Connect with us

narendramodi visit

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: ഇരു മുന്നണികളേയും ഉലയ്ക്കുമെന്ന ബി ജെ പി കണക്കുകൂട്ടല്‍ ഫലം കണ്ടില്ല

കേരള കോണ്‍ഗ്രസിലെ കൊഴിഞ്ഞുപോക്കുമാത്രം മെച്ചം

Published

|

Last Updated

കോഴിക്കോട് |    പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനത്തോടെ ബി ജെ പിക്ക് അനുകൂലമായ രാഷ്ട്രീയ ധ്രുവീകരണം സൃഷ്ടിക്കപ്പെടുമെന്ന സംസ്ഥാന ബി ജെ പി കേന്ദ്രങ്ങളുടെ പ്രതീക്ഷ അസ്ഥാനത്തായി.

പ്രധാനമന്ത്രിയുടെ വരവോടെ ഇരുമുന്നണികളും ഉലയുമെന്ന ബി ജെ പി കേന്ദ്രങ്ങളുടെ അവകാശവാദം ഫലം കണ്ടില്ല.

ക്രൈസ്തവ സമൂഹത്തെ മുന്‍ നിര്‍ത്തിയുള്ള ചില നീക്കങ്ങളില്‍ അനുകൂലമായ ചലനമുണ്ടായി എന്നതു മാത്രമാണു നേട്ടം.
വിവിധ സഭാ മേധാവികളുടെ ബി ജെ പി അനുകൂല പ്രസ്താവനകളോടെയാണ് അന്തരീക്ഷം ഒരുക്കാന്‍ ബി ജെ പി ശ്രമിച്ചത്. റബ്ബന്‍ വിലയെ അടിസ്ഥാനമാക്കി തുടങ്ങിയ ചര്‍ച്ച കേരള നേതാക്കളുടെ ഈസ്റ്റര്‍ സന്ദര്‍ശനങ്ങളും മലയാറ്റൂര്‍ മലകയറ്റവുമെല്ലാമായി വളര്‍ന്നു.
പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചക്ക് എട്ടു മേലധ്യക്ഷന്‍മാരെ ക്ഷണിച്ചതിന്റെ പശ്ചാത്തലം കൊഴുപ്പിക്കാന്‍ വേണ്ടിയായിരുന്നു പാര്‍ട്ടി ഇത്തരം നീക്കങ്ങള്‍ നടത്തിയത്.

വിവിധ കേരളാ കോണ്‍ഗ്രസ്സിലുള്ള അസംതൃപ്തരായ നേതാക്കളെ ഉപോയിഗിച്ചുള്ള നീക്കങ്ങള്‍ക്കും ബി ജെ പി പദ്ധതി തയ്യാറാക്കിയിരുന്നു. ക്രൈസ്തവ വിഭാഗത്തില്‍ ആര്‍ എസ് എസ് നിലപാടുകള്‍ക്ക് അനുകൂലമായി രൂപപ്പെട്ടുവന്ന ചില ശക്തികളെ ഇതിനായി ഉപയോഗിക്കാനും ബി ജെ പി കരുക്കള്‍ നീക്കി.

പ്രമുഖ കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകന്‍ കോണ്‍ഗ്രസിനെ പുച്ഛിച്ചുതള്ളി ബി ജെ പിയില്‍ എത്തിയത് വലിയൊരു ഒഴുക്കിന്റെ തുടര്‍ച്ചയാണെന്നു ബി ജെ പി പ്രവചിച്ചെങ്കിലും കോണ്‍ഗ്രസ്സില്‍ അതിനനുകൂലമായ ഒരു ചലനവും ഉണ്ടായില്ല.

യു ഡി എഫ് ഉന്നതാധികാര സമിതി അംഗമായിരുന്നു ജോണി നെല്ലൂര്‍, യു ഡി എഫ് പത്തനം തിട്ട ജില്ലാ ചെയര്‍മാനായിരുന്ന വിക്ടര്‍ ടി തോമസ് തുടങ്ങി കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിപെട്ട ഏതാനും പേരെ അടര്‍ത്താന്‍ കഴിഞ്ഞെങ്കിലും അതൊന്നും യു ഡി എഫിന് വലിയ ആഘാതമേല്‍പ്പിക്കാന്‍ കഴിയുന്ന കൊഴിഞ്ഞുപോക്കായിരുന്നില്ല.

