Editorial
പി എം ശ്രീ: നിലപാട് മാറ്റം രാഷ്ട്രീയ വഞ്ചന
അധികാരം ലഭിക്കുമ്പോള്‍ നിലപാടുകള്‍ മാറ്റുന്നത് ഭരണതന്ത്രജ്ഞതയല്ല, അവസരവാദമാണ്. സാമ്പത്തിക നേട്ടത്തേക്കാള്‍ വരും തലമുറയുടെ വിദ്യാഭ്യാസ ഗുണനിലവാരവും മതേതരസ്വഭാവവും സംരക്ഷിക്കാനാണ് മതേതര ജനാധിപത്യ സര്‍ക്കാര്‍ താത്പര്യം കാണിക്കേണ്ടത്.
മതേതര കേരളത്തിന്റെ വികാരം അവഗണിച്ചും പ്രതിപക്ഷത്തിരുന്നപ്പോള്‍ ഉയര്‍ത്തിയ എതിര്‍പ്പുകളെ അപ്പാടെ വിഴുങ്ങിയും കേന്ദ്രത്തിന്റെ വര്‍ഗീയ അജന്‍ഡയായ പി എം ശ്രീ പദ്ധതിയുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചിരിക്കുകയാണ് കേരളത്തിലെ യു ഡി എഫ് സര്‍ക്കാര്‍. വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം പദ്ധതിയില്‍ നിന്ന് പിന്മാറില്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. കേന്ദ്രത്തില്‍ നിന്ന് സര്‍ക്കാറിനു ലഭിക്കേണ്ട ഫണ്ട് വേണ്ടെന്നു വെക്കാനാകില്ലെന്നാണ് ന്യായീകരണം. സാമ്പത്തിക നേട്ടവും സാങ്കേതിക കുരുക്കുകളും ചൂണ്ടിക്കാട്ടി കേന്ദ്രത്തിന്റെ മതേതരവിരുദ്ധ രാഷ്ട്രീയ നിലപാടുകള്‍ക്ക് മുന്നില്‍ അടിയറവ് പറയുന്നത് യു ഡി എഫിനെ ഭരണത്തിലേറ്റിയ വോട്ടര്‍മാരോടും ഘടക കക്ഷികളോടും ചെയ്യുന്ന വഞ്ചനയാണ്. അതേസമയം, യു ഡി എഫ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും ഉപസമിതി ശിപാർശ വന്ന ശേഷം തുടർനടപടിയെന്നുമാണ് ലീഗ്, കോൺഗ്രസ്സ് നേതാക്കൾ ഇപ്പോൾ വിശദീകരിക്കുന്നത്. പദ്ധതി നടപ്പാക്കുന്നതിന് ഘടകകക്ഷിയായ മുസ്‌ലിം ലീഗിന് യോജിപ്പില്ലെന്നാണ് വിവരം.
നേരത്തേ പിണറായി സര്‍ക്കാര്‍ പദ്ധതി സംബന്ധിച്ച ധാരണാ പത്രത്തില്‍ ഒപ്പുവെച്ചതിനാല്‍ ഇനി പിന്മാറാന്‍ സാധ്യമല്ലെന്നും തുടരാന്‍ നിര്‍ബന്ധിതമാണെന്നുമാണ് സര്‍ക്കാറിന്റെ മറ്റൊരു വാദം. ഇത് ബാലിശമാണെന്ന് രാജ്യസഭയില്‍ അബ്ദുല്‍ വഹാബ് എം പി ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര സഹമന്ത്രി ജയന്ത് ചൗധരി നല്‍കിയ മറുപടി വ്യക്തമാക്കുന്നു. പദ്ധതിയില്‍ നിന്ന് പിന്മാറിയാല്‍ സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ എന്തെല്ലാം എന്ന ചോദ്യത്തിന്, പി എം ശ്രീയുടെ ഭാഗമായുള്ള സാമ്പത്തിക സഹായം നഷ്ടമാകും, അതിലപ്പുറം പ്രത്യാഘാതങ്ങളൊന്നുമില്ലെന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ മറുപടി. പദ്ധതിക്ക് അനുവദിക്കുന്ന ഫണ്ട് വേണ്ടെന്നു വെച്ചാല്‍ പദ്ധതിയില്‍ നിന്ന് പിന്മാറുന്നതിന് വിരോധമില്ലെന്ന് ഇതില്‍ നിന്ന് വ്യക്തം. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് 2025 ഒക്ടോബറിലാണ് പി എം ശ്രീ ധാരണാപത്രത്തില്‍ കേരളം ഒപ്പുവെച്ചത്. ഇതിനെതിരെ പ്രതിപക്ഷത്ത് നിന്നും എല്‍ ഡി എഫിനകത്തു നിന്നു തന്നെയും കടുത്ത പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് മുന്‍ സര്‍ക്കാര്‍ പദ്ധതി മരവിപ്പിച്ചതായിരുന്നു. ഇതുകൊണ്ടാണ് കേരളം പിന്നീട് സ്‌കൂളുകളുടെ ലിസ്റ്റ് കേന്ദ്രത്തിന് സമര്‍പ്പിക്കാതിരുന്നത്.
