Connect with us

From the print

ജനപ്രതിനിധികളും പ്രത്യേക പരിരക്ഷയും

സഭകളിലെ ചർച്ചകളിൽ സ്വതന്ത്രമായും നിർഭയമായും പങ്കെടുക്കുന്നതിനും തടസ്സങ്ങളില്ലാതെ ചുമതലകൾ നിർവഹിക്കുന്നതിനുമാണ് സാമാജികർക്ക് 105, 194 അനുഛേദങ്ങൾ പ്രകാരമുള്ള പ്രത്യേക അവകാശം. വോട്ടിന് കോഴ വാങ്ങുന്നതും സഭകളിൽ പോർവിളി, കൈയാങ്കളികൾ നടത്തുന്നതും അതിൽ പെടില്ല.

Published

|

Last Updated

ഇലക്ടറൽ ബോണ്ട്, ചണ്ഡീഗഢ് മേയർ തിരഞ്ഞെടുപ്പിലെ വരണാധികാരിയുടെ അട്ടിമറി എന്നീ കേസുകൾക്ക് ശേഷം ജനാധിപത്യത്തിന്റെ അന്തസ്സത്തയെ മുറുകെ പിടിക്കുന്ന മറ്റൊരു വിധിപ്രസ്താവം കൂടി വന്നിരിക്കുന്നു സുപ്രീം കോടതിയിൽ നിന്ന്. വോട്ടിനും പ്രസംഗത്തിനും കോഴ കൈപ്പറ്റുന്ന എം പിമാർക്കും എം എൽ എമാർക്കും നിയമത്തിന്റെ പരിരക്ഷ ലഭിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴംഗ ഭരണഘടനാ ബഞ്ച് ഏകകണ്ഠമായി വിധി പ്രസ്താവിച്ചിരിക്കുന്നു. ഇക്കാര്യത്തിൽ പാർലിമെന്റ്, നിയമസഭാ സാമാജികർക്ക് പ്രത്യേക പരിരക്ഷ നൽകുന്നതും വിചാരണാ നടപടികളിൽ നിന്ന് ഒഴിവാക്കുന്നതും തെറ്റായ സന്ദേശത്തിനിട വരുത്തുമെന്നും കോടതി വിലയിരുത്തി.

വോട്ടിന് കൈക്കൂലി വാങ്ങിയ ജെ എം എം കേസിൽ സാമാജികർക്ക് നിയമപരിരക്ഷ നൽകിക്കൊണ്ടുള്ള 1998ലെ അഞ്ചംഗ സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ വിധി പ്രസ്താവം ഏഴംഗ ഭരണഘടനാ ബഞ്ച് റദ്ദാക്കുകയും ചെയ്തു. ഭരണഘടനയുടെ 105, 194 അനുഛേദങ്ങൾ പ്രകാരം പാർലിമെന്റ്, നിയമസഭാ അംഗങ്ങൾക്ക് ക്രിമിനൽ കോടതിയിൽ പ്രോസിക്യൂഷൻ നടപടിയിൽ നിന്ന് പരിരക്ഷയുണ്ടെന്നാണ് പഴയ വിധി. അഴിമതിക്ക് ഒരുവിധ ഭരണഘടനാ പരിരക്ഷയുമില്ലെന്നും 1998ലെ വിധിപ്രസ്താവം വൈരുധ്യാത്മകമാണെന്നും വോട്ടിനും പ്രസംഗത്തിനും കോഴ വാങ്ങുന്നത് ജനാധിപത്യത്തെ നശിപ്പിക്കുന്നതിന് തുല്യമാണെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി.

