Connect with us

ആത്മായനം

നിർത്തിവെക്കാനുള്ളതല്ല;റമസാനിന്റെ ശീലങ്ങൾ

വിശപ്പു ഭക്ഷിച്ചു കഴിയുന്നവരുടെ മൂല്യം നമ്മളറിഞ്ഞിട്ടുണ്ട്. യഥേഷ്ടം വിഭവങ്ങളുണ്ടാക്കി ധാരാളം വെറുതെ കളയുന്ന സ്വഭാവത്തെയൊക്കെ ഈ കാലം തിരുത്തിയിട്ടുണ്ട്. വിശപ്പിന്റെ ഉൾവിളികൾ നമ്മളൊരു തുള്ളിയെങ്കിലും തിരിച്ചറിഞ്ഞു കാണും. അരുത് ഇനി അപരരാരും വിശപ്പു സഹിക്കേണ്ടി വരരുത്. നമ്മുടെ തീൻമേശയിൽ ഭക്ഷണം ചിന്തരുത്.

Published

|

Last Updated

താ ഒരു വസന്തകാലം പെയ്തൊഴിഞ്ഞു. വിശ്വാസികളുടെ ഹൃദയങ്ങളിൽ സുകൃതങ്ങളുടെ പൂമരങ്ങൾ പൂത്തുലഞ്ഞു നിൽക്കുന്നു. ഒരു കൊടും ചൂടിനും കരിച്ചുകളയാനാകാത്ത വിധം തീവ്രശേഷിയുണ്ടതിന്, പൈശാചികതയുടെ പുഴുക്കുത്തേൽക്കാത്തവിധം വേരുറപ്പുണ്ടതിന്.
പക്ഷേ, ഈ പ്രതിരോധ ശക്തികളെല്ലാം വിശ്വാസദാർഢ്യം കൊണ്ടും അതിജാഗ്രത (തഖ്്വ) കൊണ്ടും ഉണ്ടായതാണ്. ആ ശേഷികളൊക്കെയും ചോരാതെ സൂക്ഷിക്കൽ നമ്മളോരോരുത്തരുടെയും ബാധ്യതയാണ്.റമസാൻ നമ്മിൽ തുന്നിച്ചേർത്ത നന്മകൾ ഒട്ടും ചോരുകയോ ഇല്ലാത്ത തിന്മകൾ ചേരുകയോ അരുത്.

പൂർവ്വസ്വൂരികളുടെ അധ്യാപനം ഇങ്ങനെയാണ്:
നന്മകൾ തുടരുകയെന്നത് ചെയ്ത നന്മകളുടെ അനുരണനങ്ങളത്രേ. തിന്മകൾ തുടരുകയെന്നത് ചെയ്ത തിന്മക്കുള്ള തിരിച്ചടികളും (തഫ്സീർ ഇബ്നു കസീർ 2/498 )
ആഇശ ബീവി (റ) യോടൊരിക്കല്‍ തിരുനബിയുടെ സുകൃതങ്ങളെ കുറിച്ച് ചോദിക്കപ്പെട്ടു. അവിടുന്ന് ചെയ്യുന്നതെന്തും തുടർച്ചയുള്ള കര്‍മങ്ങളായിരുന്നുവെന്നായിരുന്നു മഹതിയുടെ മറുപടി.

മറ്റൊരു തിരുവരുൾ നോക്കൂ: എത്ര ഹ്രസ്വമാണെങ്കിലും റബ്ബിനിഷ്ടം നിത്യമായി ചെയ്യുന്ന സുകൃതങ്ങളത്രെ. സൂറത്തു മർയമിന്റെ 96-ാം ആയത്ത് പങ്ക് വെക്കുന്ന ആശയവും സമാനം.
“വിശ്വാസത്തെയും സുകൃതങ്ങളെയും നിരന്തരം കൂടെ കരുതിയവരോട് കാരുണ്യവാൻ സ്നേഹബന്ധം ചേർക്കുമത്രേ’.

കേവലം നിമിഷപ്പൊലിമയുള്ള കർമങ്ങൾ ആത്മാവിനെ സ്വാധീനിക്കില്ലെന്ന് സാരം. ക്യാമ്പയിൻ കാലത്തു മാത്രമല്ല തുടർന്നങ്ങോട്ടുള്ള ചിട്ടയേ കൂടി അടിസ്ഥാനമാക്കിയാണ് ദൗത്യങ്ങളുടെ മൂല്യം അളക്കപ്പെടുക. റമസാനില്‍ നാം ചെയ്ത സദ്കര്‍മങ്ങള്‍ എത്ര കുറവാണെങ്കിലും തുടര്‍ന്നും ജീവിതത്തിന്റെ ഭാഗമാക്കാന്‍ ഉത്സാഹം കാണിക്കണം.

