിൽ റബീഉൽ അവ്വൽ സാർഥമായി. തിരുനബി (സ)യുടെ അസാന്നിധ്യം നമുക്ക് കടച്ചിലുണ്ടാക്കണം. സൗബാൻ (റ)നെ ഓർമയില്ലേ. എന്തൊരു സ്നേഹമാണ് തിരുനബിയോടവർക്ക്. ഒരു വേളയുള്ള അവിടുത്തെ അസാന്നിധ്യം പോലും ആ സ്വഹാബിക്ക് വ്യഥയാണ്. ഒരിക്കൽ മഹാന്റെ ശരീരം വിവർണമാകുന്നു. മുഖത്ത് മ്ലാനത. സന്തോഷങ്ങൾ മായ്ഞ്ഞുപോയ സൗബാൻ തങ്ങളോട് (റ) തിരുനബി(സ) കാര്യം തിരക്കി.
“ഇല്ല നബിയേ, രോഗവും വേദനയുമൊന്നുമല്ലെനിക്ക്. നിങ്ങളെ കാണാതിരിക്കുമ്പോഴൊക്കെ എനിക്ക് അതീവ ദുഃഖമാണ് തങ്ങളേ, അപ്പോൾ ഞാൻ പാരത്രിക ലോകത്തെ ആലോചിച്ചു. നിങ്ങൾ നബിമാർക്കൊപ്പം ഉന്നത സ്വർഗീയ പദവി (ഇല്ലിയ്യീൻ) യിലേക്ക് നയിക്കപ്പടുമ്പോൾ, ഒരുപക്ഷേ സ്വർഗപ്രവേശം ഈ വിനീതന് കിട്ടിയാൽ തന്നെ പദവികളിൽ താഴെയായിരിക്കും. സ്വർഗപ്രവേശം കിട്ടിയില്ലെങ്കിലോ ഒരു കാലത്തും തങ്ങളെ എനിക്ക് കാണാനുമാകില്ലല്ലോ?!
‘ വേദന കടിച്ച് പിടിച്ച് ഹൃദയം പിടച്ച് ആ സ്വഹാബി തന്റെ ഭയത്തെ കണ്ണീരോടെ തിരുനബി (സ) ക്ക് മുമ്പിലിട്ടു. പിന്നെ മറുപടി പറയുന്നത് വിശുദ്ധ ഖുർആനാണ്. “അല്ലാഹുവിനെയും റസൂലിനെയും അനുസരിച്ചവർ, അവർ അല്ലാഹു അനുഗ്രഹിച്ച നബിമാർ, സത്യവാന്മാർ, രക്തസാക്ഷികൾ, സച്ചരിതർ എന്നിവരുടെ കൂടെയാകും. എത്ര ഉത്കൃഷ്ടരായ കൂട്ടുകാർ! (സൂറ: അന്നിസാഅ് 69) ആ വചനങ്ങൾ സന്തോഷത്തിന്റെ കുളിർതെന്നലായ് സൗബാൻ (റ)ന്റെ ഹൃദയത്തെ തഴുകി. നോക്കൂ…
നമുക്കൊക്കെയും ആ അഭിലാഷമുണ്ട്. തിരുനബി (സ) യോടൊത്തുള്ള പറുദീസക്കാലം.ആ അഭിലാഷം പൂർത്തീകരിക്കുകയെന്നതായിരുന്നല്ലോ തിരുനബിയുടെ ആഗ്രഹവും. റസൂൽ (സ) അറുപത്തിമൂന്ന് വർഷം കൊണ്ട് സമ്പൂർണമായ ജീവിത മാതൃക ലോകത്തിന് സമർപ്പിച്ചു. ആ ജീവിതത്തെ അനുധാവനം ചെയ്യുക എന്നതാണ് നമ്മുടെ ദൗത്യം. ചലനത്തിലും നിശ്ചലതയിലും അവിടുത്തെ പിന്തുടരണം.
തിരുനബി(സ) നമ്മെ കാണുന്നുണ്ട്. സദാ സമയം നമ്മുടെ പ്രവർത്തനങ്ങൾ അവിടുന്ന് കണ്ടുകൊണ്ടിരിക്കുന്നു. സൂറ: തൗബ 105 അക്കാര്യം നമ്മെ പഠിപ്പിക്കുന്നുണ്ട്. നമ്മൾ പിഴക്കുന്നത്, പതറുന്നത്, തെറ്റിലേക്ക് കുതറുന്നത് റസൂലിന് ഹൃദയ വേദനയുണ്ടാകുന്ന കാര്യങ്ങളത്രേ. നമ്മൾ ചെയ്യുന്ന തെറ്റുകൾ സ്വന്തത്തിലുള്ള അതിക്രമം എന്നതിനു പുറമെ തിരുനബി(സ)യോടുള്ള അതിക്രമമാണെന്ന് തന്നെ.