അവിശ്വാസ പ്രമേയത്തെ അതിജീവിക്കാൻ പി വി നരസിംഹ റാവു സർക്കാർ എം പിമാരെ വിലക്കെടുത്ത സംഭവമാണ് കുപ്രസിദ്ധമായ ജെ എം എം കേസ്. 1991ൽ ഒരു രാഷ്ട്രീയ പാർട്ടിക്കും മുന്നണിക്കും ഭൂരിപക്ഷമില്ലാത്ത തൂക്കുപാർലിമെന്റായിരുന്നു. ഏറ്റവും വലിയ ഒറ്റകക്ഷിയായ കോൺഗ്രസ്സ് അന്ന് പ്രാദേശിക പാർട്ടികളുടെ പിന്തുണയോടെ നരസിംഹ റാവുവിന്റെ നേതൃത്വത്തിൽ സർക്കാർ രൂപവത്കരിച്ചു. എന്നാൽ, രണ്ട് വർഷത്തിന് ശേഷം, 1993ൽ സി പി എം അംഗം അജോയ് മുഖോപാധ്യായ പാർലിമെന്റിന്റെ വർഷകാല സമ്മേളനത്തിൽ റാവു സർക്കാറിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നു. അന്ന് പുറത്തു നിന്നുള്ളവരുടേതടക്കം 251 പേരുടെ പിന്തുണ റാവു സർക്കാറിന് ഉണ്ടായിരുന്നെങ്കിലും 265 വോട്ട് ലഭിക്കുകയും സർക്കാർ അവിശ്വാസ പ്രമേയത്തെ അതിജീവിക്കുകയും ചെയ്തു. ഝാർഖണ്ഡ് മുക്തി മോർച്ച (ജെ എം എം) എം പിമാർ ഉൾപ്പെടെ പ്രതിപക്ഷത്തെ ചിലർ സർക്കാറിന് അനുകൂലമായി വോട്ട് ചെയ്തതാണ് അവിശ്വാസം പരാജയപ്പെടാൻ ഇടയാക്കിയത്.

ഇതോടെ ജെ എം എം. എം പിമാരെ സർക്കാർ വിലക്കെടുത്തതാണെന്ന ആരോപണം ഉയർന്നു. അവിശ്വാസം പരാജയപ്പെട്ടതിന്റെ രണ്ടാം ദിവസം പഞ്ചാബ് നാഷനൽ ബേങ്കിന്റെ നാല് അക്കൗണ്ടുകളിലായി ജെ എം എം നേതാക്കൾക്ക് 1.62 കോടി നിക്ഷേപിച്ചതിന്റെ തെളിവുസഹിതമുള്ള വാർത്ത പുറത്തു വന്നു. കോഴക്കേസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ മുക്തി മോർച്ച സി ബി ഐക്ക് പരാതി നൽകി. സി ബി ഐ ആദ്യം വിമുഖത പ്രകടിപ്പിച്ചെങ്കിലും ഹൈക്കോടതി ഇടപെട്ടതോടെ അന്വേഷിച്ച് നാല് ജെ എം എം നേതാക്കളെ അറസ്റ്റ് ചെയ്തു.

