Connect with us

prathivaram story

നിലാവ്

നിങ്ങൾ നിങ്ങൾക്കൊന്നും വാങ്ങിച്ചില്ലേ ?' അവളുടെ ചോദ്യം അയാൾ കേട്ടില്ലെന്നു നടിച്ചു. കീറിത്തുടങ്ങിയ ഷർട്ട് ഹാങ്ങറിൽ തൂക്കുമ്പോൾ മക്കളും അവളും ചോദ്യം ആവർത്തിച്ചു.

Published

|

Last Updated

യാൾ അവർക്കൊപ്പം വ്യാപാര സമുച്ചയത്തിലേക്ക് കയറി. അവർക്ക് പലതും വാങ്ങിക്കാനുണ്ടത്രെ അവനവന്, മക്കൾക്ക് ഭാര്യക്ക്. കുപ്പായങ്ങൾ, കളിപ്പാട്ടങ്ങൾ, ചെരിപ്പുകൾ. ഷൂസുകൾ അങ്ങനെ ഏറെയേറെ.

അവരുടെ കവറുകൾ കൂടിഅയാൾ വാങ്ങിച്ചു കൈയിൽ പിടിച്ചിട്ടുണ്ട്.
അയാൾ അവർക്കു വേണ്ടി ചിരിച്ചുകൊണ്ട് നടക്കുന്നുണ്ട്.ഉള്ളിൽ കരയുന്ന അയാളെ അറിയാൻ അവർ ശ്രമിക്കുന്നുണ്ടായിരുന്നോ? അറിയില്ല. കഴിഞ്ഞ റമസാൻ കാലത്ത് അയാൾക്ക് ആ പകർച്ചപ്പനി കാരണം ജോലിയും കൂലിയും ഒന്നും ഉണ്ടായിരുന്നില്ല. ഇത്തവണ അങ്ങനെ ആവരുത് എന്ന് കരുതി അയാൾ പറ്റും പോലെ പണം കരുതി വെച്ചിട്ടുണ്ട്.

അയാൾ ഭാര്യക്കും രണ്ട് പെൺമക്കൾക്കും പെരുന്നാൾ സമ്മാനമായി ഓരോ കുപ്പായങ്ങൾ വാങ്ങിച്ചു. ഇനി ഒരെണ്ണം കൂടി വേണം. രണ്ട് വയസ്സുകാരൻ കുഞ്ഞുമോന്. വില ഒത്തുനോക്കി മുന്തിയതു തന്നെ അയാൾ വാങ്ങിച്ചു.

കൂട്ടുകാരന്റെ വലിയ കാറിന്റെ എയർകണ്ടീഷനിൽ നിന്ന് ഇറങ്ങി നടക്കുമ്പോൾ അയാൾ വിയർത്തു കുളിച്ചു.

എങ്കിലും തന്റെ കൈയിലുള്ള സമ്മാനങ്ങൾ കിട്ടുമ്പോൾ കുടുംബാംഗങ്ങളുടെ പ്രതികരണംഅയാളിൽ കുളിർമ പടർത്തി. തൊട്ടടുത്ത മസ്ജിദിൽ നിന്ന് മഗ്‌രിബ് ബാങ്ക് മുഴങ്ങി. ഭാര്യയും അയാളും വെള്ളം കുടിച്ച് നോമ്പു തുറന്നു. നിസ്കാരത്തിനു ശേഷം താൻ കൊണ്ടുവന്ന തുണികൾ അയാൾ ഓരോരുത്തർക്കും നൽകി.

“നിങ്ങൾ നിങ്ങൾക്കൊന്നും വാങ്ങിച്ചില്ലേ ?’
അവളുടെ ചോദ്യം അയാൾ കേട്ടില്ലെന്നു നടിച്ചു. കീറിത്തുടങ്ങിയ ഷർട്ട് ഹാങ്ങറിൽ തൂക്കുമ്പോൾ മക്കളും അവളും ചോദ്യം ആവർത്തിച്ചു.

“എനിക്കവിടെ ഒന്നും ഇഷ്ടമായില്ല’ എന്ന മറുപടി നൽകി അയാൾ തിരിഞ്ഞുനടന്നു.
റമസാൻ നിലാവ് തെളിയുന്നതും നോക്കി പൂമുഖപ്പടിയിൽ ഇരിക്കുമ്പോൾ പുറത്ത് അയാളുടെ ഉറ്റ ചങ്ങാതിയുടെ ബൈക്ക് വന്നു നിന്നു.

“എടാ ഇന്നാ അണക്ക് പെര്ന്നാൾ ന് ഇടാനുള്ള കുപ്പായം.നമ്മ്ടെ ചങ്ങായിക്കൂട്ടത്തിന്റെ യൂണിഫോം കുപ്പായാണിത്. മ്മക്ക് പെര്ന്നാളിന്റന്ന് ഫോട്ടോ എട്ക്കണം ടാ. ഞാം പോട്ടെ. നോമ്പ് തൊറന്ന് ത്തിരി വെള്ളം മാത്രമേ കുടിച്ചുള്ളൂ. പയ്ച്ച് ട്ട് വയ്യ’.
അയാൾ വണ്ടി തിരിച്ചുകൊണ്ട് പറഞ്ഞു.

” ബ് ടെ അനക്ക് തരാൻ…’
അയാളുടെ വാക്കുകൾ മുഴുവനാക്കും മുന്പ് കൂട്ടുകാരൻ പോയിക്കഴിഞ്ഞിരുന്നു.
പിറകിൽ വന്ന ഭാര്യ അയാളുടെ ചുമലിൽ കൈ ചേർത്തു കൊണ്ട് പറഞ്ഞു.
“അല്ലാഹു കരുണാമയനാണ്. ഇത്തവണ എല്ലാവർക്കും പെരുന്നാൾ കോടി കിട്ടി അല്ലെ’ അന്നത്തെ റമസാൻ നിലാവിന് കൂടുതൽ തെളിച്ചമുള്ളതുപോലെ അവർക്കു തോന്നി…

---- facebook comment plugin here -----

Latest