Kerala
പരാക്രമം കോടതിയിലും; വിമാനത്തിലെ എമര്‍ജന്‍സി ഡോര്‍ തുറക്കാന്‍ ശ്രമിച്ച യുവാവ് മജിസ്ട്രേറ്റിന് മുന്നില്‍ ജാമ്യപേപ്പര്‍ വലിച്ചുകീറി
യുവാവിന് പ്രാഥമിക പരിശോധനയില്‍ ഗുരുതരമായ മാനസിക പ്രശ്‌നങ്ങളൊന്നും കണ്ടെത്താനായിട്ടില്ലെന്നും ചോദ്യം ചെയ്യലും നിയമനടപടികളും തുടരുകയാണെന്നും പോലീസ്
കൊച്ചി| മലേഷ്യയില്‍ നിന്നും കൊച്ചിയിലേക്ക് വരികയായിരുന്ന വിമാനത്തില്‍ (Batik Air Flight) യാത്രയ്ക്കിടെ എമര്‍ജന്‍സി ഡോര്‍ (Emergency Exit) ബലമായി തുറക്കാന്‍ ശ്രമിച്ച് യാത്രക്കാരെ മുള്‍മുനയില്‍ നിര്‍ത്തിയ മലയാളി യുവാവിന്റെ പരാക്രമം കോടതിയിലും. സംഭവത്തില്‍ അറസ്റ്റിലായ പാലക്കാട് സ്വദേശി ജംഷീര്‍ അത്താണിക്കല്‍ ആണ് കോടതി മുറിക്കുള്ളിലും നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചത്. കേസ് പരിഗണിക്കുന്നതിനിടെ മജിസ്ട്രേറ്റിന് മുന്നില്‍ വെച്ച് ജംഷീര്‍ ജാമ്യാപേക്ഷാ പേപ്പറുകള്‍ ബലമായി വലിച്ചുകീറി എറിഞ്ഞു.
ഉടന്‍ പോലീസ് സംഘം ഇടപെട്ട് ഇയാളെ ബലപ്രയോഗത്തിലൂടെ പിടിച്ച് മാറ്റി. യുവാവിന് പ്രാഥമിക പരിശോധനയില്‍ ഗുരുതരമായ മാനസിക പ്രശ്‌നങ്ങളൊന്നും കണ്ടെത്താനായിട്ടില്ലെന്നും ചോദ്യം ചെയ്യലും നിയമനടപടികളും തുടരുകയാണെന്നും നെടുമ്പാശ്ശേരി പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം മലേഷ്യയിലെ ക്വാലാലംപൂരില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട ബാത്തിക് എയര്‍ വിമാനത്തിലാണ് കേസിനാസ്പദമായ സംഭവം. രാത്രി 9.30നും 11.00നും ഇടയില്‍ വിമാനം നെടുമ്പാശ്ശേരിയില്‍ ഇറങ്ങാന്‍ അരമണിക്കൂര്‍ മാത്രം ബാക്കിനില്‍ക്കെയാണ് ജംഷീര്‍ അക്രമസ്വഭാവം കാണിച്ചത്. എമര്‍ജന്‍സി റോയുടെ പാനല്‍ ചവിട്ടിത്തകര്‍ത്ത് അടിയന്തര വാതിലിന്റെ ലിവര്‍ പിടിച്ച് വലിച്ച് തുറക്കാന്‍ ശ്രമിക്കുകയായിരുന്നു. സഹയാത്രികരും കാബിന്‍ ക്രൂവും ചേര്‍ന്ന് സാഹസികമായാണ് യുവാവിനെ കീഴ്‌പ്പെടുത്തിയത്.
രാത്രി വിമാനം നെടുമ്പാശ്ശേരിയില്‍ ലാന്‍ഡ് ചെയ്ത ഉടന്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥരെത്തി ജംഷീറിനെ കസ്റ്റഡിയിലെടുത്ത് നെടുമ്പാശ്ശേരി പോലീസിന് കൈമാറുകയായിരുന്നു. ബാത്തിക് എയര്‍ അധികൃതരുടെ പരാതിയില്‍ വിവിധ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. കോടതിയിലെ പുതിയ സംഭവത്തിലും ഇയാള്‍ക്കെതിരെ കൂടുതല്‍ നടപടികളിലേക്ക് കടന്നിട്ടുണ്ട്. വിമാനത്തിലെ സഹയാത്രികര്‍ ചിത്രീകരിച്ച അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
Content Highlights:
A Palakkad native created panic aboard a Malaysia-Kochi flight by attempting to open the emergency exit. After his arrest by Nedumbassery police, he created drama in court by tearing his bail papers. Authorities confirmed he showed no mental issues as legal proceedings continue against him.