പാഠ്യപദ്ധതിയും സിലബസും സംസ്ഥാനത്തിന്റെ നിയന്ത്രണത്തില്‍ തുടരുമെന്ന ഉപാധിയോടെയായിരിക്കും പദ്ധതി നടപ്പാക്കുകയെന്നാണ് സര്‍ക്കാറിന്റെ മറ്റൊരു വാദം. ഇതും അസംബന്ധമാണ്. കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് നേരിട്ട് മേല്‍നോട്ടം വഹിക്കുന്ന പദ്ധതിയാണ് പി എം ശ്രീ. കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശങ്ങളും ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കാഴ്ചപ്പാടുകളും പൂര്‍ണമായി നടപ്പാക്കുന്ന സ്‌കൂളുകള്‍ക്ക് മാത്രമാണ് ഇതിന്റെ ഫണ്ടുകള്‍ ലഭിക്കുന്നത്. പദ്ധതിക്ക് ഏതെല്ലാം സ്‌കൂളുകള്‍ തിരഞ്ഞെടുക്കണം, അവിടെ എന്തെല്ലാം അടിസ്ഥാന സൗകര്യങ്ങളും പഠന രീതികളുമാണ് വേണ്ടത് എന്നതിലെല്ലാം അവസാന വാക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റേതാണ്. സംസ്ഥാനം അയച്ചു കൊടുക്കുന്ന ലിസ്റ്റില്‍ നിന്ന് കേന്ദ്രം പരിശോധിച്ച് തൃപ്തിപ്പെട്ട സ്‌കൂളുകളെ മാത്രമേ അംഗീകരിക്കുകയുള്ളൂ. പാഠ്യപദ്ധതി ഞങ്ങള്‍ തീരുമാനിക്കുമെന്ന സംസ്ഥാന സര്‍ക്കാറിന്റെ വാദം യാഥാര്‍ഥ്യങ്ങള്‍ക്ക് നിരക്കുന്നതല്ല. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ നയങ്ങളില്‍ കേന്ദ്ര ഇടപെടല്‍ വര്‍ധിക്കാനിടയാക്കുന്നതാണ് പദ്ധതി.
