International
നേപ്പാള്‍ മിന്നല്‍ പ്രളയം: 2,500 ലധികം പേരെ ഇപ്പോഴും കാണാനില്ല; മരണസംഖ്യ 800 കടന്നു
കാണാതായ ഏഴ് മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ കണ്ടെത്തുന്നതിനായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി
കാഠ്മണ്ഡു | നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ 2,500 ലധികം പേരെ ഇപ്പോഴും കാണാനില്ല. ഇവര്‍ക്കായി തിരച്ചില്‍ തുടരുന്നു. മരണസംഖ്യ 800 കടന്നു.കാണാതായ ഏഴ് മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ കണ്ടെത്തുന്നതിനായുള്ള തെരച്ചില്‍ ഊര്‍ജിതമായി നടക്കുന്നു. 275 ഇന്ത്യന്‍ പൗരന്മാരും 128 ഇന്ത്യന്‍ വംശജരും ഉള്‍പ്പെടെ നൂറുകണക്കിന് വിദേശികളെക്കുറിച്ചാണ് നിലവില്‍ വിവരമില്ലാത്തതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
തങ്ങളുടെ 85 പൗരന്‍മാരെ കണ്ടെത്താനുണ്ടെന്നും ഒമ്പതു പേരെയാണ് ഇതുവരെ രക്ഷിച്ചതെന്നും അമേരിക്ക അറിയിച്ചു. തമിഴ്‌നാട്ടില്‍ നിന്ന് പോയ 49 പേരെ ടിബറ്റ് ഭാഗത്ത് കാണാതായിട്ടുണ്ട്. കാണാതായ മലയാളികളെ കുറിച്ചും പുതിയ സൂചനയൊന്നുമില്ല. പൊന്നാനി സ്വദേശികളായ നാലു പേര്‍ക്കായി ടിബറ്റിനോട് ചേര്‍ന്ന ചില മേഖലകളില്‍ തിരച്ചില്‍ നടക്കുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
രക്ഷപ്പെടുത്തിയവരുമായി പോയ ബസ് അപകടത്തില്‍പ്പെട്ട് 32 പേര്‍ക്ക് പരിക്കേറ്റുവെന്ന് നേപ്പാള്‍ പോലീസ് അറിയിച്ചു. ഇന്ത്യന്‍ കരസേനയുടെ വിദഗ്ധ സംഘം ജലവൈദ്യുത പദ്ധതികളുടെ തുരങ്കങ്ങളില്‍ തിരച്ചില്‍ തുടരുകയാണ്. നൂറിലധികം തൊഴിലാളികള്‍ തുരങ്കങ്ങളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതപ്പെടുന്നത്. കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസിയും വിദേശകാര്യ മന്ത്രാലയവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈന്‍ കേന്ദ്രങ്ങള്‍ വഴി സ്ഥിതിഗതികള്‍ വിലയിരുത്തി. കൈലാസ് മാനസരോവര്‍ തീര്‍ത്ഥാടകരും ജലവൈദ്യുത പദ്ധതികളില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികളുമാണ് കാണാതായവരിലധികവും.
Content Highlights: Search operations are underway in Nepal after flash floods left over 2,500 people missing and the death toll exceeded 800. Hundreds of foreigners, including 275 Indian citizens and seven Keralites, remain untraced. The Indian Army is conducting specialized operations in hydropower tunnels to rescue trapped workers.