പ്രധാനമന്ത്രി എത്തുന്നതിനു മുമ്പു കേരളത്തില്‍ ഇരുമുന്നണികളില്‍ നിന്നും നിരവധി പ്രമുഖര്‍ ബി ജെ പിയില്‍ എത്തുമെന്നു പ്രചാരണമുണ്ടായി. ബി ജെ പിയില്‍ എത്തുന്ന കേരളത്തിലെ പ്രമുഖരുടെ പട്ടിക തയ്യാറാക്കിയെന്നു സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രഖ്യാപിച്ചെങ്കിലും, പ്രഖ്യാപനം ഭാഗ്യാന്വേഷികളായ ഏതാനും കേരളാ കോണ്‍ഗ്രസ്സുകാരില്‍ ഒതുങ്ങി.

സംസ്ഥാനത്ത് ബി ജെ പിയുടെ പിന്തുണയോടെ ക്രൈസ്തവ മുഖച്ഛായയുള്ള പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു എന്നതുമാത്രമാണു നേട്ടം. വളരും തോറും പിളരുന്ന കേരളാ കോണ്‍ഗ്രസ് സംസ്‌കാരമാണ് പുതിയ പാര്‍ട്ടിയുടെ മുഖച്ഛായ എന്നതിനാല്‍ അവര്‍ പ്രഖ്യാപിച്ച സെക്യുലര്‍ സമൂഹത്തെ ആകര്‍ഷിക്കാന്‍ കഴിയില്ലെന്നു പിറവിയില്‍ തന്നെ വ്യക്തമായി.
ത്രിപരയില്‍ തിപ്രമോത ചെയ്തപോലെ മതേതര വോട്ടുകള്‍ ഭിന്നിപ്പിച്ച് ബി ജെ പിക്കു കാലുകുത്താന്‍ ഇടം സൃഷ്ടിക്കാന്‍ പുതിയ പാര്‍ട്ടിക്കു കഴിയുമോ എന്നതുമാത്രമാണു കണ്ടറിയാനുള്ളത്.

ലോകസഭാ തിരഞ്ഞെടുപ്പു ലക്ഷ്യമിട്ടുതന്നെയാണ് കേരളത്തില്‍ പ്രധാനമന്ത്രിയുടെ റോഡ് ഷോയും യുവം പരിപാടിയും സംഘടിപ്പിക്കുന്നത്. എ കെ ആന്റണിയുടെ മകനെ യുവം പരിപാടിയില്‍ പ്രധാനമന്ത്രിക്കൊപ്പം ഇരുത്തിയാല്‍ കേരളീയ യുവ സമൂഹത്തില്‍ അത് എന്തെങ്കിലും പ്രതികരണം ഉണ്ടാക്കുമെന്ന് ബി ജെ പി പോലും കരുതുന്നില്ല.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കേരളത്തില്‍ വികസനക്കുതിപ്പുണ്ടാക്കുമെന്ന പ്രഖ്യാപനവും ബി ജെ നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനു മുമ്പു വന്ദേഭാരത് എക്‌സ്പ്രസ് എത്തിയതു വലിയ രാഷ്ട്രീയ നേട്ടമായി ഉയര്‍ത്തിക്കാട്ടാന്‍ ബി ജെ പി ശ്രമം നടത്തി. സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്ന കെ-റെയില്‍ പദ്ധതിക്കെതിരെ ശക്തമായ നിലപാടാണു സംസ്ഥാന ബി ജെ പിക്കുള്ളത്. എന്നാല്‍ കരുതിയ പോലുള്ള വേഗത്തില്‍ കേരളത്തിലെ ട്രാക്കില്‍ വന്ദേഭാരതിന് ഓടാന്‍ കഴിയില്ലെന്നു വെളിപ്പെട്ടതോടെ, കെ-റെയിലിനു വേണ്ടി നിലകൊള്ളുന്ന സര്‍ക്കാര്‍ വാദത്തിന് കരുത്തേറുകയും ചെയ്തു. സില്‍വര്‍ ലൈന്‍ ചര്‍ച്ചകള്‍ അവസാനിച്ചിട്ടില്ലെന്നു കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് പ്രഖ്യാപിച്ചതും കേരളത്തിലെ ബി ജെ പി നിലപാടുകള്‍ക്കു തിരിച്ചടിയായി.

പ്രധാനമന്ത്രി പങ്കെടുക്കുന്ന യുവം പരിപാടി യുവാക്കള്‍ക്കിടയില്‍ വലിയ ചലനം സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് ബി ജെ പി. കേരളത്തില്‍ വികസന മുരടിപ്പാണെന്ന പ്രതിച്ഛായ സൃഷ്ടിക്കാനാണ് യുവം പരിപാടി ലക്ഷ്യമിടുന്നത്.
യുവം പരിപാടിക്കു മുന്നോടിയായി പ്രധാനമന്ത്രിയോടു നൂറു ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടുള്ള ഡി വൈ എഫ് ഐ പരിപാടി കേരളത്തിന്റെ രാഷ്ട്രീയ പ്രതിരോധമായി.

 

 

 

---- facebook comment plugin here -----

Latest