Connect with us

editorial

സൈന്യത്തിലും കാവിവത്കരണം തകൃതി

രാജ്യത്ത് പുതുതായി ആരംഭിച്ച സൈനിക സ്‌കൂളുകളില്‍ 62 ശതമാനവും സംഘ്പരിവാർ‍-ബി ജെ പി ബന്ധമുള്ളവര്‍ക്കും സഖ്യകക്ഷികള്‍ക്കുമാണ് അനുവദിച്ചതെന്നാണ് വിവരാവകാശ നിയമ പ്രകാരം ലഭിച്ച വിവരങ്ങളെ അടിസ്ഥാനമാക്കി റിപോര്‍ട്ടേഴ്‌സ് കലക്ടീവ് തയ്യാറാക്കിയ വാര്‍ത്തയില്‍ പറയുന്നത്.

Published

|

Last Updated

സൈനിക സ്‌കൂളുകളുടെ നടത്തിപ്പില്‍ സ്വകാര്യ മേഖലയെ പങ്കാളികളാക്കാനുള്ള കേന്ദ്ര പദ്ധതി, മിലിട്ടറിയുടെ ഹിന്ദുത്വവത്കരണത്തിന്റെ ഭാഗമാണെന്ന സന്ദേഹത്തിന് ബലമേകുന്നതാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന “ദ റിപോര്‍ട്ടേഴ്‌സ് കലക്ടീവി’ന്റെ റിപോര്‍ട്ട്. ഈ പദ്ധതിക്കു കീഴില്‍ രാജ്യത്ത് പുതുതായി ആരംഭിച്ച സൈനിക സ്‌കൂളുകളില്‍ 62 ശതമാനവും സംഘ്പരിവാര്‍-ബി ജെ പി ബന്ധമുള്ളവര്‍ക്കും സഖ്യകക്ഷികള്‍ക്കുമാണ് അനുവദിച്ചതെന്നാണ് വിവരാവകാശ നിയമ പ്രകാരം ലഭിച്ച വിവരങ്ങളെ അടിസ്ഥാനമാക്കി റിപോര്‍ട്ടേഴ്‌സ് കലക്ടീവ് തയ്യാറാക്കിയ വാര്‍ത്തയില്‍ പറയുന്നത്. 2022 മെയ് – 2023 ഡിസംബര്‍ മാസങ്ങള്‍ക്കിടയില്‍ 40 സൈനിക സ്‌കൂളുകള്‍ക്കാണ് അനുമതി നല്‍കിയത്. ഇതില്‍ 11 സ്‌കൂളുകള്‍ ബി ജെ പി നേതാക്കളുടെ ഉടമസ്ഥതയിലുള്ളതോ അവരുടെ നേതൃത്വത്തിലുള്ള ട്രസ്റ്റിന് കീഴിലുള്ളതോ, ബി ജെ പി സഖ്യകക്ഷികളുമായി ബന്ധമുള്ളതോ ആണ്.

ആര്‍ എസ് എസും ഉപസംഘടനകളും നേതൃത്വം നല്‍കുന്നവയാണ് എട്ടെണ്ണം. മറ്റു ചില ഹിന്ദുത്വ മത സംഘടനകളുമായി ബന്ധമുള്ളവയാണ് ആറെണ്ണം. ആര്‍ എസ് എസിന്റെ വിദ്യാഭ്യാസ വിഭാഗമായ വിദ്യാഭാരതിയുടെ നിയന്ത്രണത്തിലുള്ള അഖില്‍ ഭാരതീയ ശിക്ഷാ സന്‍സ്ഥാന്‍, ആര്‍ എസ് എസിന്റെ സാമൂഹിക സേവന വിഭാഗമായ രാഷ്ട്രീയ സേവാ ഭാരതിയില്‍ അഫിലിയേറ്റ് ചെയ്ത ഭൗസാഹബ് ഭുസ്‌കുതേ സ്മൃതി ലോകന്യാസ,് വിശ്വഹിന്ദു പരിഷത്തിന്റെ വനിതാ വിഭാഗമായ ദുര്‍ഗാവാഹിനി സ്ഥാപിത സ്വാധി ഋതംബര നടത്തുന്ന സ്‌കൂള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു സൈനിക സ്‌കൂള്‍ പദവി ലഭിച്ച സ്ഥാപനങ്ങളില്‍. മുസ്‌ലിം, ക്രിസ്ത്യന്‍ സംഘടനകളുമായോ മറ്റു ന്യൂനപക്ഷ സംഘടനകളുമായോ ബന്ധമുള്ള ആര്‍ക്കും ഒരു സ്‌കൂള്‍ പോലും അനുവദിച്ചിട്ടില്ല.

