Connect with us

Editorial

തെലങ്കാനയിലെ ഫോണ്‍ ചോര്‍ത്തല്‍ വിവാദം

ഭരണകൂടം രാഷ്ട്രീയ എതിരാളികളെയും ജനങ്ങളെയും രഹസ്യമായി നിരീക്ഷിക്കുന്ന സ്ഥിതിവിശേഷം വന്നാല്‍ ജനങ്ങളുടെ സ്വതന്ത്രമായ ആശയവിനിമയവും അഭിപ്രായപ്രകടനങ്ങളും ഇല്ലാതാകും. സ്വതന്ത്ര ചിന്തയും പൗരന്മാരുടെ സ്വകാര്യതയും നഷ്ടപ്പെടും.

Published

|

Last Updated

ഭരണഘടന ഉറപ്പ് നല്‍കിയ സ്വകാര്യതയുടെ സംരക്ഷണം രാജ്യത്തെ പൗരന്മാര്‍ക്ക് നഷ്ടമായിരിക്കുന്നു. അധികാര കേന്ദ്രങ്ങളുടെയും വിവിധ ഏജന്‍സികളുടെയും ഫോണ്‍ ചോര്‍ത്തല്‍ വാര്‍ത്തകളാണ് നിരന്തരം പുറത്തു വന്നുകൊണ്ടിരിക്കുന്നത്. തെലങ്കാനയില്‍ ബി ആര്‍ എസ് (ഭാരത് രാഷ്ട്ര സമിതി) സര്‍ക്കാറിന്റെ കാലത്ത് ഒരു ലക്ഷത്തിലേറെ ഫോണ്‍കോളുകള്‍ ചോര്‍ത്തിയെന്നാണ് ഇതുസംബന്ധിച്ച് പുറത്തുവന്ന അന്വേഷണ റിപോര്‍ട്ടില്‍ പറയുന്നത്. നിലവിലെ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഉള്‍പ്പെടെ വിവിധ രാഷ്ട്രീയ നേതാക്കളെയും വ്യവസായികളെയും സിനിമാ താരങ്ങളെയും ബി ആര്‍ എസ് സര്‍ക്കാര്‍ ഫോണ്‍ ചോര്‍ത്തല്‍ ഉള്‍പ്പെടെയുള്ള മാര്‍ഗേണ രഹസ്യമായി നിരീക്ഷിച്ചെന്നും ഇലക്ട്രോണിക് ഡാറ്റകള്‍ ഉപയോഗിച്ച് പലരെയും ഭീഷണിപ്പെടുത്തിയെന്നുമാണ് പോലീസ് കണ്ടെത്തല്‍. കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ആര്‍ എസിനെ പുറത്താക്കി കോണ്‍ഗ്രസ്സ് അധികാരത്തില്‍ വരുമെന്ന് ബോധ്യമായതോടെ ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട രേഖകളെല്ലാം നശിപ്പിക്കുകയും ചെയ്തു. ബ്ലാക്ക്‌മെയ്‌ലിംഗിലൂടെ ബി ആര്‍ എസിന്റെ ഫണ്ടിലേക്ക് പണം ശേഖരിക്കാനായിരുന്നുവത്രെ വ്യവസായികളുടെയും സിനിമാ താരങ്ങളുടെയും ഫോണുകള്‍ ചോര്‍ത്തിയത്.

