Connect with us

Malappuram

ന്യൂനപക്ഷ ക്ഷേമ മന്ത്രി വകുപ്പിൽ കാര്യമക്ഷമമായി ഇടപെടണം: കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി

നിലവിലെ സാമ്പത്തിക വർഷത്തേക്ക് അനുവദിക്കപ്പെട്ട 63.0 കോടി രൂപയിൽ കേവലം 2.79% മാത്രമാണ് വിനിയോഗിച്ചത് എന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. ഇത് ഞെട്ടിപ്പിക്കുന്നതാണെന്ന് കമ്മിറ്റി

Published

|

Last Updated

മലപ്പുറം | പുറത്തു വരുന്ന വിവരങ്ങൾ ശരിയാണെങ്കിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ന്യൂനപക്ഷ വിഭാഗങ്ങൾക്കായുള്ള പദ്ധതി നടത്തിപ്പിൽ അടിയന്തിരമായി ഇടപെടണമെന്ന് കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാനത്തെ 47 ശതമാനം വരുന്ന ന്യൂനപക്ഷ വിഭാഗങ്ങൾക്കായി ബജറ്റിൽ നീക്കിവെക്കുന്ന തുക തന്നെ കുറവായിരിക്കെ അത് യഥാസമയം വിനിയോഗിക്കാതെ നഷ്ടപ്പെടുത്തുന്നത് അതീവ ഗുരുതരവും ന്യൂനപക്ഷ സമുദായങ്ങളോടുള്ള വെല്ലുവിളിയും ആണെന്ന് കമ്മിറ്റി ചൂണ്ടിക്കാണിച്ചു.

നിലവിലെ സാമ്പത്തിക വർഷത്തേക്ക് അനുവദിക്കപ്പെട്ട 63.0 കോടി രൂപയിൽ കേവലം 2.79% മാത്രമാണ് വിനിയോഗിച്ചത് എന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. ഇത് ഞെട്ടിപ്പിക്കുന്നതാണ് . അതിനാൽ ഇക്കാര്യത്തിൽ അതീവ ഗൗരവത്തോടെ മന്ത്രി തന്നെ നേരിട്ട് അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥർക്ക് എതിരെ കർശന നടപടിയെടുത്ത് ജനാധിപത്യ മര്യാദ കാണിക്കണമെന്നും കമ്മിറ്റി അഭ്യർത്ഥിച്ചു.

പദ്ധതി നടത്തിപ്പിലെ അപേക്ഷ ക്ഷണിക്കുന്നത് മുതലുള്ള ഗുരുതരമായ വീഴ്ചകൾ വകുപ്പിൽ നിത്യ സംഭവമായി മാറിയിരിക്കുന്നു. ഇക്കാര്യങ്ങളിൽ എല്ലാം അടിയന്തര പരിഹാരമാണ് ന്യൂനപക്ഷ സമൂഹം പ്രതീക്ഷിക്കുന്നതെന്നും കമ്മറ്റി ഓർമ്മപ്പെടുത്തി. പദ്ധതികൾക്കായി വകയിരുത്തിയ തുക ഒരു കാരണവശാലും നഷ്ടപ്പെടാതെ ന്യൂനപക്ഷസമുദായ ക്ഷേമ പ്രവർത്തനങ്ങൾക്കായി തന്നെ ഉറപ്പ് വരുത്തണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

ജില്ല പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി അധ്യക്ഷത വഹിച്ചു. ഊരകം അബ്ദുറഹ്മാൻ സഖാഫി, കെ.കെ എസ് തങ്ങൾ, മുഹമ്മദ് ഹാജി മൂന്നിയൂർ, സയ്യിദ് സ്വലാഹുദ്ധീൻ ബുഖാരി, പി.എസ് കെ. ദാരിമി എടയൂർ, യൂസ്‍ഫ് ബാഖവി, അലവിക്കുട്ടി ഫൈസി, പി കെ എം ബശീർ സി കെ യു മൗലവി മോങ്ങം, കെ പി  ജമാൽ കരുളായി, മുഹമ്മദ് പറവൂർ, കെ ടി  ത്വാഹിർ സഖാഫി ,അലിയാർ കക്കാട് സംബന്ധിച്ചു

Latest