Kerala
മധ്യസ്ഥ ചര്‍ച്ച പരാജയം; നഴ്സുമാർ നാളെ മുതൽ അനിശ്ചിതകാല സമരത്തിന്
നാളെ മുതല്‍ വീണ്ടും അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും യുണൈറ്റഡ് നഴ്സസ് അസോസ്സിയേഷന്‍ അറിയിച്ചു.
തിരുവനന്തപുരം| സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണത്തില്‍ മധ്യസ്ഥ ചര്‍ച്ച പരാജയം. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനും മാനേജ്‌മെന്റുകളും തമ്മില്‍ നടത്തിയ ചര്‍ച്ചയാണ് പരാജയപ്പെട്ടത്. നാളെ മുതല്‍ വീണ്ടും അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും യുണൈറ്റഡ് നഴ്സസ് അസോസ്സിയേഷന്‍ അറിയിച്ചു. ധാരണ ആവാത്ത ആശുപത്രികളില്‍ സമ്പൂര്‍ണ പണിമുടക്ക് നടത്തുമെന്ന് യു എന്‍ എ പറഞ്ഞു.
ആശുപത്രികളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ച സാഹചര്യത്തില്‍ ഹൈക്കോടതി ഇടപെട്ടാണ് മാനേജ്മെന്റും യു എന്‍ എയും തമ്മില്‍ ചര്‍ച്ച നടത്തിയത്. കഴിഞ്ഞ ദിവസം ഹൈക്കോടതിയിലെ മീഡിയേഷന്‍ സെന്ററില്‍ മധ്യസ്ഥ ചര്‍ച്ച നടന്നെങ്കിലും പ്രശ്നപരിഹാരമായില്ല. തുടര്‍ന്നാണ് കൂടുതല്‍ സമയം വേണമെന്ന ആവശ്യം മധ്യസ്ഥന്‍ അറിയിച്ചത്.
മിനിമം വേതനം 40,000 രൂപയാക്കണമെന്നാവശ്യപ്പെട്ടാണ് നഴ്‌സുന്മാര്‍ സമരം നടത്തിയത്. സമരം കടുത്തതോടെയാണ് ഹൈക്കോടതി ഇടപെട്ടത്. സ്വകാര്യ മാനേജ്‌മെന്റ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് ഹൈക്കോടതി ഇടപെടല്‍.
തങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ ചില ആശുപത്രി മാനേജ്മെന്റുകള്‍ അംഗീകരിച്ചിട്ടുണ്ടെങ്കിലും മറ്റു ചിലര്‍ അതിന് തയാറായിട്ടില്ലെന്നും ഇക്കാര്യത്തില്‍ കൃത്യമായ വ്യക്തത വരണമെന്നുമാണ് യുഎന്‍എ കോടതിയെ അറിയിച്ചത്.