ഈ കേസിലാണ് ഭരണഘടനയുടെ 105ാം അനുഛേദം ചൂണ്ടിക്കാട്ടി ജെ എം എം നേതാക്കളെ 1998ൽ സുപ്രീം കോടതി കുറ്റവിമുക്തരാക്കിയത്. എം പിമാർ പാർലിമെന്റിലോ പാർലിമെന്റ്സമിതികളിലോ പറഞ്ഞതോ വോട്ട് ചെയ്തതോ സംബന്ധിച്ച് കോടതി നടപടികൾ നേരിടാൻ ബാധ്യസ്ഥരല്ലെന്നാണ് ഭരണഘടനയുടെ 105-ാം അനുഛേദത്തിൽ പറയുന്നത്. അനുഛേദം 194 പ്രകാരം ഇതേ പരിരക്ഷ എം എൽ എമാർക്കും ലഭിക്കുന്നു. എന്നാൽ, കോഴ പോലുള്ള ക്രിമിനൽ കുറ്റങ്ങൾ ഈ അനുഛേദങ്ങളുടെ പരിധിയിൽ വരില്ലെന്നും 1998ലെ കോടതി നിരീക്ഷണം ന്യായയുക്തമല്ലെന്നും അന്നുതന്നെ പല നിയമജ്ഞരും ചൂണ്ടിക്കാട്ടിയതാണ്.
ഈ വീക്ഷണത്തെ ശരിവെക്കുന്നതാണ് തിങ്കളാഴ്ചത്തെ ഏഴംഗ ബഞ്ചിന്റെ വിധി. നേരത്തേ കേരള നിയമസഭയിൽ നടന്ന കൈയാങ്കളിയുമായി ബന്ധപ്പെട്ട കേസിലും നിയമനിർമാണ സഭകളിലെ അംഗങ്ങളുടെ പ്രത്യേക അവകാശം ക്രിമിനൽ പ്രവർത്തികൾക്ക് പരിരക്ഷ നൽകുമെന്ന നിലപാട് ഭരണഘടനാ വ്യവസ്ഥയോടുളള വഞ്ചനയാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
നിയമ നിർമാണ സഭകളിലെ ചർച്ചകളിൽ സ്വതന്ത്രമായും നിർഭയമായും പങ്കെടുക്കുന്നതിനും തടസ്സങ്ങളില്ലാതെ ചുമതലകൾ നിർവഹിക്കുന്നതിനുമാണ് സാമാജികർക്ക് 105, 194 അനുഛേദങ്ങൾ പ്രകാരമുള്ള പ്രത്യേക അവകാശം. വോട്ടിന് കോഴ വാങ്ങുന്നതും സഭകളിൽ പോർവിളിയും കൈയാങ്കളിയും നടത്തുന്നതും സാമാജികരുടെ പ്രവർത്തനങ്ങളിൽ പെട്ടതല്ല. ഇത്തരം വേണ്ടാത്തരങ്ങൾക്കും അതിക്രമങ്ങൾക്കും 105, 194 അനുഛേദങ്ങൾ ദുരുപയോഗപ്പെടുത്തിയാൽ ഭരണഘടന മുന്നോട്ടുവെക്കുന്ന ലക്ഷ്യങ്ങൾ തന്നെ അട്ടിമറിക്കപ്പെടും. ആദ്യകാല രാഷ്ട്രീയ നേതാക്കളെ അപേക്ഷിച്ച് സത്യസന്ധതയും ധാർമിക ബോധവും അഴിമതിവിരുദ്ധ ചിന്താഗതിയും കുറഞ്ഞുവരികയാണ് ഇന്നത്തെ നേതാക്കളിൽ. അഴിമതി വിഷയത്തിൽ അവർക്ക് നിയമപരിരക്ഷ ലഭിക്കുക കൂടി ചെയ്താൽ ഈ പ്രവണത വർധിക്കുകയും ജനാധിപത്യം പണാധിപത്യത്തിന് വഴിമാറുകയും ചെയ്യും.

അധികാരമുണ്ടെങ്കിൽ എന്തുമാകാമെന്ന നിലപാടും ധാർഷ്ട്യവും ജനപ്രതിനിധികൾ തിരുത്തേണ്ടതുണ്ട്. ക്രിമിനൽ കുറ്റങ്ങൾ ചെയ്താൽ അതുമായി ബന്ധപ്പെട്ട നിയമനടപടികൾ അവർക്കും ബാധകമാണ്. ബാധകമാകുകയും വേണം. നിയമവാഴ്ച ജനാധിപത്യത്തിന്റെ ആധാരശിലയാണ്. മറ്റുള്ളവരേക്കാൾ കൂടുതൽ ബാധ്യതയുണ്ട് നിയമവാഴ്ച ഉറപ്പ് വരുത്തുന്നതിൽ നിയമസഭാ, പാർലിമെന്റ് പ്രതിനിധികൾക്ക്. മോന്തായം വളഞ്ഞാൽ കഴുക്കോലുകൾക്കും വളവ് വരാതിരിക്കില്ല. ഭരണഘടനയെ ദുർവ്യാഖ്യാനം ചെയ്യുന്നവർക്കുള്ള തിരിച്ചടിയും ജനാധിപത്യത്തിനു ശക്തിപകരുന്നതുമാണ് ഏഴംഗ ഭരണഘടനാ ബഞ്ചിന്റെ വിധി.

---- facebook comment plugin here -----

Latest