ഹൃദയത്തിൽ സൂക്ഷിക്കുന്ന സ്‌നേഹത്തെ നോവിക്കാൻ നമുക്കാകുമോ കൂട്ടരേ. ഇരുട്ടിലും വെളിച്ചത്തിലും വിജനതയിലും ആൾക്കൂട്ടത്തിലും കതക് തുറന്നാലും അടഞ്ഞാലും തിരുദൂതരെ നോവിക്കരുത്. അപ്പോഴാണല്ലോ നമ്മുടെ വിശ്വാസവും പൂർണമാകുന്നത്. സ്വന്തം ശരീരമടക്കം സർവതിനേക്കാളും ഞാൻ പ്രിയമാകാത്ത കാലത്തോളം നിങ്ങളുടെ ഈമാൻ പൂർത്തിയാവുകയില്ലയെന്നാണ് റസൂൽ(സ) നമുക്ക് തന്ന പാഠം.
സ്വഹാബ നമുക്കു മുന്നിലെ ബൃഹത്തായ മാതൃകയാണ്. തിരുനബിക്ക് നേരിയ തോതിൽ അനിഷ്ടമായ കാര്യം പോലും അവർ ജീവിതത്തിൽ നിന്നും പൂർണമായി ഉപേക്ഷിച്ചു. തിന്മകളുടെ മരുപ്പറമ്പ് നന്മകളുടെ പൂവാടിയായി പരിവർത്തനം ചെയ്യപ്പെടാൻ കാരണം അവരുടെ ഹൃദയത്തിൽ തിരുനബി (സ) ഉണ്ടായതുകൊണ്ടായിരുന്നു. ഹൃദയത്തിൽ നബി (സ) യുണ്ടെന്ന് നമ്മളും പറയാറുണ്ട്. അവിടുത്തോട് ഇഷ്‌ടമാണെന്ന് വാദിക്കാറുണ്ട്. അപ്പോഴും നമ്മൾ തെറ്റുകൾ തുടരുന്നു. നമ്മുടെ വാക്കുകൾ കാപട്യമായി പോകുന്നല്ലോ കൂട്ടരേ.
ചെയ്ത തെറ്റുകൾ ഒരു കണ്ണീര് പോലുമാകാതെ പോകുന്നു. അതേക്കുറിച്ച് വേവലാതികളില്ലാതാകുന്നു. മുത്ത്നബി (സ) യെ വീണ്ടും വീണ്ടും വേദനിപ്പിച്ച് നമ്മൾ ആലസ്യത്തിൽ കിടന്നുറങ്ങുന്നു. കാതിലേക്ക് തുളച്ചുകയറുന്ന ഒരു വചനം സൂറ: ഹദീദ് 17 ചോദിക്കുന്നുണ്ട് : “ദൈവ സ്‌മൃതികളാൽ ഹൃദയം സംഭ്രമിക്കാൻ വിശ്വാസി ജനത്തിന് നേരമായില്ലേ?’ എന്നതാണത്. ഫുളൈൽ ബ്നു ഇയാൾ(റ) മുൻകാല ചെയ്തികളിൽ നിന്ന് മാറി മഹത്തരമായ ജീവിതം ക്രമീകരിച്ച് ഉന്നതരായി മാറിയത് ഈ വചനം കേട്ട് ഭയചകിതനായിട്ടായിരുന്നു.
മുത്തു വെളിച്ചമേ..
ആരംഭ പൂവേ..
പൊന്നു മുസ്‌തഫാ..
എത്രയാണ് ഞങ്ങൾ അങ്ങയെ വേദനിപ്പിച്ചത്. ആ കരങ്ങൾ ഞങ്ങൾക്ക് നേരെ നീട്ടാതിരിക്കല്ലേ, ഞങ്ങളേ ആട്ടിയകറ്റല്ലേ..
ദൻബുനാ മാഹീ
ല യംനഉനാ
മിൻ ദുറൂഇ ദംഇ വൽ അജജി
ഞങ്ങളുടെ കണ്ണീരിനെയും വിതുമ്പലിനെയും
വിസമ്മതിക്കുന്ന തെറ്റു കൂമ്പാരങ്ങളെ
നിർമാർജനം ചെയ്യുന്നവരേ..
അങ്ങാണ് ഞങ്ങളുടെ പ്രതീക്ഷ. അങ്ങ് മാത്രം.
Content Highlights:
The sacred month of Rabiul Awwal serves as a profound reminder to instill the deep love and teachings of Prophet Muhammad within our hearts. Reflecting on the devotion of companions like Sauban (RA), true faith requires following the Prophet’s guidance and refraining from sinful actions.




