Connect with us

Uae

ദുബൈ വിമാനത്താവളങ്ങളിൽ പ്രവേശിക്കാൻ മാസ്‌ക് നിർബന്ധമല്ല 

എമിറേറ്റ്‌സ് എയർലൈൻസ്, ഫ്ലൈ ദുബൈ വിമാനങ്ങളിൽ യാത്രക്കാർ മാസ്‌ക് ധരിക്കേണ്ടതില്ല.

Published

|

Last Updated

ദുബൈ | ദുബൈ രാജ്യാന്തര വിമാനത്താവളങ്ങളിൽ പ്രവേശിക്കാൻ മാസ്‌ക് നിർബന്ധമല്ലെന്ന് അധികൃതർ അറിയിച്ചു. ദുബൈയിലേക്കുള്ള എമിറേറ്റ്‌സ് എയർലൈൻസ്, ഫ്ലൈ ദുബൈ വിമാനങ്ങളിൽ യാത്രക്കാർ മാസ്‌ക് ധരിക്കേണ്ടതില്ല. അതേസമയം മറ്റു വിമാനക്കമ്പനികൾക്ക് സ്വന്തം നിലയിൽ തീരുമാനമെടുക്കാം.

യു എ ഇയിൽ മാസ്‌ക് നിർബന്ധമല്ലാതാക്കിയതുൾപെടെ കൊവിഡ് പ്രതിരോധ നിബന്ധനകളിൽ ഇളവ് വരുത്തിയ ഉത്തരവ് പ്രാബല്യത്തിലായി. ആരാധനാലയങ്ങളിൽ ശാരീരിക അകലം പാലിക്കേണ്ടെന്ന നിർദേശം നടപ്പായി. കൊവിഡിന് ശേഷം ആദ്യമായാണ് നിയമപരമായി, സാമൂഹിക അകലം പാലിക്കാതെ മസ്ജിദുകളിൽ നിസ്‌കാരം നടന്നത്. അധികാരികൾ ആരാധനാലയങ്ങളിൽ നിയന്ത്രണങ്ങൾ എല്ലാം ലഘൂകരിച്ചു. അംഗശുദ്ധി വരുത്തുന്ന ഇടങ്ങളിലും കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ വേണ്ടെന്നുവെച്ചു.

2020ന്റെ തുടക്കത്തിലാണ് നിയന്ത്രണങ്ങൾ കൊണ്ടുവന്നത്. ആദ്യം ആരാധനാ കർമങ്ങൾ വീട്ടിലാക്കാൻ ഉപദേശിച്ചു. എട്ട് മാസത്തെ ഇടവേളക്ക് ശേഷം, സാമൂഹിക അകലം പാലിച്ചും കർശനമായ മാസ്‌ക് നിയമങ്ങൾ പാലിച്ചും വെള്ളിയാഴ്ച നിസ്‌കാരം മസ്ജിദുകളിൽ അനുവദിച്ചു. കഴിഞ്ഞ വർഷം സെപ്തംബറിൽ, ആരാധകർ തമ്മിലുള്ള ശാരീരിക അകലം രണ്ട് മീറ്ററിൽ നിന്ന് 1.5 മീറ്ററായി കുറച്ചു. ഈ വർഷം ഫെബ്രുവരിയിൽ ഒരു മീറ്ററായി. അതേസമയം മസ്ജിദിനകത്തു ഇപ്പോഴും മാസ്‌ക് ധരിക്കണം. യു എ ഇയിൽ കൊവിഡ്‌ കേസുകളിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതോടെയാണ് നിയമങ്ങളിൽ കഴിഞ്ഞ ദിവസം വലിയ ഇളവ് വരുത്തിയത്.

Latest