തെലങ്കാന മുന്‍ ഇന്റലിജന്‍സ് ബ്യൂറോ (ഐ ബി) മേധാവി ടി പ്രഭാകര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് അനധികൃത ഫോണ്‍ ചോര്‍ത്തലിന് പിന്നിലെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ടി വി ചാനല്‍ ഉടമയായ ശ്രാവണ്‍ റാവുവാണ് ഇസ്‌റാഈലില്‍ നിന്ന് അത്യന്താധുനിക ഉപകരണം ഇറക്കുമതി ചെയ്ത് ഇതിനുള്ള സാങ്കേതിക സഹായം നല്‍കിയത്. ചോര്‍ത്തല്‍ വിവരം പുറത്തായതോടെ ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് കടന്ന പ്രഭാകര്‍ റാവുവിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ് തെലങ്കാന പോലീസ്. ചില പ്രമുഖ പോലീസ് ഉദ്യോഗസ്ഥര്‍ സംഭവവുമായി ബന്ധപ്പെട്ട് നേരത്തേ അഴിക്കുള്ളിലായിട്ടുണ്ട്.
മുമ്പും ഉയര്‍ന്നിട്ടുണ്ട് രാജ്യത്ത് ഫോണ്‍ ചോര്‍ത്തല്‍ വിവാദങ്ങള്‍. രാമകൃഷ്ണ ഹെഗ്‌ഡെ മുഖ്യമന്ത്രിയായിരിക്കെ 1998ല്‍ കര്‍ണാടകയില്‍ നടന്ന ഫോണ്‍ ചോര്‍ത്തല്‍, പ്രൊഫഷനല്‍ ലോബിയിസ്റ്റും മുന്‍ ടെലികോം മന്ത്രി എ രാജയുടെ സുഹൃത്തുമായിരുന്ന നീരാ റാഡിയയുടെ ഫോണ്‍ 2008-2009ല്‍ ആദായ നികുതി വകുപ്പ് ചോര്‍ത്തിയ സംഭവം, കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ദേശീയ ഓഹരി മേധാവിയായിരുന്ന രാമകൃഷ്ണന്‍ 2009-2017 കാലയളവില്‍ സ്റ്റോക് എക്‌സ്‌ചേഞ്ച് ജീവനക്കാരുടെ ഫോണുകള്‍ ചോര്‍ത്തിയത്, പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ തുടങ്ങിയവ ദേശീയ തലത്തില്‍ വിവാദം സൃഷ്ടിച്ച സംഭവങ്ങളാണ്. 2017ല്‍ ഗതാഗത മന്ത്രിയായിരിക്കെ എ കെ ശശീന്ദ്രന്റെ രാജിയിലേക്ക് നയിച്ച ഫോണ്‍ ചോര്‍ത്തല്‍ ഉള്‍പ്പെടെ കേരളത്തിലും ഉയര്‍ന്നിട്ടുണ്ട് വിവാദങ്ങള്‍. റേറ്റിംഗ് കൂട്ടാന്‍ ഒരു ചാനലാണ് എ കെ ശശീന്ദ്രന്റെ ഫോണ്‍ ചോര്‍ത്തി പ്രേക്ഷകരിലെത്തിച്ചത്.

ദേശീയ സുരക്ഷയെയോ പൊതുജന സുരക്ഷയെയോ മുന്‍നിര്‍ത്തി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍, സംസ്ഥാന പോലീസ്, നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് തുടങ്ങി പത്ത് ഔദ്യോഗിക ഏജന്‍സികള്‍ക്ക് വ്യവസ്ഥകളോടെ വ്യക്തികളുടെയും സംഘടനകളുടെയും സ്ഥാപനങ്ങളുടെയും ഫോണ്‍ ചോര്‍ത്താന്‍ ഇന്ത്യന്‍ ടെലഗ്രാഫ് നിയമം അനുമതി നല്‍കുന്നുണ്ട്. ഇതുപക്ഷേ കേന്ദ്രവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആഭ്യന്തര മന്ത്രാലയ സെക്രട്ടറിയുടെയും സംസ്ഥാനങ്ങളുടെ കാര്യത്തില്‍ ആഭ്യന്തര വകുപ്പ് സെക്രട്ടറിയുടെയും അനുമതിയോടെയായിരിക്കണം. ഇതിലപ്പുറം രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായോ വ്യക്തിപരമായ താത്പര്യങ്ങള്‍ വെച്ചോ ഫോണ്‍ ചോര്‍ത്തുന്നത് നിയമവിധേയമല്ലാത്തതും ക്രിമിനല്‍ കുറ്റവുമാണ്. അഴിമതിക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പോലും ഉദ്യോഗസ്ഥര്‍ക്ക് ഫോണ്‍ ചോര്‍ത്താന്‍ അനുമതിയില്ല. 2019ല്‍ മഹാരാഷ്ട്രയില്‍ ഒരു വ്യാപാരിക്കെതിരെ ഉയര്‍ന്ന അഴിമതിയാരോപണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് സി ബി ഐക്ക് ഫോണ്‍ ചോര്‍ത്താന്‍ കേന്ദ്ര ആഭ്യന്തര വകുപ്പ് അനുമതി നല്‍കിയപ്പോള്‍, ബോംബെ ഹൈക്കോടതി അതിനെ രൂക്ഷമായി വിമര്‍ശിക്കുകയും ആഭ്യന്തര വകുപ്പിന്റെ ഉത്തരവുകള്‍ റദ്ദാക്കുകയുമുണ്ടായി.