2021ലെ ബജറ്റിലാണ് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ രാജ്യത്ത് 100 സൈനിക സ്‌കൂളുകള്‍ ആരംഭിക്കുമെന്ന് മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 2021 ഒക്ടോബര്‍ 12ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭ പദ്ധതിക്ക് അംഗീകാരം നല്‍കി. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിനു കീഴിലെ സ്വയംഭരണാധികാര സ്ഥാപനമായ സൈനിക സ്‌കൂള്‍ സൊസൈറ്റി(എസ് എസ് എസ്)ക്കാണ് സൈനിക സ്‌കൂളുകളുടെ ചുമതല.

സൊസൈറ്റി നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ അനുസരിക്കുന്ന സ്ഥാപനങ്ങള്‍ക്ക് സൈനിക സ്‌കൂളായി മാറാനുള്ള അനുമതിക്ക് അപേക്ഷിക്കാം. ഭൂമി, ഭൗതിക സൗകര്യങ്ങള്‍, വിവര സാങ്കേതിക സൗകര്യങ്ങള്‍, സാമ്പത്തിക സ്രോതസ്സ്, ജീവനക്കാര്‍ തുടങ്ങിയവയാണ് സൈനിക സ്‌കൂളായി മാറ്റാനുള്ള യോഗ്യതകള്‍. സേനയിലേക്കുള്ള റിക്രൂട്ട്‌മെന്റുകളെ കൂടുതല്‍ ഫലപ്രദമാക്കാനുള്ള ലക്ഷ്യത്തിലാണ് സൈനിക സ്‌കൂള്‍ മേഖലയിലെ പൊതു-സ്വകാര്യ പങ്കാളിത്തമെന്നാണ് സര്‍ക്കാര്‍ അവകാശവാദമെങ്കിലും ഹിന്ദുത്വര്‍ക്ക് സൈനിക മേഖലയില്‍ ആധിപത്യം നേടാനുള്ള ഗൂഢ പദ്ധതിയാണോ ഇതെന്ന് അന്ന് തന്നെ ചിലര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ആര്‍ എസ് എസ് ബുദ്ധിയില്‍ ഉദിക്കുകയും അവര്‍ രൂപപ്പെടുത്തുകയും ചെയ്ത കാവി-ഫാസിസ്റ്റ് പദ്ധതിയാണ് യഥാര്‍ഥത്തില്‍ ഇത്.

പതിനേഴര വയസ്സുള്ള കുട്ടികളെ നാല് വര്‍ഷത്തേക്ക് സൈനിക സേവനത്തിന്റെ ഭാഗമാക്കുന്ന “അഗ്നിപഥ്’ എന്നൊരു പദ്ധതി പ്രഖ്യാപിക്കുകയുണ്ടായി 2022 ജൂണില്‍ കേന്ദ്ര സര്‍ക്കാര്‍. പാര്‍ലിമെന്റിലോ പാര്‍ലിമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലോ ചര്‍ച്ച ചെയ്യാതെയായിരുന്നു ഈ നീക്കം. സൈന്യത്തെ കൂടുതല്‍ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമാണ് പദ്ധതിയെന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞത്. അഗ്നിപഥില്‍ നിയമനം ലഭിച്ചവരില്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്ന 25 ശതമാനത്തിന് സൈന്യത്തില്‍ സ്ഥിരനിയമനം ലഭിക്കുന്നതാണ് ഈ പദ്ധതി. ആര്‍ എസ് എസിന്റെ ബോണ്‍സാല സ്‌കൂളില്‍ നിന്ന് പരിശീലനം നേടിയവരെ ഇന്ത്യന്‍ സൈന്യത്തില്‍ തിരുകിക്കയറ്റുന്നതിന് നാഗ്പൂരിലെ ആര്‍ എസ് എസ് കേന്ദ്രത്തില്‍ ഉദയം കൊണ്ടതാണ് ഈ പദ്ധതിയെന്ന് വിശ്വസിക്കപ്പെടുന്നു. സൈന്യത്തില്‍ നേരിട്ട് നിയമനം ലഭിക്കാതെ നാല് വര്‍ഷത്തിനു ശേഷം പുറത്താകുന്ന അഗ്നിവീരന്മാര്‍ക്ക് തൊഴില്‍ ഉറപ്പാക്കുമെന്ന ബി ജെ പി നേതാക്കളുടെ പ്രസ്താവന കൂടി ചേര്‍ത്തു വായിച്ചാല്‍ ഈ പദ്ധതിക്ക് ആര്‍ എസ് എസുമായുള്ള ബന്ധം ഊഹിക്കാവുന്നതേയുള്ളൂ.