പി എം ശ്രീയുമായി മുന്നോട്ടു പോകാനുള്ള തീരുമാനം ഭരണമുന്നണിയായ യു ഡി എഫില്‍ തന്നെയും എതിര്‍പ്പ് ഉയര്‍ത്തിയിട്ടുണ്ട്. വിശേഷിച്ച് രണ്ടാം കക്ഷിയായ മുസ്‌ലിം ലീഗ് വലിയൊരു രാഷ്ട്രീയ പ്രതിസന്ധിയാണ് ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയത്തിനും പി എം ശ്രീക്കുമെതിരെ കടുത്ത എതിര്‍പ്പാണ് നേരത്തേ ലീഗ് ഉയര്‍ത്തിയിരുന്നത്. ഇത്തരം പദ്ധതികളിലൂടെ വിദ്യാഭ്യാസ രംഗത്തെ കേന്ദ്രീകരണത്തിനും മോദി സര്‍ക്കാറിന്റെ ആശയപരമായ ഇടപെടലിനുമുള്ള സാധ്യതയെക്കുറിച്ച് തുടര്‍ച്ചയായി മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു ലീഗ്. ഇപ്പോള്‍ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന പാര്‍ട്ടിയെന്ന നിലയില്‍ പദ്ധതി നടപ്പാക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നു പാര്‍ട്ടി. ഇത് ലീഗണികളിലും മുസ്‌ലിം സംഘടനകളിലും അസ്വസ്ഥത സൃഷ്ടിക്കുക സ്വഭാവികം. കേന്ദ്രത്തിന്റെ രാഷ്ട്രീയ അജന്‍ഡക്ക് വഴങ്ങുന്ന ഒരു സര്‍ക്കാറിന്റെ ഭാഗമായി തുടരുന്നത് അണികള്‍ക്കിടയില്‍ വിശ്വാസ്യത തകരാന്‍ ഇടയാക്കുമെന്ന ഭീതിയിലാണ് ലീഗ് നേതൃത്വം.
കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗം രാജ്യത്തിന് മാതൃകയായത് കേവലം അടിസ്ഥാന സൗകര്യങ്ങളുടെയോ സാക്ഷരതാ നിരക്കിന്റെയോ മാത്രം മികവു കൊണ്ടല്ല, മതേതര കാഴ്ചപ്പാടുകളുടെയും സാമൂഹിക യാഥാര്‍ഥ്യങ്ങളുടെയും അടിസ്ഥാനത്തില്‍ പടുത്തുയര്‍ത്തിയ ശക്തമായ ഒരു സാമൂഹിക അടിത്തറ കൊണ്ട് കൂടിയാണ്. സാമൂഹിക പരിഷ്‌കര്‍ത്താക്കളും നവോത്ഥാന പ്രസ്ഥാനങ്ങളും മുന്നോട്ടുവെച്ച മതേതര ജനാധിപത്യ മൂല്യങ്ങളില്‍ അധിഷ്ഠിതമായാണ് കേരളത്തിലെ സിലബസും ബോധന രീതികളും രൂപപ്പെട്ടത്. ഹിന്ദുത്വ നയങ്ങളില്‍ ഊന്നിയുള്ള, ചരിത്രത്തെയും ശാസ്ത്രത്തെയും സ്വന്തം രാഷ്ട്രീയ അജന്‍ഡകള്‍ക്കനുസൃതമായി മാറ്റിയെഴുതുന്ന കേന്ദ്രത്തിന്റെ വിദ്യാഭ്യാസ നയങ്ങളും പദ്ധതികളും സംസ്ഥാനത്തേക്ക് കടന്നുവരുമ്പോള്‍ സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മേഖലയെ മാത്രമല്ല, ഇവിടുത്തെ സൗഹൃദപരവും ഐക്യപൂര്‍ണവുമായ സാമൂഹികാന്തരീക്ഷത്തെയും അത് കലുഷിതമാക്കും. വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങള്‍ കേവലം ക്ലാസ്സ് മുറികളില്‍ ഒതുങ്ങി നില്‍ക്കുന്നതല്ല, സമൂഹത്തിന്റെ പൊതുബോധത്തിലും പ്രതിഫലനങ്ങള്‍ സൃഷ്ടിക്കും.
അധികാരം ലഭിക്കുമ്പോള്‍ നിലപാടുകള്‍ മാറ്റുന്നത് ഭരണതന്ത്രജ്ഞതയല്ല, അവസരവാദമാണ്. സാമ്പത്തിക നേട്ടത്തേക്കാള്‍ വരും തലമുറയുടെ വിദ്യാഭ്യാസ ഗുണനിലവാരവും മതേതരസ്വഭാവവും സംരക്ഷിക്കാനാണ് മതേതര സര്‍ക്കാര്‍ താത്പര്യം കാണിക്കേണ്ടത്.
Content Highlights:
Kerala UDF government faces criticism for proceeding with the PM SHRI scheme despite secular concerns and opposition from ally IUML. The government cites central funds, but critics argue it compromises state educational autonomy and secular values to central directives.



