Connect with us

Sports

പ്രൈം വോളിബോൾ ലീഗ്: ഉദ്ഘാടന മത്സരം വൈകിട്ട് ഏഴിന്

Published

|

Last Updated

കൊച്ചി | ഇന്ത്യയിൽ വോളിബോളിന്റെ പുത്തൻ ആവേശം റുപേ പ്രൈം വോളിബോൾ ലീഗിന്റെ ആദ്യ സീസണിന് ഇന്ന് തുടക്കം. ഹൈദരാബാദിലെ ഗച്ചിബൗളി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ മത്സരത്തിൽ ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സും കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സും ഏറ്റുമുട്ടും. വൈകിട്ട് ഏഴിനാണ് മത്സരം. ടീം പൂർണ സജ്ജമാണെന്ന് മത്സരത്തിന് മുന്നോടിയായുള്ള വെർച്വൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കവേ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന്റെ വിദേശ താരം കോൾട്ടൺ കോവൽ പറഞ്ഞു.

ദേശീയ ടീം ക്യാപ്റ്റനും മിഡിൽ ബ്ലോക്കറുമായ കാർത്തിക് നയിക്കുന്ന കൊച്ചി വിജയത്തോടെ തുടങ്ങാമെന്നാണ് പ്രതീക്ഷിക്കുന്നത്. അറ്റാക്കറായ കോൾട്ടൺ കോവലിനെ കൂടാതെ കോഡി കാൾഡ്‌വെൽ ആണ് ടീമിലെ വിദേശ സാന്നിധ്യം. പരിചയസമ്പന്നനായ അറ്റാക്കർ അമിത് ഗുലിയ, സെറ്റർ ഹരിഹരൻ തുടങ്ങിയവർ ഹൈദരാബാദ് ടീമിൽ അണിനിരക്കുന്നു. വെനസ്വെലയിൽ നിന്നുള്ള ലൂയിസ് അന്റോണിയോ ഏരിയാസ് ഗുസ്മാൻ (യൂനിവേഴ്‌സൽ), ക്യൂബയിൽ നിന്നുള്ള ഹെൻറി ബെൽ (അറ്റാക്കർ) എന്നീ താരങ്ങളും ടീമിലുണ്ട്.

ടൂർണമെന്റിനായി പൂർണമായും തയ്യാറാണെന്ന് ഹൈദരാബാദ് ക്യാപ്റ്റനും സെറ്ററുമായ വിപുൽ കുമാർ പറഞ്ഞു. മുഖ്യപരിശീലകൻ റൂബൻ വോലോച്ചിനൊപ്പം ഞങ്ങൾ തയ്യാറാക്കിയ എല്ലാ തന്ത്രങ്ങളും പദ്ധതികളും പ്രദർശിപ്പിക്കാൻ ആദ്യ ദിനം തന്നെ ഞങ്ങൾക്ക് അവസരം ലഭിക്കും. ടൂർണമെന്റ്ഇന്ത്യൻ വോളിബോളിന്റെ വളർച്ചക്ക് ഏറെ സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.