നരേന്ദ്ര മോദിയുടെ അടുപ്പക്കാരായ കോര്‍പറേറ്റ്-വ്യവസായ സ്ഥാപനങ്ങളില്‍ ഇവര്‍ക്ക് ജോലി നല്‍കാനുള്ള വ്യവസ്ഥയുണ്ടാക്കിയിട്ടുണ്ടെന്നാണ് റിപോര്‍ട്ട്.
ആര്‍ എസ് എസ് സ്ഥാപകനായ ഹെഡ്‌ഗേവാറിന്റെ രാഷ്ട്രീയ ഗുരു ബാലകൃഷ്ണ ശിവറാം മുന്‍ജെ 1933കളില്‍ ഇറ്റാലിയന്‍ ഫാസിസ്റ്റ് ഏകാധിപതി മുസ്സോളിനിയെ സന്ദര്‍ശിച്ചിരുന്നു. മുസ്സോളിനി സ്ഥാപിച്ച അര്‍ധ സൈനിക പരിശീലന സംവിധാനമായ ഫാസിസ്റ്റ് അക്കാദമിയിലും ഫാസിസ്റ്റ് സംഘടനാ സംവിധാനത്തിലും ആകൃഷ്ടനായ മുന്‍ജെ ഇറ്റലിയില്‍ നിന്ന് മടങ്ങിയെത്തിയപ്പോള്‍ ഇന്ത്യയിലും സമാന സംവിധാനങ്ങള്‍ നടപ്പാക്കാന്‍ തീരുമാനിച്ചു. സെന്‍ട്രല്‍ ഹിന്ദു മിലിട്ടറി എജ്യൂക്കേഷന്‍ സൊസൈറ്റിക്ക് കീഴില്‍ നാസിക്കില്‍ ബോണ്‍സാല മിലിട്ടറി സ്‌കൂള്‍ സ്ഥാപിച്ചു കൊണ്ടായിരുന്നു മുന്‍ജെ ഇതിന് തുടക്കം കുറിച്ചത്.

ആര്‍ എസ് എസ് കേഡറുകള്‍ക്കും ഹിന്ദുത്വ ഗുണ്ടകള്‍ക്കും സൈനിക പരിശീലനം നല്‍കുകയായിരുന്നു ലക്ഷ്യം. രാജ്യത്ത് നടന്ന പല വര്‍ഗീയ, ഭീകരാക്രമണങ്ങളിലും ബോണ്‍സാല മിലിട്ടറി സ്‌കൂളില്‍ നിന്നും അവരുടെ സഹോദര സ്ഥാപനങ്ങളില്‍ നിന്നും പരിശീലനം നേടിയ ആര്‍ എസ് എസ് കേഡര്‍മാരും ഗുണ്ടകളും പങ്കുവഹിച്ചിട്ടുണ്ട്. ദുരൂഹമായ രീതിയില്‍ കൊല്ലപ്പെട്ട മഹാരാഷ്ട്ര ആന്റി ടെറര്‍ സ്‌ക്വാഡ് (എ ടി എസ്) തലവന്‍ ഹേമന്ത് കര്‍ക്കരെ ഇക്കാര്യം തുറന്നു പറഞ്ഞിരുന്നു. മതന്യൂനപക്ഷങ്ങളുടെ വംശീയ ഉന്മൂലനം മാത്രമല്ല തങ്ങളുടെ സൈനിക സ്‌കൂള്‍ സ്ഥാപനത്തിലൂടെ ആര്‍ എസ് എസ് ലക്ഷ്യം വെച്ചത്; ഇന്ത്യന്‍ സൈനിക സംവിധാനത്തെ പൂര്‍ണമായും ഹിന്ദുത്വവത്കരിക്കുന്നതിന് സഹായകമായ പദ്ധതി കൂടിയായാണ് ആര്‍ എസ് എസ് ഇതിനെ കണ്ടത്. തങ്ങളുടെ സ്ഥാപനങ്ങളില്‍ പരിശീലനം നേടിയവരെ ഇന്ത്യന്‍ സൈന്യത്തിലെത്തിക്കാനുള്ള പദ്ധതികള്‍ ഒന്നൊന്നായി ആവിഷ്‌കരിച്ചു നടപ്പാക്കി വരികയാണ് അവര്‍.

Latest