Connect with us

Ongoing News

പ്രൈം വോളിബോള്‍ ലീഗ്; കാലിക്കറ്റ് ഹീറോസിന് ആദ്യ ജയം

Published

|

Last Updated

ഹൈദരാബാദ് | പരുക്ക് മാറി യു എസ് താരം ഡേവിഡ് ലീ തിരിച്ചെത്തിയപ്പോള്‍ ഊര്‍ജം വീണ്ടെടുത്ത കാലിക്കറ്റ് ഹീറോസിന് പ്രൈം വോളിബോള്‍ ലീഗില്‍ കന്നി ജയം. ഒന്നിനെതിരെ നാല് സെറ്റുകള്‍ക്ക് ബെംഗളൂരു ടോര്‍പിഡോസിനെയാണ് തകര്‍ത്തുവിട്ടത്. ലീഗില്‍ കേരള ടീമിന്റെ ആദ്യ ജയം കൂടിയാണിത്. സ്‌കോര്‍: 15-12, 15-12, 15-9, 14-15, 15-13. ആദ്യ വിജയത്തോടെ കാലിക്കറ്റ് രണ്ട് പോയിന്റ് നേടി. ഹീറോസ് നായകന്‍ ജെറോം വിനീത് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ഹീറോസ് പരാജയപ്പെട്ടിരുന്നു.

ആദ്യ സെറ്റില്‍ 8-3ന് ലീഡ് നേടിയ ഹീറോസിന് ജെറോം വിനീത് മികച്ച തുടക്കം നല്‍കി. കെയ്ല്‍ ഫ്രണ്ടിന്റെ മികച്ച സ്പൈക്കും ബ്ലോക്കും ബെംഗളൂരുവിന് തുണയായി. അജിത് ലാലിന്റെയും ഡേവിഡ് ലീയുടെയും മികച്ച സ്പൈക്കുകളിലൂടെ മുന്നേറ്റം തുടര്‍ന്ന ഹീറോസ് ആദ്യ സെറ്റ് 15-12ന് സ്വന്തമാക്കി. ലീയുടെയും ജെറോമിന്റെയും സ്പൈക്കിലൂടെ കാലിക്കറ്റ് രണ്ടാം സെറ്റില്‍ 8-6ന് ലീഡെടുത്തു. 10-8ല്‍ നില്‍ക്കെ നിര്‍ണായകമായ സൂപ്പര്‍ പോയിന്റ് ജയിച്ച ബെംഗളൂരു സെറ്റ് 11-11ന് സമനിലയിലാക്കി. തൊട്ടുപിന്നാലെ സൂപ്പര്‍ പോയിന്റ് നേടിയ കാലിക്കറ്റ് 13-11ന് ലീഡ് തിരിച്ചുപിടിച്ചു. 15-12ന് സെറ്റ് അവസാനിപ്പിച്ച് മത്സരത്തില്‍ 2-0ന് ലീഡ് നേടി.

മൂന്നാം സെറ്റില്‍ 8-6ന് ഹീറോസ് മുന്നിലെത്തി. ലീയുടെയും ജെറോമിന്റെയും പ്രകടനത്തിലൂടെ ചെമ്പട കുതിച്ചു. ജെറോമിന്റെ അത്യുഗ്രന്‍ സ്പൈക്കിലൂടെ 15-9ന് ഹീറോസ് മൂന്നാം സെറ്റ് സ്വന്തമാക്കി. നാലാം സെറ്റിലും ആധിപത്യം തുടര്‍ന്ന കാലിക്കറ്റ് 7-4ന് മുന്നിലെത്തി. എന്നാല്‍, തിരിച്ചടിച്ച ബെംഗളൂരു 9-9, 13-12, 14-13 സ്‌കോറിലേക്ക് മുന്നേറി. തിരിച്ചുവന്ന ഹീറോസ് 14-14ന് സമനില പിടിച്ചു. ജെറോമിന്റെ സര്‍വ് നഷ്ടമായതോടെ 15-14ന് ബെംഗളൂരു ആദ്യ സെറ്റ് നേടി. അവസാന സെറ്റില്‍ ഹീറോസ് 8-6ന് മുന്നിലെത്തി. ജെറോമും അജിത് ലാലും തകര്‍പ്പന്‍ സ്മാഷിലൂടെ കാലിക്കറ്റിന്റെ ലീഡ് നിലനിലനിര്‍ത്തി. ഒടുവില്‍ 15-13ന് നാലാം സെറ്റ് സ്വന്തമാക്കിയ ഹീറോസ് 4-1ന്റെ ജയം കുറിച്ചു.