സഹൃദയരേ, റമസാൻ ബൃഹത്തായ പാഠശാലയായിരുന്നല്ലോ? നമ്മുടെ സ്വഭാവനിർമിതിയിൽ പരിശുദ്ധ മാസം ചെലുത്തിയ സ്വാധീനം വിസ്മയിപ്പിക്കുന്നതാണ്. കരുണയുടെ പാഠം പഠിപ്പിച്ച പ്രാരംഭ ദിനങ്ങൾ, വിട്ടുവീഴ്ചാ മനോഭാവത്തെ ഉള്ളിൽ കൊത്തിവെച്ച മധ്യകാലങ്ങൾ, സർവരും സ്വർഗസ്തരാകണമെന്ന ചിന്തയെ അകത്തു സന്നിവേശിപ്പിച്ച സമാപന നിമിഷങ്ങൾ… ഒരു മാസം നീണ്ട ഉപവാസത്തിനിടെ നാമാരും ഞാനിലേക്ക് ചുരുങ്ങിയില്ല; ഓരോരുത്തരും എല്ലാവരുടേതുമായിരുന്നു. വയറു കത്തിക്കാളുന്നവനെ സമൃദ്ധമായ് ഊട്ടാനും പ്രാരാബ്ധങ്ങളിൽ ശ്വാസം കിട്ടാതെ നിന്നവർക്ക് ആശ്വാസമേകാനും മതജാതിവർണ വൈജാത്യങ്ങൾക്കപ്പുറത്തേക്ക് മാനവികതയുടെ ഭൂപടത്തെ വിശാലമായ് വരക്കാനും വിശ്വാസികളെ റമസാൻ പഠിപ്പിച്ചു. വിശ്വാസികളിൽ വെറുപ്പിന്റെയോ അരാഷ്ട്രീയതയുടെയോ വിത്തുണ്ടാവരുത്. അത് പൈശാചിക നിർമിതിയാണ്. അല്ലാഹു പറയുന്നു “ആരെങ്കിലും എന്റെ വാക്കുകൾ മുറുകെ പിടിച്ചാൽ പിശാചിന്റെ കുതന്ത്രങ്ങളിൽ നിന്ന് ഞാനവനെ അകറ്റുന്നതാണ്’. ദേഹേച്ഛയെ വിവേകം കൊണ്ട് മറികടക്കാൻ റമസാനിൽ നാം പരിശീലിച്ചിട്ടുണ്ട്. ആ വിവേകമാണ് തുടർന്നങ്ങോട്ടും നയിക്കേണ്ടത്.

വിശപ്പു ഭക്ഷിച്ചു കഴിയുന്നവരുടെ മൂല്യം നമ്മളറിഞ്ഞിട്ടുണ്ട്. യഥേഷ്ടം വിഭവങ്ങളുണ്ടാക്കി ധാരാളം വെറുതെ കളയുന്ന സ്വഭാവത്തെയൊക്കെ ഈ കാലം തിരുത്തിയിട്ടുണ്ട്. വിശപ്പിന്റെ ഉൾവിളികൾ നമ്മളൊരു തുള്ളിയെങ്കിലും തിരിച്ചറിഞ്ഞു കാണും. അരുത് ഇനി അപരരാരും വിശപ്പു സഹിക്കേണ്ടി വരരുത്. നമ്മുടെ തീൻമേശയിൽ ഭക്ഷണം ചിന്തരുത്. പാത്രത്തിൽ നിന്ന് തെറിച്ച വറ്റ് പോലും വൃത്തിയാക്കി കഴിക്കണമെന്നതാണ് മതം. സഹജീവി പട്ടിണി കിടക്കേ വയറുനിറക്കുന്നവൻ ഈ ശ്രേണിയുടെ ഭാഗമേയല്ല എന്നതുമതേ. ഫിത്വർ സകാത്തിലൂടെ ദാരിദ്ര്യ നിർമാർജനത്തിന്റെ ശാസ്ത്രീയ രീതിയെ നിർബന്ധപൂർവം ശീലിപ്പിക്കുകയായിരുന്നു. ആ ശീലം അടുത്ത റമസാനാകാൻ കാത്തിരിക്കാതെ തുടരണം. ഓരോരുത്തരുടെയും ആവശ്യങ്ങൾ തന്നാലാകും വിധം നിറവേറ്റാൻ മനസ്സ് വേണം.

ആരാധനാ കാര്യങ്ങളിൽ ഒരു മുഴം കൂടി ജാഗ്രത നമുക്കുണ്ടായിരുന്നു. സമയനിഷ്ഠയോടെ നിസ്കാരവും നോമ്പും ഖുർആൻ പാരായണവും നിർവഹിച്ചിരുന്നല്ലോ, ഒന്നും താറുമാറാവരുത്. വൈൽ (നരകത്തിലെ ബീഭത്സ കേന്ദ്രം) അശ്രദ്ധരായ നിസ്കാരക്കാർക്കുള്ളതാണെന്ന കാര്യമോർമയിലില്ലേ?

ഖുർആൻ തുറന്നു നോക്കാത്ത വിധം പൂട്ടി വെക്കരുത്. ആയത്തുകൾ നിരന്തരം നമ്മോട് സംവദിക്കുകയാണ്. തുറന്ന മനസ്സോടെ നാം ഖുർആനിന്റെ പ്രേക്ഷകരാകണം. ഹൃദയം കൊണ്ട് ഓതുന്നവരാണ് വിശുദ്ധ ഗ്രന്ഥത്തിന്റെ നല്ല പ്രേക്ഷകൻ. അടുത്ത റമസാൻ വരും മുമ്പ് നിരവധി ഖത്മുകൾ തീർക്കണം നമുക്ക്. തയ്യാറല്ലേ ?

അതിലെല്ലാം ഉപരി വാക്കിലും നോക്കിലും ആലോചനകളിലും ചലന നിശ്ചലനങ്ങളിലും റമസാൻ നമ്മെ ശുദ്ധീകരിച്ചിട്ടുണ്ട്. ആത്മാവിനെ കഴുകി വെടിപ്പാക്കി സ്ഫടികസമാനമാക്കിയിട്ടുണ്ട്. ചേറ് പുരട്ടരുത് , തെളിമ നഷ്ടപ്പെടുത്തരുത്. തെറ്റുകളോട് അറച്ചു നിൽക്കുന്ന മനസ്സ് പരുവപ്പെടുത്തി തുടരാം.

---- facebook comment plugin here -----

Latest