ഭരണകൂടം രാഷ്ട്രീയ എതിരാളികളെയും ജനങ്ങളെയും രഹസ്യമായി നിരീക്ഷിക്കുന്ന സ്ഥിതിവിശേഷം വന്നാല്‍ ജനങ്ങളുടെ സ്വതന്ത്രമായ ആശയവിനിമയവും അഭിപ്രായപ്രകടനങ്ങളും ഇല്ലാതാകും. സ്വതന്ത്ര ചിന്തയും പൗരന്മാരുടെ സ്വകാര്യതയും നഷ്ടപ്പെടും. ഭരണഘടനയുടെ 22ാം വകുപ്പ് നല്‍കുന്ന ജീവിത സ്വാതന്ത്ര്യത്തിന്റെ ലംഘനവും വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റവുമെന്നാണ് രാഷ്ട്രീയക്കാരുടെ ഫോണ്‍ സംഭാഷണം സി ബി ഐ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട ഒരു കേസില്‍ സുപ്രീം കോടതി പ്രസ്താവിച്ചത്. സ്വകാര്യതക്കുള്ള അവകാശം മൗലികാവകാശമാണെന്ന് ജസ്റ്റിസ് കെ എസ് പുട്ടസ്വാമി-കേന്ദ്ര സര്‍ക്കാര്‍ കേസിലെ വിധിപ്രസ്താവത്തില്‍ (2017) സുപ്രീം കോടതി ഒമ്പതംഗ ഭരണഘടനാ ബഞ്ച് അടിയവരയിട്ട് പറയുകയും ചെയ്യുന്നു. എങ്കിലും നിയമങ്ങളെ കാറ്റില്‍ പറത്തിയും കോടതി ഉത്തരവുകളെ അവഗണിച്ചും വ്യാപകമായി നടക്കുന്നുണ്ട്് രാജ്യത്ത് ഫോണ്‍ ചോര്‍ത്തല്‍. ഫോണ്‍ സംഭാഷണം മാത്രമല്ല, കോള്‍ ഡീറ്റെയില്‍സും അഡ്രസ്സ് ഡീറ്റെയില്‍സുമെല്ലാം ചോര്‍ത്തപ്പെടുന്നു.
പേഴ്‌സനല്‍ കമ്പ്യൂട്ടറുകള്‍ക്ക് സമാനമാണ് ഇന്ന് വ്യക്തികള്‍ ഉപയോഗിക്കുന്ന സ്മാര്‍ട്ട് ഫോണുകളെന്നിരിക്കെ, ഫോണ്‍ ചോര്‍ത്തലുകളെ അതീവ ഗുരുതരമായി കാണണം. പ്രതിരോധത്തിന് മതിയായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും കുറ്റവാളികള്‍ക്കെതിരെ കര്‍ക്കശ നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ട്. എ ടി എം മെഷീനില്‍ നിന്ന് പണം പിന്‍വലിക്കുമ്പോള്‍ എടുത്ത തുകയും ബാലന്‍സെത്രയെന്നും എ ടി എം മെഷീന്‍ ഡീറ്റെയില്‍സുമെല്ലാം മെസ്സേജായി ഉപഭോക്താവിന്റെ ഫോണില്‍ വരുന്നുണ്ട്. സമാനമായ ഒരു സംവിധാനം ഫോണ്‍ ഉപഭോക്താക്കളുടെ കാര്യത്തിലും കൊണ്ടുവരുന്നതിനെക്കുറിച്ച് ബന്ധപ്പെട്ടവര്‍ ചിന്തിക്കേണ്ടതാണ്.

---- facebook comment plugin here -----

Latest