Editors Pick
പരിവാഹന്‍ വഴിയും പണം തട്ടിപ്പ്...
പരിവാഹന്‍ പോലുള്ള ആപ്പുകള്‍ വാട്സാപ്പില്‍ മെസേജ് ചെയ്യാറില്ല.

ഇനി സര്‍ക്കാര്‍ സൈറ്റുകൾ വഴി പണമടയ്ക്കുമ്പോഴും സൂക്ഷിക്കേണ്ടിയിരിക്കുന്നുവെന്നാണ് നിലവിലെ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.മുമ്പ് കെ.എസ്.ഇബിയുടെ പേരിൽ ഇത്തരം തട്ടിപ്പുകള്‍ നടത്തിയിരുന്നു. ഇപ്പോഴിതാ മോട്ടോര്‍ വാഹന വകുപ്പിന്‍റെ ഔദ്യോഗിക സൈറ്റായ പരിവാഹന്‍റെ വ്യാജ ആപ്പ് വഴിയും തട്ടിപ്പുകള്‍ അരങ്ങേറുന്ന വാര്‍ത്തകള്‍ വരുന്നു.
വ്യാജ പരിവാഹന്‍ സൈറ്റ് വഴി വാഹന ഉടമകള്‍ക്ക് സന്ദേശം അയച്ച് വന്‍തുക തട്ടിയതായാണ് പരാതി. 5000 രൂപ മുതല്‍ 98,500 രൂപ നഷ്ടപ്പെട്ട 20 പേരാണ് സൈബര്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. പട്ടികജാതി റിട്ട.ഉദ്യോഗസ്ഥനും പുരോഗമന കലാ സാഹിത്യ സംഘം തൃക്കാക്കര ഏരിയ പ്രസിഡന്റുമായ എന്‍എച്ച് അന്‍വറിനാണ് 98,500 രൂപയാണ് നഷ്ടമായത്.
ഗതാഗത നിയമം ലംഘിച്ച അന്‍വറിന്റെ കാര്‍ കസ്റ്റഡിയിലാണെന്നും 1000 രൂപ പിഴ അടച്ചാലേ വിട്ടുതരൂവെന്നുമാണ് പരിവാഹന്‍ സൈറ്റില്‍ നിന്ന് രാത്രി 12 ന് വാട്ആപ്പില്‍ ലഭിച്ച സന്ദേശം. മകന്‍ കാറില്‍ വിനോദയാത്ര പോയതിനാല്‍ സന്ദേശം വിശ്വസിച്ച അന്‍വര്‍ കൂടുതല്‍ വിവരങ്ങളറിയാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്തു.തുടര്‍ന്ന് ഫോണിലേക്ക് ഒട്ടേറെ സന്ദേശങ്ങളും ഫോണ്‍ കോളുകളും എത്തി. പിന്നീട് 3 തവണകളായി 50,000 രൂപ, 45,000 രൂപ, 3500 രൂപ എന്നിങ്ങനെ തുകകള്‍ മറ്റൊരു അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായി സന്ദേശമെത്തി.ബാങ്കിലെത്തി പരിശോധിച്ചപ്പോഴാണ് തട്ടിപ്പാണെന്ന് മനസിലായത്. തുടര്‍ന്ന് അന്‍വര്‍ സൈബര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഈ തട്ടിപ്പില്‍ ഇരയായവരുടെ ഭാഗത്തും കാര്യമായ അശ്രദ്ധയുണ്ടായിട്ടുണ്ടെന്ന് കാണാം. പരിവാഹന്‍ പോലുള്ള ആപ്പുകള്‍ വാട്സാപ്പില്‍ മെസേജ് ചെയ്യാറില്ല. ടെക്സ്റ്റ് മെസേജിനൊപ്പം സൈറ്റ് ലിങ്ക് നല്‍കി അക്ഷയ കേന്ദ്രം വഴിയോ സൈറ്റ് വഴിയോ പണമടയ്ക്കാനാണ് വകുപ്പ് പറയാറ്. അതിനായി അവര്‍ സമയവും നല്‍കാറുണ്ട്.
നിയമപ്രകാരം രജിസ്റ്റർ ചെയ്ത വാഹനങ്ങള്‍ പിടിച്ചു കഴിഞ്ഞാല്‍ പിഴയിട്ട് വാഹനങ്ങള്‍ വിട്ടുകൊടുക്കുകയാണ് പതിവ്. പിഴയടക്കാന്‍ അവിടെയും സാവകാശം കാണും.ഇത്തരം മെസേജുകള്‍ വരുമ്പോള്‍ ഭയപ്പെടാതിരിക്കുകയും യുക്തിബോധം കൈവിടാതിരിക്കുകയും വേണം.വസ്തുതകള്‍ വിളിച്ചന്വേഷിക്കുന്നത് ഗുണം ചെയ്യും. പണമടക്കുന്ന സൈറ്റ് വ്യാജനാണോ എന്ന് പരിശോധിക്കുകയും വേണം. സംശയം തോന്നിയാല്‍ പോലീസിലറിയിക്കുന്നതാണ് നല്ലത്.